Sunday, July 21, 2013

ഒരു മാവേലിക്കഥ

അങ്ങനെ ഒരു മഴക്കാലത്ത്‌ ഞാന്‍ ബാംഗ്ലൂര്‍ നഗരത്തിലെ എന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു...പഴയ സുഹൃത്തുക്കള്‍ അധികമാരും ബാംഗ്ലൂരില്‍ ഇല്ല... ഉള്ളവര്‍ തന്നെ അല്‍പ്പം ദൂരെയും..ഒരു വീട് ഒറ്റയ്ക്ക് വാടകയ്ക്ക് എടുത്തു നില്‍ക്കുക എന്നത് അന്നത്തെ ശമ്പളം വച്ച് സ്വപ്നം പോലും കാണാന്‍ പറ്റില്ലായിരുന്നു...തല്ക്കാലം താമസം ഒരു പി ജി യില്‍ ആക്കാമെന്ന് വച്ചു...അങ്ങനെ വീണ്ടും ഒരു ഏകാന്തവാസം...!!

പതിവുപോലെ പുതിയ സൌഹൃദങ്ങള്‍ ഞാന്‍ കണ്ടെത്തി തുടങ്ങി... രണ്ട്‌ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും പുതിയ കൂട്ടുകാരെയും കൊണ്ട് ഒരു വാടക വീടും ഒപ്പിച്ചു...പുതിയ കൂട്ടുകാരായി, പക്ഷെ ജീവിതം അപ്പോഴും പഴയപോലെ യാന്ത്രികമായി തുടര്‍ന്നു. അതിനൊരു മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു ഇന്‍ഫോസിസ് ഓണാഘോഷം എന്ന സംഭവത്തെ കുറിച്ച് വിവരം അറിയുന്നത്...ഇന്‍ഫോസിസ് പബ്ലിക്‌ ഫോള്‍ഡറില്‍ കണ്ട ഒരു ക്ഷണമാണ് എന്നെ അതിലേക്കു ആകര്‍ഷിച്ചത്...!!

വഞ്ചിപ്പാട്ട് ഗായകരെ ക്ഷണിക്കുന്നു...പാടാന്‍ അറിയണം എന്നില്ല...”തിത്തിതാരോ തിത്തിതാരോ” എന്ന് പറയാന്‍ അറിഞ്ഞാല്‍ മതി...വലിയ പാട്ടുകാര്‍ വരണം എന്നില്ല...ഏതു ഭാഷക്കാര്‍ക്കും സ്വാഗതം...താല്പര്യം ഉള്ളവര്‍ സമീപിക്കുക രഞ്ജിത്ത് പുന്നേലി.... എന്നതായിരുന്നു ആ ക്ഷണത്തിന്റെ രത്ന ചുരുക്കം....!!

അതേ, ഇത് തന്നെയാണ് ഞാന്‍ കാത്തിരുന്നത്...!! കുറേപ്പേരെ പരിചയപ്പെടാം, ആഘോഷിച്ചു തിമിര്‍ക്കാം....അന്ന് വൈകുന്നേരത്തെ ഓണാഘോഷ കമ്മറ്റിയുടെ മീറ്റിങ്ങിനു ഞാനും പോയി... ഗോപാലന്‍ ഗാര്‍ഡെനിയ എന്ന ഫ്ലാറ്റില്‍ താമസിക്കുന്ന എട്ടു പത്തു പേരുടെയും അവരുടെ സുഹൃത്തുക്കളുടെയും ഒരു കൂട്ടായ്മ ആയിരുന്നു അത്...ശ്രീധരന്‍, പുന്നെലി, ശിവാനന്ദ്, വിനുമോന്‍, ടോണി, ശശി, വിനോദ് കൃഷ്ണന്‍ എന്ന വിക്രി, പ്രവീണ്‍, സുനീഷ്, അനൂപ്‌, അശ്വിന്‍, വിപിന്‍, അരുണ്‍ മുരളി, നിഖില്‍ അങ്ങനെ ഒരു പിടി സുഹൃത്തുക്കള്‍...അത് കൂടാതെ എന്‍റെ പുതിയ സഹ മുറിയന്മാര്‍ ആയ ശോഭിതും ജിതേഷും സജുവും... എന്‍റെ ജീവിതത്തിനു പുതിയ നിറങ്ങള്‍ നല്‍കിയ ഒരു കൂട്ടം സൌഹൃദങ്ങള്‍ ഞാന്‍ അവിടെ നിന്നും നേടിയെടുക്കുകയായിരുന്നു...!!

വഞ്ചിപ്പാട്ടിന് പുറമേ എന്തൊക്കെ പരിപാടികള്‍ വേണം എന്ന ചര്‍ച്ചയായി...വലിയ പാട്ടുകാര്‍ ചേര്‍ന്ന് നല്ല കുറച്ചു ഓണപ്പാട്ടുകള്‍ പാടാന്‍ തീരുമാനിച്ചു...അവരുടെ കൂടെ കാണാന്‍ കൊള്ളാവുന്ന കുറച്ചു പെണ്‍കുട്ടികള്‍ ഉണ്ട്...അവര്‍ക്കൊക്കെ പാട്ട് പഠിപ്പിച്ചു കൊണ്ടുക്കാന്‍ ഒരുത്തര്‍ക്കും എന്തൊരു ശുഷ്ക്കാന്തി...!! നമ്മള്‍ പാവം വഞ്ചിപ്പാട്ടുകാര്‍ അവിടെ നിന്നു ഔട്ട്‌...!!

നാട്ടില്‍ നിന്നു കഥകളിക്കരെയും പഞ്ചവാദ്യക്കാരെയും കൊണ്ട് വരാന്‍ തീരുമാനിച്ചു...പിന്നെ എന്ത് വേണം എന്ന് ആലോചിച്ചപ്പോ ഒരു ടാബ്ലോ നാടകം ആവാം എന്നായി... കഥ പുരാണം തന്നെ..!! അപ്പോഴാണ്‌ ഒരു പ്രധാന പ്രശ്നം ഉയര്‍ന്നു വരുന്നത്...മാവേലിയുടെ വേഷം ആര് കെട്ടും...?? ഒരുത്തനും ഷര്‍ട്ട്‌ ഇടാതെ കാമ്പസ്സില്‍ നടക്കാന്‍ വയ്യ..!! നാണമാണത്രെ..!! ആ സംഗതി ലവ ലേശം അടുത്ത് കൂടെ പോവാത്ത ആളായത് കൊണ്ട് ഒടുവില്‍ അത് ഞാന്‍ ഏറ്റെടുത്തു... പക്ഷെ പ്രശ്നം തീര്‍ന്നിട്ടില്ല... ഇതുവരെ കണ്ട മാവേലിയൊക്കെ നല്ല തടിച്ചു വെളുത്തു കുടവയറും ഒക്കെ ആയ ഒരു രൂപമാണല്ലോ...ഇതെല്ലം പ്രശ്നമാണ്, തടി അന്നധികം ഇല്ല, ജിമ്മില്‍ ഒക്കെ പോവുന്ന കാലമായിരുന്നേ...!! പിന്നെ നിറം, അതിഷ്ടം പോലെ ഉണ്ട്...പക്ഷെ കറുപ്പാണെന്ന് മാത്രം...!!

“അത് സാരമില്ലെടാ, ആരും ഇത് വരെ മാവേലിയെ നേരിട്ട് കണ്ടിട്ടില്ലല്ലോ... നീ മതിയെടാ...!!” ശ്രീധരന്‍ പ്രോത്സാഹിപ്പിച്ചു...വേറെ ആളെ കിട്ടാനില്ലാത്തത് കൊണ്ടാണെന്നത്‌ വേറെ കാര്യം...!!

റിഹേഴ്സല്‍ തുടങ്ങി...പിറ്റേ ദിവസമാണ് പരിപാടി...ഇതുവരെ ടാബ്ലോ നാടകം ഒരു തവണ പോലും പ്രാക്ടീസ് ചെയ്തു നോക്കിയിട്ടില്ല...എല്ലാവരും കുരുത്തോല വെട്ടുന്ന സുന്ദരികളുടെ അടുത്തും ടാബ്ലോയില്‍ ലക്ഷ്മി ദേവി ആവാന്‍ വന്ന പെണ്‍കുട്ടിയുടെ അടുത്തുമൊക്കെ പുഷ്പിച്ചു നടക്കുന്നു...!! നമ്മുടെ ഗായകരുടെ കാര്യം പിന്നെ പറയണ്ട...!! ഒടുവില്‍ എല്ലാത്തിനെയും ആട്ടി തെളിച്ചു ആളൊഴിഞ്ഞ കാന്റീനില്‍ പ്രാക്ടീസ് തുടങ്ങി... മാവേലിയെ ചവിട്ടി താഴ്ത്താനൊക്കെ വന്നപ്പോള്‍ നമ്മുടെ പാവം വാമനന്‍ ഒരുപാട് കഷ്ട്ടപ്പെട്ടു.. കുറച്ചു നേരം അനങ്ങാതെ ഒറ്റക്കാലില്‍ പോസ് കൊടുക്കേണ്ടതല്ലേ...!! ഏതാണ്ടൊക്കെ ചെയ്തൊപ്പിച്ചു അന്നത്തേക്ക്‌ പിരിഞ്ഞു...

അങ്ങനെ ഓണാഘോഷ ദിവസമായി...പ്രശ്നങ്ങളുടെ പൂരമായിരുന്നു അന്ന്...!! ടാബ്ലോ മുടങ്ങി...!! മതപരമായ കാര്യങ്ങള്‍ കമ്പനിക്കുള്ളില്‍ പാടില്ല എന്ന് എച് ആര്‍ വാശി പിടിച്ചു... അതേ എച് ആര്‍ തന്നെ അടുത്ത വയ്യാ വേലിയും തന്നു, പഞ്ചവാദ്യത്തിനും കഥകളിക്കും കാശ് കൊടുക്കണമെങ്കില്‍ അവര്‍ക്ക് പാന്‍ കാര്‍ഡ്‌ വേണം എന്ന്...!! നാട്ടില്‍ നിന്നു വന്ന മേളക്കാര്‍ താടിക്ക് കൈ കൊടുത്തുകൊണ്ട് ഞങ്ങളോട് ചോദിച്ചു,

“പാന്‍കാര്‍ഡോ..??? എന്തുട്ടാധ്...??”

കുറേ കഷ്ടപ്പെട്ട് ഒടുവില്‍ അതിനു ഒരുവിധത്തില്‍ പരിഹാരം ഉണ്ടാക്കി...
“ഹോ, ഇനി അടുത്തത്...മാവേലിയെ ഒരുക്കണം...” വിനുമോന് അശ്വിന്‍ ആനന്ദ് എന്ന ഒരു സുഹൃത്തിന്‍റെ കൂടെ എന്നെ ഒരുങ്ങാന്‍ വിട്ടു...സഹായികളായി ശോഭിതും പ്രവീണും പിന്നെ ഒരു പടക്കുള്ള ആള് വേറെയും...അങ്ങനെ മേക്കപ്പ് തുടങ്ങി...പശ തേച്ചു ഒരു അസ്സല്‍ കൊമ്പന്‍ മീശ വച്ചു...വളയും കാപ്പും ഇട്ടു, താറുടുത്തു, കയ്യിലൂടെ ഒരു രണ്ടാം മുണ്ട് പിന്നെ ഓലക്കുട.. മെതിയടി ഇട്ടു നടക്കാന്‍ മാത്രം വയ്യ, എവിടെയെങ്കിലും തലയും കുത്തി വീഴും...!! പകരം നാടകത്തിലെ രാജാ പാര്‍ട്ട് വേഷത്തിന്റെ ചെരിപ്പിട്ടു... ഹല്ല പിന്നെ..!!

അങ്ങനെ ഒരു മാവേലി മന്നനായി ഞാന്‍ ഇന്‍ഫോസിസ് ആംഫി തിയേറ്റര്‍ ലക്ഷ്യമാക്കി നടന്നു... ആര്‍പ്പു വിളികളുമായി കമ്മറ്റിക്കാര്‍....!! അകമ്പടിക്ക്‌ പഞ്ചവാദ്യം...!! പരിപാടി കാണാന്‍ കൂടിയിരുന്ന ആളുകളിടെ ഇടയിലൂടെ നടന്നു ആശംസകള്‍ പറഞ്ഞു...പരിപാടി പൊളിക്കാന്‍ ശ്രമിച്ച എച് ആറിനും കൊടുത്തു ഒരു ഒന്നൊന്നര ഓണാശംസ...!!

മാവേലിയെ കണ്ടു മലയാളികള്‍ തരിച്ചു നിന്നു പോയി... ഈ സൈസ് മാവേലിയെ അവര്‍ ഇത്രയും നാളും ഓണമുണ്ടിട്ടും കണ്ടിട്ടില്ല...!! അവരുടെ കമ്മന്റുകള്‍ വരാന്‍ തുടങ്ങി....

“മാവേലിക്ക് പാതാളത്തില്‍ വര്‍ക്കപ്പണി ആയിരുന്നോ...??”

“കുറച്ചു കരിഞ്ഞല്ലോ, മാവേലി...!!”

“പാതാളത്തില്‍ പട്ടിണിയാണോ...??”

ഒന്നും ശ്രദ്ധിക്കാന്‍ പോയില്ല... ഓരോ സുന്ദരികളെയും അടുത്ത് പോയി കണ്ടു ഓണാശംസ കൈമാറുന്ന തിരക്കില്‍ ആയിരുന്നു ഞാന്‍, ഒടുവില്‍ കുറച്ചു കിളികളുടെ അടുത്ത് തന്നെ പോയി ഇരിക്കുകയും ചെയ്തു...!!

പരിപാടി തുടങ്ങാറായി, ഓണാഘോഷം ഉത്ഘാടനം ചെയ്യാന്‍ വേറെ ആളെ കിട്ടാത്തത് കൊണ്ട് അവര്‍ മാവേലിയായ എന്നെ തന്നെ അതിനു ക്ഷണിച്ചു....ഭദ്രദീപം കൊളുത്താന്‍ പോയപ്പോള്‍ ആണ് അതറിഞ്ഞത്, കൊളുത്താന്‍ തീപ്പെട്ടി മാത്രമേ ഉള്ളൂ...!!

“മറ്റേ ചെറിയ വിളിക്കില്ലേ..??” ഞാന്‍ അവിടെ ഉണ്ടായിരുന്ന അവതാരകനോട് ചോദിച്ചു..

“അളിയാ, ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യ്..” എന്നും പറഞ്ഞു അവന്‍ എന്‍റെ കയ്യില്‍ തീപ്പെട്ടി തന്നു...

അന്നാണെങ്കില്‍ നല്ല കാറ്റും...!! രണ്ടു മൂന്നു കൊള്ളി വേസ്റ്റ് ആയി...
അടുത്തത് കത്തിച്ച ഉടനെ, സിഗരറ്റ് കൊളുത്തുന്നത് പോലെ ഞാന്‍ മറ്റേ കൈ കൊണ്ട് പൊത്തി പിടിച്ചു....അടുത്ത കമന്റ്‌,

“മാവേലി നല്ല വലിയാണല്ലേ..??”

ഇതൊക്കെ കേള്‍ക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ? എല്ലാരും കൂടെ ചേര്‍ന്ന് എനിക്കിട്ടു പണി തന്നതായിരുന്നല്ലേ...?? ബ്ലഡി ഫൂള്‍സ്...!! വെറുതെ ആല്ല ആരും ഈ പണിക്കു വരാത്തത്...!!

കഥകളിയും, കേരള നടനവും, തിരുവാതിരയും, നമ്മുടെ കേമന്മാരുടെ ഒന്നപ്പാട്ടും എല്ലാം തകര്‍ത്തു നടന്നു... മുന്‍ നിരയില്‍ ഇരുന്നിരുന്ന എന്‍റെ അടുത്ത് ഒരു സുന്ദരി പെണ്ണ് വന്നു ഒരു ചോദ്യം...

“കാന്‍ ഐ ടേക്ക് എ സ്നാപ് വിത്ത്‌ യു..??”

പടച്ചതമ്പുരാനേ....!! എന്നോട് തന്നെയാണോ ഇത് ചോദിക്കുന്നത്...

“വൈ നോട്ട്...”

അവര്‍ക്ക് വേണ്ടത് പോലെ ഞാന്‍ പോസ് ചെയ്തു കൂടെ നിന്നു കൊടുത്തു...
ഈ പരിപാടി കൊള്ളാം, ഇനി എന്നും ഈ വേഷത്തില്‍ നടന്നാലോ...??? വേണ്ട, ഡ്രസ്സ്‌ കോഡ് വയലേഷന് ഫൈന്‍ അടിച്ചാല്‍ പിന്നെ 'യവാളുകെ അക്കരയേലു' വാങ്ങാന്‍ ശമ്പളം തികയില്ല....!!

അവസാനം വഞ്ചിപ്പാട്ടും പാടി ഞങ്ങള്‍ നടത്തിയ ഓണാഘോഷ പരിപാടി മനോഹരമായി അവസാനിപ്പിച്ചു... എല്ലാവരും പോവാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴും ഞാന്‍ ഇന്‍ഫോസിസ് സുന്ദരികളുടെ കൂടെ സ്റ്റീല്‍ ബോഡിയും കാണിച്ചു ഫോട്ടോ എടുക്കുന്ന തിരക്കില്‍ ആയിരുന്നു...!!

അതേസമയം, മറ്റു കമ്മറ്റിക്കാരുടെ ഉള്ളില്‍ അപ്പൊ അസൂയയുടെ തീ ആളി പടരുകയായിരുന്നു...!! പാട്ട് പാടാന്‍ കഴിഞ്ഞത് കൊണ്ട് വല്യ കാര്യമില്ല...ഓണത്തിന് മാവേലി തന്നെയാണ് സ്റ്റാര്‍... “ബുഹഹഹഹ...”

No comments: