Friday, July 26, 2013

സീസണ്‍ ടിക്കറ്റ്‌..

ഡിഗ്രി കഴിഞ്ഞപ്പോള്‍ പതിവ് പോലെ റിസള്‍ട്ട്‌ വരുന്നത് വരെ ഒരു കോഴ്സ് ചെയ്യാന്‍ ഞാനും തീരുമാനിച്ചു.... കണ്ടുപിടിച്ച കോഴ്സ് എറണാകുളത്തു ആയിരുന്നു.... അവിടെ പോയി താമസിച്ചു പഠിക്കുക എന്നത് കുറച്ചു ചിലവുള്ള കേസ് ആയതു കൊണ്ട് തൃശ്ശൂരിലെ ചെറിയച്ചന്റെ കൂടെ താമസിക്കാന്‍ തീരുമാനമായി... ഒളരിക്കരയിലെ ചെറിയച്ഛന്റെ വീട്ടില്‍ താമസം തുടങ്ങി... ഉച്ചക്ക് നേരത്തെ പതിനൊന്നു മണിക്ക് തന്നെ ലഞ്ചും കേറ്റി ഞാന്‍ ക്ലാസിനു പോവുമായിരുന്നു... യാത്രക്ക് ട്രെയിന്‍ തന്നെ ആശ്രയം... എറണാകുളത്തു പോവാന്‍ വേണ്ടി സീസണ്‍ പാസ്സ് നേരത്തെ എടുത്തിരുന്നു...

ഉച്ചക്ക് അറബിക്കടലിന്റെ റാണിയുടെ നെഞ്ചത്തേക്ക്...പോക്കും വരവും നെഞ്ചില്‍ തീയുമായി നടക്കുന്ന ട്രെയിനില്‍..., അങ്ങനെ ഒരു മൂന്നു മാസം... തൃശ്ശൂരുമായി ബന്ധപ്പെട്ട ഏതു ട്രെയിന്‍ യാത്രയിലും കൂടുതല്‍ കേള്‍ക്കുന്നത് ആനക്കഥകള്‍ ആയിരിക്കും... എന്നും ഈ ആനക്കഥ കേട്ട് കേട്ട് ഞാനും ഒരു തൃശൂര്‍ക്കാരനായിത്തുടങ്ങി... വൈകീട്ട് പാസ്സെഞ്ചര്‍ പിടിച്ചു തൃശ്ശൂരില്‍ ഇറങ്ങി സ്റ്റേഷന് പുറത്തെ തട്ടുകടയില്‍ ചെന്ന് കൊള്ളിയും കാടമുട്ടയും ചാംബി ഒളരിക്കര വരെ നടന്നും എന്‍റെ ദിവസങ്ങള്‍ തള്ളി നീക്കി...

അന്നത്തെ എന്‍റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ അന്നത്തെ ട്രെയിന്‍ യാത്ര തന്നെ ആയിരുന്നു, പിന്നെ വൈകീട്ടത്തെ കൊള്ളിയും മുട്ടയും... പോരാത്തതിന് അന്ന് പരിചയപ്പെട്ട മുഖങ്ങളും യാത്രാനുഭവങ്ങളും വളരെ രസകരമായിരുന്നു...

അങ്ങനെ ഒരു ദിവസം ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു... സൌത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അന്നൊരു പുതിയ ട്രെയിന്‍ നില്‍ക്കുന്നു... ബാംഗ്ലൂര്‍ എക്സ്പ്രസ്സ്‌ എന്ന പേരില്‍...., സീസണ്‍ ടിക്കെറ്റ് ഉള്ള ബലത്തില്‍ നേരെ ജെനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കേറി... ചുറ്റിലും പതിവ് മുഖങ്ങള്‍..., എല്ലാര്‍ക്കും പതിവ് പരിചയ പുഞ്ചിരി സമ്മാനിച്ചു...

വണ്ടി നീങ്ങി ആലുവ വിട്ടപ്പോള്‍ ഒരുത്തന്‍ ടിക്കെറ്റും ചോദിച്ചു വന്നു... ആവേശത്തില്‍ സീസണ്‍ ടിക്കെറ്റ് എടുത്തു വീശി... അത് മേടിച്ചു വച്ച് ഒന്നും പറയാതെ അങ്ങേരു അടുത്ത കൂപ്പയിലേക്ക് നീങ്ങി... ഒന്നും മനസ്സിലാവാതെ ഞാനും പുറകെ പോയി... അപ്പോഴതാ എന്‍റെ പരിചയ മുഖങ്ങളില്‍ പലരുമുണ്ട് അങ്ങേരുടെ പുറകെ... ഇതേ കലാപരിപ്പാടി ആ കമ്പാര്‍ട്ട്മെന്റ് തീരുന്നത് വരെ അങ്ങേരു തുടര്‍ന്നു... അവസാനത്തെ കൂപ്പയില്‍ അങ്ങേരു പരിപാടിക്ക് കര്‍ട്ടനിട്ടു...എന്നിട്ട് അവിടെ ഇരുന്നു, ഞങ്ങള്‍ പത്തു നാല്‍പ്പതു സീസന്‍ ടിക്കറ്റുകാരെ ചുറ്റും നിര്‍ത്തി...

ഒന്നും മനസ്സിലാവാതെ ഞങ്ങള്‍... ചുറ്റും നിന്നു...!! കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു, "ഹൈ, എന്തുട്ടാ സാറെ പ്രശ്നം ?? സീസണ്‍ ടിക്കറ്റ് കാണിച്ചതല്ലേ...??"

"ഇതേ സുപ്പെര്‍ ഫാസ്റ്റ് ആണ്, ഇതില്‍ വെറുതെ സീസണ്‍ ടിക്കറ്റ്‌ കാണിച്ചിട്ട് കാര്യമില്ല..." അപ്പോഴാണ്‌ ടിക്കറ്റ്‌ മേടിച്ചു വച്ചത് ചെക്കിംഗ് സ്ക്വാഡ് ആണ് എന്ന് മനസ്സിലായത്...

"സാറേ ഇത് സൂപ്പര്‍ ഫാസ്റ്റ് ആണ് എന്ന് അറിയില്ലായിരുന്നു..." ഞങ്ങള്‍ കാരണം  വിളംബി

റെയില്‍വേ ട്രെയിന്‍ വിളിച്ചു പറയുമ്പോള്‍ അത് എതു ടൈപ്പ് ട്രെയിന്‍ ആണ് എന്ന് വിളിച്ചു പറയില്ല... പാവം ജനങ്ങള്‍ അത് നേരത്തെ മനസ്സിലാക്കികൊള്ളണം...ആര്‍ക്ക് കവലൈ...??? ബീഹാറില്‍ അക്കാലത്തു ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്നവരോട് ബഹുമാനം തോന്നി... ലാലു പ്രസാദിന് കേരളത്തില്‍ ജനിക്കാമായിരുന്നു...!!

പണി കിട്ടി എന്ന് മനസ്സിലായ ഞങ്ങള്‍ സ്ക്വടിന്റെ കാലില്‍ വീഴാന്‍ തുടങ്ങി... നോ രെക്ഷ... ഒറ്റ ഡയലോഗ്,

"ഒന്നുകില്‍ 250 സര്‍ക്കാരിനു, അല്ലെങ്കില്‍ 50 എനിക്ക്" അങ്ങേരു സ്ട്രൈറ്റ്‌ ഫോര്‍വേഡ് ആയിരുന്നു...

ഇല്ലെങ്കില്‍ പിറ്റേദിവസം സര്‍ക്കാരിനുള്ള കാശുമായി പോയി സീസണ്‍ ടിക്കറ്റ്‌ മേടിക്കണം... തൊട്ടടുത്ത ദിവസം കാലാവധി കഴിയുന്ന എന്‍റെ സീസണ്‍ ടിക്കറ്റിനെ കുറിച്ച് എനിക്ക് കുറ്റബോധം തോന്നി... ഞാന്‍ കൃത്യമായി അതില്‍ അഡ്രെസ്സ് കൊടുത്തിരുന്നു... ഇല്ലായിരുന്നു എങ്കില്‍ പോട്ടെ പുല്ലു എന്ന് വച്ച് പോവായിരുന്നു...!!

രാഷ്ട്രീയക്കാര്‍ക്ക് കക്കാന്‍ സര്‍ക്കാരിനു ഫൈന്‍ കൊടുക്കാന്‍ തോന്നിയില്ല... അതിനു പകരം സ്ക്വടിനു അഞ്ചിലൊന്ന് കാശ് കൊടുക്കുന്നതാണ് നല്ലത് എന്ന് തന്നെ തോന്നി... അന്ന് തട്ട് കടയില്‍ കൊടുക്കാന്‍ വിചാരിച്ച കാശ് അങ്ങേര്‍ക്കു കൊടുത്തു തടിയൂരി...ഞാന്‍ മാത്രമല്ല, എല്ലാ സീസണ്‍ ടിക്കെട്ടുകാരും...!!

അടുത്ത സ്റ്റേഷനില്‍ അങ്ങേരു ഇറങ്ങിപ്പോയപ്പോള്‍ എല്ലാരും കൂടെ കൂട്ട പ്രാര്‍ത്ഥന നടത്തി... പോണ വഴിക്ക് അങ്ങേരുടെ മുന്‍പില്‍ വരുന്ന ഒരു പാണ്ടി വണ്ടിക്കു ബ്രേക്ക്‌ പോവണേ....!!No comments: