Wednesday, July 10, 2013

നാല്‍ക്കാലി ഫോട്ടോ

കൊച്ചിയില്‍ ആയിരുന്നു ഞങ്ങളുടെ മുഴുവന്‍ ബാച്ചും ഡിഗ്രി പ്രൊജക്റ്റ്‌ ചെയ്തിരുന്നത്...പ്രൊജക്റ്റ്‌ ചെയ്യുക എന്നതിനപ്പുറം കൊച്ചിയുടെ നാഗരികത അടുത്തറിയുക ആസ്വദിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്‌ഷ്യം...വൈകുന്നേരം പ്രൊജക്റ്റ്‌ ക്ലാസ്സുകളും പ്രാക്ടിക്കലും കഴിഞ്ഞാല്‍ പിന്നെ, നേരെ പോവുന്നത് സുഭാഷ്‌ പാര്‍ക്കിലേക്കോ മറൈന്‍ ഡ്രൈവിലേക്കോ ഫോര്‍ട്ട്‌ കൊച്ചിയിലെക്കോ ഒക്കെ ആയിരിക്കും...കൊച്ചിയില്‍ എവിടെ വച്ചും എപ്പോ വേണമെങ്കിലും നമ്മള്‍ സെലെബ്രിറ്റികളെ  കണ്ടുമുട്ടി എന്ന് വരാം, പ്രത്യേകിച്ച് സിനിമാക്കാരെ...അവരെയൊക്കെ അത്ഭുതം കൂറി ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു...അവര്‍ തിരിച്ചൊന്നു നോക്കി ചിരിച്ചാല്‍ സന്തോഷം, കൂടെ ഒരു ഫോട്ടോ എടുക്കാനായാല്‍ അതി സന്തോഷം...!!

അങ്ങനെയൊരു ദിവസം ഞങ്ങള്‍ കുറച്ചു പേര്‍ സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചു...പ്രിത്വിരാജ് അഭിനയിച്ച "വര്‍ഗ്ഗം"...!! ചെറിയൊരു പ്രത്വിരാജ് ആരാധകനായിരുന്ന ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞു തെണ്ടലും കഴിഞ്ഞു  എല്ലാവരേം ആട്ടിതെളിച്ചുകൊണ്ട് നേരെ വിട്ടു, സവിതയിലേക്ക്...സെക്കന്റ്‌ ഷോക്ക് ടിക്കറ്റ്‌ എടുത്തു...ഇന്റെര്‍വെല്ലിനു മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങപ്പോ ദാണ്ടേ നില്‍ക്കുന്നു സംവിധായകന്‍ അന്‍വര്‍ റഷീദ്...!! രാജമാണിക്യം എന്ന സുപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഇറക്കിയതിനു ശേഷം അടുത്ത പടത്തിന്റെ (ചോട്ടാ മുംബൈ) പണിപ്പുരയിലായിരുന്നു അക്കാലത്ത്...അന്‍വറിന്റെ മുഖം അധികമാര്‍ക്കും പരിചിതമായിരുന്നില്ല അന്ന്, അതുകൊണ്ട് തന്നെ കൂടുതല്‍ ആരും അവിടെ അദ്ദേഹത്തെ തിരിച്ചറിഞ്ഞതും ഇല്ല...പക്ഷെ മലയാള സിനിമയെ സസൂക്ഷ്മം നീരീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് അദ്ദേഹത്തെ പെട്ടന്ന് മനസ്സിലായി...ഞങ്ങള്‍ എല്ലാരും അദ്ദേഹത്തിനു ചുറ്റും കൂടി, പുതിയ പടത്തിന്റെ വിശേഷങ്ങള്‍ ഒന്നൊന്നായി ചോദിയ്ക്കാന്‍ തുടങ്ങി...എല്ലാരും ചേര്‍ന്ന്, ഞാന്‍ എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന ഒരു ക്യാമറയില്‍ ഫോട്ടോയും എടുത്തു...

അങ്ങനെ ഒന്ന് മൂത്രമൊഴിക്കാന്‍ പോലും അനുവദിക്കാതെ അന്‍വര്‍ റഷീദിനെ ഞങ്ങള്‍ ബുദ്ധിമുട്ടിച്ചു...!!! പടം വീണ്ടും തുടങ്ങി അകത്തു കയറിയപ്പോ ഒരുപക്ഷെ അങ്ങേരു മനസ്സില്‍ പറഞ്ഞു കാണും, "ആഴക്ക പയലുകള്, മിക്കവാറും ഞാന്‍ ഒരു വരവുകൂടെ വരേണ്ടിവരും...!!"

പടം ബാക്കി കണ്ടു കഴിഞ്ഞു പുറത്തേക്കിറങ്ങിയ സമയത്ത് ആരോ പറഞ്ഞു മല്ലികാ സുകുമാരന്‍ പടം കാണാന്‍ വന്നിട്ടുണ്ട്, ഇപ്പൊ പുറത്തു വരും എന്ന്...ശരിയായിരുന്നു, നല്ല പട്ടു സാരിയൊക്കെ ഉടുത്ത് ബോബ് ചെയ്ത മുടിയുമായി മല്ലിക ചേച്ചി ചിരിച്ചു കൊണ്ട് വന്നു...ഞങ്ങള്‍ അടുത്ത് ചെന്ന് പ്രിത്വി നന്നായിട്ടുണ്ട് എന്നറിയിച്ചു...നന്ദി പറഞ്ഞു ചേച്ചി നടന്നു കാറിനടുത്ത് പോയി...പെട്ടന്ന് എന്‍റെ പുറകില്‍ വലിയ ആരവം കേട്ടു...തിരിഞ്ഞു നോക്കിയ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല....അതേ എന്‍റെ പ്രിയനടന്‍..., സാക്ഷാല്‍ പ്രിഥ്വിരാജ്...!!!

ഞാന്‍ ഓടിച്ചെന്നു അഭിനന്ദിച്ചു (പൊട്ടിയ പടത്തിന്‍റെ പേരിലെ..ന്താ ലെ..!!)...എന്താ ഒരു സൌന്ദര്യം..!! വെറുതെയല്ല ഈ പെണ്‍കുട്ടികള്‍ നമ്മളെയൊന്നും മൈന്‍ഡ് ചെയ്യാത്തത്...!! ഞാന്‍ വീണ്ടും ക്യാമറ പുറത്തെടുത്തു...പ്രിഥ്വി ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു...എന്‍റെ എല്ലാ സുഹൃത്തുക്കളെയും പ്രിഥ്വിയുടെ കൂടെ നിര്‍ത്തി ഫോട്ടോ എടുത്തു..!! പതുക്കെ ആരവങ്ങള്‍ കുറഞ്ഞു...എല്ലാരോടും യാത്ര പറഞ്ഞു പ്രിഥ്വി താഴോട്ട് നടന്നു...ഞാന്‍ ക്യാമറ നിതിന്‍ എന്ന എന്‍റെ സുഹൃത്തിനെ ഏല്‍പ്പിച്ചു എന്റെയും പ്രിഥ്വിയുടെയും ഒരു ഫോട്ടോ എടുക്കാന്‍ പറഞ്ഞു...താഴോട്ട് നടന്നു  കൊണ്ടിരുന്ന പ്രിഥ്വിയുടെ തോളില്‍ കയ്യിട്ടു ഞാനും നടന്നു, മുന്‍പേ ക്യാമറയുമായി നിതിനും...ഒന്ന് രണ്ടു ഫോട്ടോ അവന്‍ എടുത്തു, അപ്പോഴേക്കും ഞങ്ങള്‍ പ്രിഥ്വിയുടെ കാറിനടുത്ത് എത്തിയിരുന്നു...ഞങ്ങളോട് ഒരിക്കല്‍ കൂടി കൈ കാണിച്ചു യാത്ര പറഞ്ഞു മല്ലിക ചേച്ചിയെയും കൊണ്ട് പ്രിഥ്വി കാറോടിച്ചു പോയി...!!

എല്ലാവര്‍ക്കും സന്തോഷമായി...ക്യാമറയില്‍ ഫോട്ടോ കാണാന്‍ വേണ്ടി ഞാന്‍ നിതിന്റെ കയ്യില്‍ നിന്നും ക്യാമറ വാങ്ങി..പ്രിഥ്വി എന്‍റെ കൂട്ടുകാരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ എല്ലാം നന്നായി പതിഞ്ഞിരിക്കുന്നു..അടുത്തത് എന്‍റെ ഫോട്ടോ, അതികം ആള്‍ക്കൂട്ടം ഇല്ലാതെയായിരുന്നു നിതിന്‍ ഫോട്ടോ എടുത്തത്‌, അതുകൊണ്ട് തന്നെ ഏറ്റവും നന്നായി വന്നിരിക്കുന്നത് അതായിരിക്കും എന്നുതന്നെ കരുതി ഞാന്‍ ആ ഫോട്ടോ തുറന്നു നോക്കി...!!

"നാല് ജീന്‍സ് ധാരികളായ കാലുകള്‍ മാത്രം...!!"

അടുത്തത് നോക്കി, വീണ്ടും അതേ 'നാല്‍ക്കാലി'...!!

താഴെ ഇറങ്ങികൊണ്ടിരുന്ന ഞങ്ങളെ താഴെ നിന്നു ഫോട്ടോ എടുത്തപ്പോള്‍ ക്യാമറ മുകളിലേക്ക് പിടിക്കണം എന്ന് ആ ദുഷ്ടന്‍ നിതിന്‍ ഓര്‍ത്തില്ല..!! ബ്ലഡി ഫൂള്‍...,..!! അതുകൊണ്ട് ഞാന്‍ ആരായി....?? എന്‍റെ മുഖത്ത് അപ്പൊ ദേഷ്യവും ദുഖവും ഒരുമിച്ചു വന്നു കാണണം...ഗര്ര്ര്ര്ര്ര്ര്ര്...!!!

നിതിന്‍ അന്ന് അത് ചെയ്തത് അസൂയ കാരണമല്ല, മറിച്ചു അറിവില്ലായ്മ കൊണ്ടാണ് എന്ന് വിശ്വസിക്കാന്‍ ഇന്നും ഞാന്‍ കഷ്ടപ്പെടുന്നു....!!

കുറിപ്പ്: അന്നെടുത്ത ഫോട്ടോസ് ആരുടെയുടെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ..താഴെ കമന്റ്‌ ആയി ഇട്ടാലും മതി.

No comments: