Tuesday, July 2, 2013

മാറ്റമെന്ന സത്യം...

മാറ്റമില്ലാത്തത് മാറ്റം മാത്രമാണ്...ഒരു വ്യക്തിയെ കുറിച്ചാണെങ്കില്‍ അത് സ്വഭാവത്തിലും ജീവിത രീതിയിലും ചിന്തയിലും പെരുമാറ്റത്തിലും ആവാം ഈ മാറ്റം... ഈ എല്ലാ സംഗതികളും എന്‍റെ ജീവിതത്തിലും മാറ്റത്തിന് വിധേയമായിട്ടുണ്ട്...എന്നിലെ ചില മാറ്റങ്ങള്‍ താഴെ കുറിക്കാം..

മാറ്റം നമ്പര്‍ വണ്‍.
======================

ബാല്യത്തില്‍ എന്നോട് സ്നേഹം പുറത്തു കാണിക്കാതിരുന്ന അമ്മയോട് എന്നും കര്‍ക്കശമായി മാത്രം ഞാന്‍ പെരുമാറിയിരുന്നു...അമ്മയോട് ഒരുതരം മൃദു വികാരങ്ങളും അന്നുണ്ടായിരുന്നില്ല...എന്‍റെ സുഹൃത്തുക്കളില്‍ പലരും ഈ പെരുമാറ്റം മാറ്റിയെടുക്കാന്‍ ഉപദേശിച്ചു...ഉള്ളില്‍ ഇല്ലാതിരുന്ന സ്നേഹ വികാരങ്ങള്‍ പുറത്തു കാണിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല... അതുകൊണ്ട് തന്നെ അവര്‍ പലരും ആ ഉദ്ധ്യമത്തില്‍ നിന്നും പിന്‍വാങ്ങി...പക്ഷെ കാലം അതെല്ലാം തിരുത്തി, പ്രത്യേകിച്ച് നിമിത്തങ്ങളോ കാരണങ്ങളോ ഇല്ലാതെ ഞാനും അമ്മയും തമ്മില്‍ അടുത്തു...ഒരുപാട് പ്രകടനങ്ങള്‍ ഒന്നുമില്ലെങ്കിലും എന്നില്‍ ഇപ്പൊ അമ്മയോട് സ്നേഹമുണ്ട്, എന്‍റെ പുതിയ കൂട്ടുകാരോട് അമ്മയെ കുറിച്ച് പറയാന്‍ എനിക്ക് ഇഷ്ടവും ഉണ്ട്....!!

നമ്പര്‍ ടു (അയ്യേ, ദതല്ല...!!)
======================
കോപ്പിയടിക്കുന്നത് ധര്‍മ്മമല്ല...!! അത് ആര് തെറ്റിച്ചാലും ധര്‍മ്മം പുനസ്ഥാപിക്കാന്‍ അവന്‍ (ഞാന്‍ തന്നെ) അവതരിക്കും...!! പ്ലസ്‌ ടു വരെ ഇത് തന്നെ ആയിരുന്നു എന്‍റെ ആദര്‍ശം...ഒരിക്കല്‍ അഞ്ചാം ക്ലാസ്സില്‍ വച്ച് ഓണപ്പരീക്ഷയ്ക്ക് എന്‍റെ അടുത്തിരുന്ന എഴാം ക്ലാസ്സുകാരന്‍ സീനിയറെ ഞാന്‍ കുടുക്കി, വിത്ത് എവിടെന്‍സ്...!!

"സാറേ സാറേ, ഇയാള് കോപ്പിയടിക്കുന്നു" എന്ന് ഞാന്‍ വിളിച്ചു പറഞ്ഞപ്പോള്‍. ആ പരീക്ഷക്ക്‌ പാസാവാനുള്ള ആ കുട്ടിയുടെ മോഹം ഒരു തുണ്ട് പേപ്പറില്‍ താഴേക്ക്‌ വീണു...!!

കാലം വീണ്ടും എന്നെ തിരുത്തിയത് ഒരു അദ്ധ്യാപകന്റെ രൂപത്തില്‍ ആയിരുന്നു...പ്ലസ്‌ ടു പരീക്ഷയില്‍ കാര്യമായി ഒന്നും എഴുതാന്‍ കിട്ടാതെ വിഷമിച്ച എന്നോട് അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു, "ഒന്നും എഴുതാന്‍ കിട്ടുന്നിലെങ്കില്‍ സമയം കളയാതെ എവിടെയെങ്കിലും നോക്കി എഴുതാടാ..!!"

ഇങ്ങനെയും ഉണ്ടാവുമോ മാഷന്മാര്‍..., ഗുരു വചനം നിറവേറ്റാന്‍ അടുത്തിരുന്ന മുഫീദയുടെ പേപ്പറില്‍ നോക്കി ഞാന്‍ വൃത്തിയായി എഴുതി പാസ്സായി...നന്ദി മാഷേ, നന്ദി മുഫീദ..!!

നമ്പര്‍ ത്രീ
=========
പണ്ടെനിക്ക് കട്ടക്ക് ദേശഭക്തി ഉണ്ടായിരുന്നു..!! ഭാരതം എന്നൊക്കെ കേള്‍ക്കുമ്പോള്‍, രക്തമൊക്കെ നൂറു മൈല്‍ വേഗത്തില്‍ സിരയിലൂടെ ഓടുമായിരുന്നു...ഒരു ജോലി ചെയ്യുമെങ്കില്‍ അത് പട്ടാളത്തില്‍ ആവണം.. ഭാരതാംബയെ സേവിക്കണം... പാക്കിസ്ഥാനിയെ എവിടെ കണ്ടാലും വെടി വച്ചിടണം...!! ഇത്തരം വിചാരങ്ങള്‍ മാത്രം...

 അത് അന്ത കാലം....ഒരു വരയ്ക്കു അപ്പുറവും ഇപ്പുറവും ഇരുന്നുകൊണ്ട് എന്തിനു നമ്മള്‍ കലഹിക്കുന്നു എന്ന ഒരു ചിന്ത അതിനിടയില്‍ കയറി വന്നു.. എന്‍റെ ഒരു കഴിവും കൊണ്ടല്ല ഞാന്‍ ഇവിടെ ജനിച്ചത്‌..., അതില്‍ എന്റെതായ ഒരു തിരഞ്ഞെടുപ്പും ഉണ്ടായിരുന്നില്ല എന്ന തിരിച്ചറിവും പഴയ ദേശീയതയും ഭക്തിയും എന്നില്‍ നിന്നും അടര്‍ത്തി കളഞ്ഞു....അതിരുകളില്ലാത്ത ഒരു ലോകമെന്ന സ്വപ്നത്തില്‍ എന്‍റെ ദേശഭക്തി ഒലിച്ചു പോയിരിക്കുന്നു...

നമ്പര്‍ ഫോര്‍
===========
മദ്യത്തിന്റെയും പുകയുടെയും വഴിയെ ഞാന്‍ ഒരിക്കലും പോകില്ല എന്നത് എന്‍റെ ദൃഡനിശ്ചയമായിരുന്നു...!! മദ്യപിച്ചിരുന്ന സുഹൃത്തുക്കളെ ഞാന്‍ ഉപദേശിച്ചു...!! ക്ലാസ്സ്‌ കട്ട്‌ ചെയ്തു കുറ്റിക്കാട്ടില്‍ ഇരുന്നു ബീഡി വലിച്ചിരുന്ന രണ്ടു സഹപാഠികളെ ഹൈസ്കൂളില്‍ വച്ചാണ് ഒറ്റുകൊടുത്തത്... അതിനുള്ള മറുപടി അന്ന് വൈകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ തന്നെ കിട്ടി...കൈമുട്ട് കൊണ്ട് എന്‍റെ വയറ്റില്‍ കുത്തി അവന്മാര്‍ ഓടി...ഹര്‍ബജന്റെ ഇടികൊണ്ട ശ്രീശാന്തിനെ പോലെ ഞാന്‍ അവിടെ ഇരുന്നു മോങ്ങേണ്ടിയും വന്നു..!!

കാലം ഒരിക്കല്‍ കൂടി എന്നില്‍ തിരുത്തലുകള്‍ നടത്തി..മൈസൂര്‍ സൂവിന്‍റെ എതിര്‍ വശത്തെ ഹോട്ടല്‍ മുറിയില്‍ വച്ച്, എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിന്‍റെ കയ്യില്‍ നിന്നും കൊക്കകോളയില്‍ കലര്‍ന്ന് പോയ എം സി ബ്രാണ്ടി വാങ്ങി എന്‍റെ രസനെയെ പുതിയ രുചി പഠിപ്പിച്ചു....പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം പൂനെയില്‍ വച്ച് ഒരു തണുത്തു വിറച്ച രാത്രിയില്‍ ആദ്യ പഫ്ഫും ഞാന്‍ എടുത്തു.... അടിമപ്പെടാന്‍ നിന്നു കൊടുക്കാതെ രണ്ടു ശീലങ്ങളെയും നിയന്ത്രിച്ചു പോവുന്നു, ഇന്നും...!!

=================
നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ഇനിയും ഉണ്ടാവും..മാറ്റം പ്രപഞ്ച സത്യമാണ്..ഇനി വരാനുള്ള മാറ്റങ്ങള്‍ നല്ലത് മാത്രമാവട്ടെ...

No comments: