Wednesday, July 24, 2013

ഗുളികാ കാത്തോളണമേ....!!

ആചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവും ഇല്ല... അനാചാരങ്ങളെ പോലും ചിലപ്പോള്‍ ചില സ്വാര്‍ത്ഥ വിചാരങ്ങള്‍ കൊണ്ട് നമ്മള്‍ ന്യായീകരിക്കാറുണ്ട്... അത്തരത്തില്‍ ഞാന്‍ ഇനിയും നടക്കണം എന്ന് ആഗ്രഹിച്ച ഒരു അനാചാരം ഉണ്ടായിരുന്നു എന്‍റെ തറവാട്ടില്‍...

കാഴ്ച വീണ്ടും ഇളയൂരിലെ എന്‍റെ തറവാട്ടിലേക്ക്... എല്ലാ വര്‍ഷവും അവിടെ നടക്കുന്ന ഒരു അനാചാരം ഉണ്ടായിരുന്നു... "ഗുളികന് കൊടുക്കുക" എന്നതാണ് അതിന്‍റെ പേര്... കുന്നുമ്പുറത്തെ ഒരു പാലത്തറയില്‍ ആണ് ഗുളികന്റെ സ്ഥാനം... ഗുളികന് ഇയര്‍ല്ലി "സംഗതി" കിട്ടിയില്ലെങ്കില്‍ മൂപ്പര് നമുക്കിട്ടു പണി തരാന്‍ തുടങ്ങും... വന്‍ ദേഷ്യക്കാരനാ....!!! സംഗതി എന്താണെന്നല്ലേ, മറ്റൊന്നും അല്ല ചിക്കനും റാക്ക് എന്ന ചാരായവും... ജോളിയായി രണ്ടും തട്ടി, മൂപ്പിലാന്‍ ഒരു വര്‍ഷത്തേക്ക് അടങ്ങി ഇരിക്കും... ഇതാണ് വിശ്വാസം...

ഈ വിശുദ്ധ നിവേദ്യം നേദിച്ചിരുന്നത് സ്ഥലത്തെ വീടുകളില്‍ ചില്ലറ പുറം ജോലികളും തൊടികളിലെ കാര്യങ്ങളും നോക്കി നടത്തുന്ന കുഞ്ഞന്‍ എന്ന് വിളിക്കുന്ന പ്രായമായ ഒരാളായിരുന്നു... കുഞ്ഞന് പ്രത്യേകിച്ച് വീടും കുടുംബവും ഉള്ളതായി എനിക്കറിയില്ല... കുഞ്ഞന്റെ പ്രായവും അവ്യക്തം... ചുക്കി ചുളിഞ്ഞ ശരീരം, വായില്‍ എണ്ണി തുടങ്ങാന്‍ പോലും പല്ലുകളില്ല... എനിക്ക് ഓര്‍മ്മ വച്ച മുതലേ കുഞ്ഞന്‍ അവിടെയുണ്ട്, പള്ളിയാളി എന്ന് വിളിക്കുന്ന ഞങ്ങളുടെ അയല്‍പക്കത്തെ ഒരു ആശ്രിതനായി...!!

ഗുളികന് കൊടുക്കാന്‍ സമയമാവുമ്പോള്‍ കുഞ്ഞനെ വിവരം അറിയിക്കും... മുറ്റത്തെ തെച്ചിയും, തുളസിയും ചെമ്പരത്തിയും ഒരു വട്ടയിലയില്‍ തയ്യാറാക്കി വയ്ക്കും... ആദ്യ റൌണ്ട് പൂജ അത് വച്ചാണ്... നേരം ഇരുട്ടിയാല്‍ വട്ടയിലയിലെ പൂവും കുറച്ചു തിരികളും വെളിച്ചെണ്ണയും കൊണ്ട് ഗുളികത്തറയില്‍ കൊണ്ട് വയ്ക്കും... പറയത്തക്ക ആകൃതി ഇല്ലാത്ത ഒരു കല്ലാണ് ഗുളികത്തറ... അവിടെയും ഇവിടെയുമായി അഞ്ചാറു തിരികള്‍ കത്തിച്ചു വച്ച് കുഞ്ഞന്‍ ഗുളികത്തറയില്‍ പൂവുകള്‍ ഏറിയും... മന്ത്രം വല്ലതും ചൊല്ലുമോ എന്ന് എനിക്ക് ഓര്‍മ്മയില്ല...

ആദ്യ റൗണ്ട് കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ തയ്യാറാക്കിയ ഒരു മുഴുത്ത പൂവന്‍ കോഴിയെ ഗുളികത്തറയില്‍ കൊണ്ട് വരും... ഒരു ചിരട്ടയില്‍ റാക്ക് ഒഴിച്ച് വയ്ക്കും.. ആ കല്ലിനു ചുറ്റും മൂന്നു പ്രാവശ്യം കോഴിയെ ഉഴിയും... അത് കഴിഞ്ഞാല്‍ ഗുളിക പ്രീതിക്കായി ആ പൂവന്‍റെ കഴുത്തറുക്കും... ആ ചോര കല്ലില്‍ തളിക്കും...!!

ഇത് കൊണ്ടും ഗുളികന്‍ അടങ്ങില്ല... പൂവന്‍ കോഴിയെ ചുട്ടു അതിന്‍റെ ലെഗ് പീസ്‌ തന്നെ കൊടുക്കണം, അത് സെക്കന്റ്‌ റൗണ്ട്... ലെഗ് പീസ്‌ ചുട്ട്, ഗുളികന്റെ മുന്നില്‍ വച്ച് വീണ്ടും പൂക്കള്‍ സമര്‍പ്പിക്കും...റാക്ക് അപ്പോഴും ഗുളികന് മുന്‍പില്‍ ഉണ്ടാവും... അതോടെ ചടങ്ങുകള്‍ അവസാനിക്കും... ഞങ്ങള്‍ തിരിച്ചു വീട്ടില്‍ പോവും... പൂവന്‍റെ ബാക്കി കൊണ്ട് അന്ന് രാത്രി ചോറും കൂട്ടി അടിക്കാം....!! അതായിരുന്നു എന്‍റെ ഏറ്റവും ആകര്‍ഷകമായ ചടങ്ങ്... കോഴിയിറച്ചി അന്നൊക്കെ എനിക്ക് വലിയ ഒരു സംഭവമായിരിന്നു, വല്ലപ്പോഴും മാത്രം ഉള്ളതാണേ...!!

അവസാനത്തെ ചടങ്ങ് കഴിഞ്ഞാല്‍ ഞങ്ങള്‍ ചെറിയ കുട്ടികള്‍ തിരിച്ചു വീട്ടില്‍ പോവുകയാണ് പതിവ്... പിറ്റേ ദിവസം ഗുളികത്തറയില്‍ ചിക്കനും ഉണ്ടാവില്ല, റാക്കും ഉണ്ടാവില്ല... എല്ലാം ഗുളികന്‍ സ്വീകരിച്ചു നമ്മോടു സംപ്രീതനായിട്ടുണ്ടാവും... ഒരു തവണ പക്ഷെ എനിക്ക് ഇതങ്ങനെ വെറുതെ വിടാന്‍ തോന്നിയില്ല... തിരിച്ചു വന്നതിനു ശേഷം ഞാന്‍ വീണ്ടും ആരും അറിയാതെ കുന്നുംപുറത്തേക്ക് പോയി നോക്കി...!!

അന്നാണ് ഞാന്‍ ഗുളികനെ നേരിട്ട് കാണുന്നത്, നമ്മുടെ കുഞ്ഞന്‍ നല്ല വെടിപ്പായി റാക്ക് ചെലുത്തുന്നു... ടച്ചിങ്ങ്സ് ചുട്ട കോഴിക്കാല്... പല്ലില്ലാത്ത കുഞ്ഞന്റെ മോണകള്‍ക്കിടയില്‍ കോഴിക്കാല് ഞെരിപിരി കൊണ്ടു....  ആനന്ദലബ്ദിക്ക് ഇനി വേറെ എന്ത് വേണം...!!

വര്‍ഷാവര്‍ഷം നടക്കുന്ന ഈ ചടങ്ങ് ഞാന്‍ പുറത്തു പറഞ്ഞില്ല... കാരണം മറ്റൊന്നും അല്ല, വല്ലപ്പോഴും കിട്ടുന്ന കോഴിക്കറി മുടക്കണോ...?? നാടന്‍ പൂവന്‍ കോഴിയെ കറി വച്ചാല്‍ നല്ല ടെസ്റ്റാ...!! ഗുളികാ കാത്തോളണമേ....!!


No comments: