Thursday, July 11, 2013

എന്‍റെ പെങ്ങളെ..

ഹോ...ഒടുക്കത്തെ ഒരു പണി കിട്ടി...ദാ...ദിപ്പോ...!!

കുറച്ചു കാലം മുന്‍പ്, ഞാന്‍ ജോലി ചെയ്തിരുന്നത് നോക്കിയ സിമെന്‍സ് എന്ന കമ്പനിയില്‍ ആയിരുന്നു, കോണ്ട്രാക്ടര്‍ ആയി... അവിടെ വച്ച് ഒരു കൂട്ടം നല്ല സുഹൃത്തുക്കളെ കിട്ടി...ഭരത്, സത്യാ, മഞ്ജു, ദീപിക, ഗുന്ജന്‍, കാവേരി... ഞങ്ങള്‍ ഒരുമിച്ചായിരുന്നു ഉച്ചയൂണും, അത് കഴിഞ്ഞുള്ള നടത്തവും, ഇടക്കുള്ള ചായയും എല്ലാം...ഈ വര്‍ഷം ആദ്യം മുതല്‍ ഞാനും സത്യയും ആ കമ്പനിയില്‍ നിന്നും തിരിച്ചു ഞങ്ങളുടെ കമ്പനി ആയ കോഗ്നിസന്റ്റ് ഓഫീസില്‍ തിരിച്ചെത്തി....അതോടെ സ്ഥിരം കൂടി കാഴ്ചകള്‍ നിന്നു...

കഴിഞ്ഞ മാസം ഭരത്തിന്റെ കല്യാണ നിശ്ചയത്തിനാണ് ഞങ്ങള്‍ കുറച്ചു പേരെങ്കിലും കുറെ കാലത്തിനു ശേഷം കാണുന്നത്...സങ്കീര്‍ത്തന എന്ന ഒരു കൂട്ട് അവനായി തന്നെ കണ്ടുപിടിച്ചു...അന്ന് നിശ്ചയത്തിനു പോയപോഴാണ് എല്ലരും ചേര്‍ന്ന് വാട്സ്അപ്പില്‍ ഡി കമ്പനി എന്ന ഒരു ചാറ്റ് ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞത്...അതില്‍ ചേര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമായാണ് ഇന്ന് എല്ലാരോടും ചാറ്റ് ചെയ്തത്...

എന്‍റെ മലയാളം കുറിപ്പുകള്‍ക്ക് സ്ഥിരമായി ലൈക്കും കമന്റും ഇടുന്ന കന്നടക്കാരനായ ഭരതിനെ ചൊടിപ്പിക്കാന്‍ ഞാന്‍ ഓരോന്ന് ചോദിച്ചു തുടങ്ങി...പൊതുവേ വല്ല മലയാളി പെണ്ണിനേയും വളക്കാന്‍ ആണ് മറുഭാഷക്കാര്‍ കഷ്ടപ്പെട്ട് മലയാളം പഠിക്കുന്നത് കണ്ടിട്ടുള്ളത്...അടുത്ത് തന്നെ നിശ്ചയം കഴിഞ്ഞ ഭരത്തിനു ഇപ്പൊ ഒരു മലയാളി പെണ്ണിനേയും വളക്കേണ്ട ആവശ്യമില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു...കഷ്ടപ്പെട്ട് പെണ്ണ് നോക്കുന്ന എനിക്ക് പരിചയപ്പെടുത്തികൂടെ എന്നും ഞാന്‍ അവനോടു ചോദിച്ചു...ഒരു ചിരി മാത്രമായിരുന്നു മറുപടി...

എനിക്ക് പരിചിതമല്ലാത്ത കീര്‍ത്തി എന്ന ഒരു കഥാപാത്രവും ആ ഗ്രൂപ്പില്‍ ഉണ്ട് എന്ന് ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്...

"ആരാണ് കീര്‍ത്തി..??"  ഞാന്‍ അന്വേഷിച്ചു..

"അവളൊരു മലയാളി പെണ്ണാണ്‌.,..." ഭരത് പറഞ്ഞു...

"മനസ്സില്‍ ലഡ്ഡു പൊട്ടി..."

"രാകേഷ്, എനിക്ക് മലയാളം അറിയില്ല...ഭരത് വെറുതെ പറഞ്ഞതാണ്...." കീര്‍ത്തി പറഞ്ഞു

"മലയാളി ആയില്ലെങ്കില്‍ എന്താ..!! ഞാന്‍ മലയാളം പഠിപ്പിക്കാം..." ഞാന്‍ ആവേശഭരിതനായി...

"കീര്‍ത്തി, അതികം വൈകാതെ നമുക്ക് നേരിട്ടു കാണണം"

"തീര്‍ച്ചയായും..."

കുറെ നേരം കൂടി ഞങ്ങള്‍ കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു ചാറ്റ് ചെയ്തു...

എന്‍റെ സ്വപ്‌നങ്ങള്‍ നിറം വച്ച് തുടങ്ങി.... മലയാളം അറിയാത്ത കീത്തിയെ അമ്മക്ക് പരിചയപ്പെടുത്തണം...അതിനു മുന്‍പ് അവളെ മലയാളം പഠിപ്പിക്കണം...നാട്ടിലെ മര്യാദകളും ആചാരങ്ങളും പഠിപ്പിച്ചെടുക്കണം...വീട്ടില്‍ എല്ലാവര്‍ക്കും അവളെ ഇഷ്ടപ്പെട്ടാല്‍ മതിയായിരുന്നു...അവള്‍ കാണാനും സുന്ദരി ആയിരിക്കും...അവളുടെ ചിത്രം ഞാന്‍ മനസ്സില്‍ കാണാന്‍ തുടങ്ങി...എന്നാലും അവളുടെ ഫോട്ടോ കാണാന്‍ ഒരു മോഹം...

"കീര്‍ത്തിയുടെ ഫേസ്ബുക്ക്‌ ഐ ഡി എന്താ..??"

"സങ്കീര്‍ത്തന ഗോപികൃഷ്ണ" അവള്‍ പറഞ്ഞു...

അത് കേട്ടതോടെ നേരത്തെ പൊട്ടിയ ലഡ്ഡു ഒരു സ്ഫോടനമായി....!! അതേ, സങ്കീര്‍ത്തന, ഭരത്തുമായി കല്യാണം നിശ്ചയിച്ചിരിക്കുന്നവള്‍...,....!! അവളുടെ ചെല്ലപ്പേരാണ് കീര്‍ത്തി...അത് ഞാന്‍ അറിഞ്ഞിരുന്നില്ല...

അട്ടഹസത്തിന്റെ സ്മൈലികള്‍ വാട്സ്അപ്പില്‍ നിറഞ്ഞു....!! ഇപ്പുറം ഒരിക്കല്‍ കൂടി തകര്‍ന്ന മനസ്സുമായി ഞാന്‍...,...!! കിട്ടുന്ന പണിക്കു ഒരു കുറവും ഇല്ലല്ലോ...!!

ചമ്മല്‍ മറച്ചു കൊണ്ട് ഞാന്‍ വിളിച്ചു, "പെങ്ങളെ...!!"

No comments: