Wednesday, July 31, 2013

പാര്‍ട്ട്‌ ടൈം ജോബ്‌...

കോളേജില്‍ പഠിക്കുന്ന കാലത്ത് പാര്‍ട്ട് ടൈം ജോലി ചെയ്തു വട്ടച്ചിലവിനുള്ള വക ഉണ്ടാക്കുന്നത്‌ ഒരു പതിവായിരുന്നു...അക്കാലത്ത്  പലരും പല ജോലികളും ചെയ്യാറുണ്ടായിരുന്നു... ചില പ്രൈവറ്റ് ഫിനാന്‍ഷ്യന്‍ കമ്പനികള്‍ക്ക് വേണ്ടി ബാക്ക്ഗ്രൌണ്ട് വെരിഫികേഷന്‍ ജോലി ആയിരുന്നു എന്‍റെ ജോലി... അത് വിടാം, കാരണം എന്‍റെ ജോലി അല്ല ഇന്നത്തെ കുറിപ്പിന് വിഷയം...

എന്‍റെ ചില സുഹൃത്തുക്കള്‍ക്കും ഇതുപോലെ എന്തെങ്കിലും വരുമാനം വേണം എന്ന ആഗ്രഹം ഉണ്ടായി... മോശമില്ലാത്ത പാചകം ചെയ്യുന്ന അവര്‍ അത് തന്നെ പാര്‍ട്ട്‌ ടൈം ജോലിയായി കണ്ടെത്തി... മലപ്പുറത്തെ സ്വലാത്ത് നഗറില്‍ മിക്കവാറും എന്തെങ്കിലും പരിപാടി ഉണ്ടാവും... ഏതെങ്കിലും പാര്‍ട്ടിയുടെ സമ്മേളനമോ എക്സിബിഷനോ എന്തെങ്കിലും പതിവാണ്... നല്ല ആള്‍ക്കൂട്ടവും ഉണ്ടാവും... പിന്നെ, ജനസംഖ്യക്ക് മുന്നില്‍ നില്‍ക്കുന്ന മലപ്പുറത്താണോ ആള്‍ക്കുട്ടത്തിനു പഞ്ഞം...!!

ഒടുവില്‍ തീരുമാനമായി, സ്വലാത്ത് നഗറില്‍ ഓംലെറ്റ്‌ ഉണ്ടാക്കി വില്‍ക്കാം... നല്ല ചിലവുണ്ടാവും... ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം ഗ്യാസും അടുപ്പും എലാം കൊണ്ട് ഒരുത്തന്‍ ഇറങ്ങി... അമ്പതു മുട്ടയും കുറച്ചു ഉള്ളിയും മുളകും ഉപ്പും വെളിച്ചെണ്ണയും വാങ്ങി വേറെ ഒരുത്തന്‍ വന്നു... കൂട്ടിനു രണ്ടു പേര്‍ വേറെയും...രാത്രി പതിനൊന്നു മണി വരെ കച്ചോടം... അപ്പോഴേക്കും മൊട്ട തീര്‍ന്നു...!! പൊളപ്പന്‍ കച്ചോടം...

നാലുപേരും തിരിച്ചു റൂമില്‍ എത്തി... കണക്കു നോക്കി.. അമ്പതു മുട്ടക് എഴുപത്തഞ്ചു രൂപ... അത് കൊണ്ട് വന്ന ഓട്ടോക്ക് ഇരുപത്തഞ്ചു രൂപ... ഗ്യാസ് കൊണ്ട് വന്നതിനും ഇരുപത്തഞ്ചു രൂപ, അത് തിരിച്ചു കൊണ്ട് പോവാന്‍ രാത്രി വാടക അടക്കം നാല്‍പ്പതു രൂപ... ഉള്ളിയും മുളകും വെളിച്ചെണ്ണയും വാങ്ങിയതിനു വേറെ അമ്പതു...അതായത് ചിലവു മാത്രം ഇരുന്നൂറ്റി പതിനഞ്ചു രൂപ...ഇനി വരവ് നോക്കാം... കച്ചോടത്തിലെ കാഷ്യര്‍ പോക്കെറ്റില്‍ നിന്നും ഉള്ളത് മുഴുവന്‍ നുള്ളിപ്പെറുക്കി എടുത്തു... എണ്ണി കൂട്ടിയപ്പോ ഇരുന്നൂറ്റി എണ്‍പത് രൂപ..!!

"അതെവിടത്തെ കണക്കാടാ... ഒരു സിംഗിള്‍ ഓംലെറ്റ്‌ പത്തു രൂപ വച്ച് വിറ്റാല്‍ അഞ്ഞൂറ് രൂപ വരണ്ടേ...??"

"അത് അന്‍പതെണ്ണം വിറ്റാല്‍, നമ്മള്‍ ഇരുപതെട്ടെ വിറ്റുള്ളൂ..."

"ങേ..!! എന്നിട്ട് മുട്ട ഒരെണ്ണം പോലും ബാകി ഇല്ലല്ലോ...??"

"ബാക്കി ഇരുപത്തി രണ്ടെണ്ണം നമ്മള്‍ നാലുപേര്‍ തന്നെയാ പലപ്പോഴായി തട്ടിയത്...."

"അപ്പൊ കണക്കെങ്ങനെയാ...??"

"ചിലവ് ഇരുന്നൂറ്റി പതിനഞ്ച് വരവ് ഇരുന്നൂറ്റി എണ്‍പത്... ലാഭം അറുപത്തഞ്ചു രൂപ...!! നമ്മള്‍ നാല് പേര്‍ വച്ച് ഒരാള്‍ക്ക്‌ പതിനാറു രൂപ ഇരുപത്തഞ്ചു പൈസ ലാഭം...!!"

"ഹോ...!! ലാഭം ഉണ്ടല്ലേ...!!"

"എന്ത് ലാഭം, ഒരു പൈന്റ്റ് മേടിക്കാന്‍ പോലും തികയില്ല..."

"നീ ഒരുകാര്യം വിട്ടു... നമ്മള്‍ ചിലവാക്കിയ ഗ്യാസിന്റെ ചിലവോ...??"

"ഇമ്മാതിരി തീറ്റ പ്രന്തന്മാരെയും കൊണ്ട് ഓംലെറ്റ്‌ കച്ചോടത്തിനു പോയാല്‍ നഷ്ടം വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ...!! ഏതു നേരത്താണോ ഈ ബുദ്ധി തോന്നിയത്... ഇനിയില്ല...നിര്‍ത്തി...!!"

ബാക്കി വന്ന ഉള്ളി കൊണ്ട് ഏതാണ്ട് ഒരു കറി ഉണ്ടാക്കി വീട്ടില്‍ ഉണ്ടായിരുന്ന അരി കൊണ്ട് ചോറും ഉണ്ടാകി കഴിച്ചു എല്ലാരും മിണ്ടാതെ കിടന്നു... സമാധാനത്തിനു എല്ലാരും ഒരു ഏമ്പക്കവും വിട്ടു...!!

No comments: