Monday, July 29, 2013

അച്ഛന്റെ സ്വന്തം ചുണ്ടന്‍." "

ഞാന്‍ ഒന്നാം ക്ലാസ്സില്‍ എത്തുന്നതിനു മുന്‍പ് തന്നെ അച്ഛന്‍ പ്രവാസം തുടങ്ങി കഴിഞ്ഞിരുന്നു... നാട്ടിലെ കടം പെരുകിയതും ഞാനും അനിയത്തിയും അമ്മയും അടങ്ങിയ കുടുംബം പട്ടിണി കിടക്കാതിരിക്കാന്‍ വേണ്ടിയുമാണ് അച്ഛന്‍ ഗള്‍ഫില്‍ പോയത് എന്ന് അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു... എനിക്ക് ഒരുപാടു സമ്മാനങ്ങള്‍ കൊണ്ട് വരാന്‍ വേണ്ടി പോയതാണ് എന്നാണ് ഞാന്‍ ധരിച്ചിരുന്നത്...

വീട്ടില്‍ ഫോണ്‍ ഇല്ലാത്തത് കൊണ്ട് അക്കാലത്തു അച്ഛനോട് ഒന്ന് മിണ്ടാന്‍ പോലും പറ്റാറില്ലായിരുന്നു... അന്ന് അയച്ചിരുന്ന ചില കത്തുകളിലൂടെ മാത്രമായിരുന്നു ഞങ്ങള്‍ പരസ്പരം അറിഞ്ഞിരുന്നത്... മലയാളം കൂട്ടി വായിക്കാന്‍ പഠിക്കുന്നത് മുന്‍പ് അമ്മയായിരുന്നു അച്ഛന്റെ കത്ത് വായിച്ചു തന്നിരുന്നതും, ഞാന്‍ പറയുന്നത് എഴുതി അച്ഛന് കത്തുകള്‍ അയച്ചിരുന്നതും... "ചുണ്ടന്" എന്ന് തുടങ്ങിയിരുന്ന അന്നത്തെ ആ എഴുത്തുകള്‍ നിറയെ വാത്സല്യമായിരുന്നു... പിന്നെ നന്നായി പഠിക്കണം, ഒന്നാമനാവണം, അമ്മയേയും പെങ്ങളെയും നന്നായി നോക്കണം തുടങ്ങിയ ഉപദേശങ്ങളും... എന്‍റെ മറുപടികള്‍ എന്നും ഒന്ന് തന്നെ ആയിരുന്നു,

"അച്ഛന്,

  സുഖം തന്നെ എന്ന് കരുതുന്നു... ഞാന്‍ നന്നായി പഠിക്കുന്നുണ്ട് അച്ഛാ.. ഇത്തവണ ഞാന്‍ ക്ലാസ്സില്‍ തീര്‍ച്ചയായും ഒന്നാമനാവും... അച്ഛന്‍ എന്നാണ് ഞങ്ങളെ കാണാന്‍ വരുന്നത്... അച്ഛന്‍ വരുമ്പോ എനിക്ക് ഒരു വാക്മാനും ടി വിയും വി സി ആറും കൊണ്ട് വരണം... കൊടാക്കിന്റെ ക്യാമറ കിട്ടുകയാണെങ്കില്‍ വാങ്ങാന്‍ മറക്കരുത്... അച്ഛന്‍ വരുമ്പോ  ദുബായിലെ  ഒട്ടിപ്പോ നെയിം സ്ലിപ് കൊണ്ട് വരണം, കൂട്ടുകാര്‍ക്ക് കൊടുക്കാനാണ്... പിന്നെ, ഇപ്പൊ ഞാന്‍ സമയം നോക്കാനൊക്കെ പഠിച്ചു... അവിടെ നല്ല വച്ച് കിട്ടുമോ അച്ഛാ..??

ഞാന്‍ അമ്മയേയും കിങ്ങിണിയെയും നന്നായി നോക്കുന്നുണ്ട്...ഇല്ലെണ്ടില്‍ സ്ഥലം കഴിയാറായി.. മുകളില്‍ പറഞ്ഞതൊന്നും അച്ഛന്‍ മറക്കരുത്..

സ്നേഹത്തോടെ,
അച്ഛന്റെ സ്വന്തം ചുണ്ടന്‍." "
ഒപ്പ്"

എനിക്ക് അമ്മ അനുവദിച്ചു തന്ന ഇല്ലെണ്ടിലെ അവസാന കോളത്തില്‍  എല്ലാതവണയും ഒരുമാറ്റവും ഇല്ലാതെ ഞാന്‍ എഴുതിയിരുന്നതു മുഴുവന്‍  പ്രതീക്ഷകള്‍ ആയിരുന്നു... കൈ നിറയെ സമ്മാനങ്ങളും കൊണ്ട് അച്ഛന്‍ എത്രയും പെട്ടന്ന് വരുമെന്നുള്ള പ്രതീക്ഷ... അത് മുഴുവനും പലപ്പോഴായി അച്ഛന്‍ നിറവേറ്റി... 

അച്ഛന്‍ ഇപ്പോഴും പ്രവാസം തുടരുന്നു... കത്തുകള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു.. പകരം ഇടയ്ക്കിടെ ഉള്ള ഫോണ്‍ കോളുകള്‍ ആണ്.. പക്ഷെ അന്നത്തെ കത്തുകളുടെ സുഖം പാടെ നഷ്ടപ്പെട്ടിരിക്കുന്നു..

No comments: