Sunday, July 7, 2013

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്...!!

ജാലഹള്ളിയിലെ റൂമില്‍ നിന്നും രക്ഷപ്പെട്ട് എത്തിപ്പെട്ടത്, ഗോട്ടിഗരെ എന്ന സ്ഥലത്തായിരുന്നു...എന്‍റെ കൂടെ പഠിച്ച ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടെ...ഇന്ന് ആരുടേയും പേരും ഊരും ഒന്നും പറയുന്നില്ല... അല്ലെങ്കിലും അപ്പം തിന്നാല്‍ പോരെ കുഴിയുടെ വിസ്തീര്‍ണം ചതുരശ്ര മീറ്ററില്‍ അറിയേണ്ട ആവശ്യം ഇല്ലല്ലോ...!!

കുറച്ചു കറുത്ത ദിനങ്ങള്‍ക്ക്‌ ശേഷമായിരുന്നു ഞാന്‍ ഗോട്ടിഗരയിലെ റൂമില്‍ എത്തുന്നത്‌..., ജോലി ഒന്നും ആയില്ല എന്നത് ചെറുതായി അലട്ടാന്‍ തുടങ്ങിയിരുന്നു... അപ്പോഴും കൈമുതലായി ഉണ്ടായിരുന്നത് കുറച്ചു ആത്മവിശ്വാസം മാത്രം...അവിടെയെത്തി അധികം താമസിയാതെ ഒരു ജോലി തരപ്പെട്ടു...വിപ്രോ എന്ന പേരുകേട്ട കമ്പനിയില്‍ തന്നെ.. ഒരു കണ്‍സള്‍ടന്സി വഴി തരപ്പെട്ട ജോലി, പക്ഷെ മൂന്നു മാസം ട്രെയിനിംഗ് ആണ്, ആ സമയത്ത് ശമ്പളം ഇല്ല..ട്രെയിനിങ്ങിനു ശേഷം നടത്തുന്ന പരീക്ഷ ജയിച്ചാല്‍ അപ്പൊ ജോലി, അഞ്ചക്ക ശമ്പളം...ആദ്യ മാസത്തെ ശമ്പളം കണ്‍സള്‍ടന്സിക്ക്...!! എന്തായാലും പകുതി ആശ്വാസമായി...!!

പിന്നീടുള്ള രണ്ടു മാസത്തോളം ഏതാണ്ട് ഒരുപോലെ തന്നെയുള്ള ദിവസങ്ങളായിരുന്നു...ആ തണുപ്പ് കാലത്ത്, ദിവസവും നേരത്തെ എണീറ്റ് കുളിച്ചു ഡോമ്ളുര്‍ എന്ന സ്ഥലത്തെ ട്രെയിനിംഗ് സെന്ററില്‍ പോയി വൈകിട്ട് തിരിച്ചു റൂമില്‍ എത്തും...വരുന്ന വഴിക്ക്, അന്നത്തെ ഏറ്റവും വില കുറവുള്ള മദ്യമായ ഒറിജിനല്‍ ചോയ്സ് മേടിച്ചു വരും...ഒരു ക്വട്ടറിനു മുപ്പത്തി രണ്ടു രൂപ, അതുകൊണ്ട് രണ്ടു ദിവസം കഴിയും...ടച്ചിങ്ങ്സിന് മഡിവാള ലയ്ക്കില്‍ നിന്നും പിടിച്ചു കൊണ്ട് വന്ന മീന്‍ വറുത്തത്...അഞ്ചു രൂപയ്ക്കു അത് മേടിക്കുന്നത് റോഡ്‌ സൈഡില്‍ നിന്നു...!!

എന്‍റെ കൂടെ ഉണ്ടായിരുന്നവരില്‍ വിദ്യാര്‍ഥി അല്ലതിരുന്നത് ഗഫൂറിന് മാത്രമാണ്, അവന്‍റെ പേര് ഇവിടെ പറഞ്ഞേ പറ്റൂ...അത് എന്‍റെ റിവഞ്ച് ആണ്...!! കാരണം ഉണ്ട്, ഞാന്‍ കിടന്നിരുന്ന മുറിയില്‍ ആണ് ഗഫൂറും കിടന്നിരുന്നത്...രാത്രി ഞാന്‍ ഒന്ന് ഉറക്കം പിടിച്ചു വരുമ്പോള്‍ ഗഫൂറിന്റെ വാര്‍ത്താ വിനിമയ പ്രക്ഷേപണം തുടങ്ങും...ഉറക്കത്തില്‍ പിച്ചുംപേയും പറയാന്‍ തുടങ്ങും...ഒരല്‍പം വൈകി കിടക്കുന്ന ഞാന്‍ ഇത് കേട്ട് പല തവണ പേടിച്ചിട്ടുണ്ട്...അതും സഹിക്കാം, പക്ഷെ രാവിലെ നാലര മുതല്‍ പത്തു മിനുട്ടിന്റെ ഇടവേളകളില്‍ അലാറം വച്ച് അവന്‍ എന്തിനാണ് കിടക്കുന്നത് എന്നും ഇന്നും എനിക്കറിയാത്ത സത്യം ആണ്...അലാറം വക്കുന്നത് മാത്രമല്ല, എങ്ങനെ പോയാലും അത് അടിക്കുന്നത് അറിയില്ല എന്നത് അവന്‍റെ വല്ലാത്ത കഴിവായിരുന്നു... ചുരുക്കി പറഞ്ഞാല്‍ എന്നും എന്‍റെ ഉറക്കം പോവും...!!

ഇതിനൊന്നു അറുതി വരുത്താന്‍, ഒരു ദിവസം ഞാന്‍ ഗഫൂറിന്റെ എല്ലാ അലാറവും ഓഫ് ചെയ്തു കിടന്നു.."ഈശ്വരാ, ഇന്നെങ്കിലും എനിക്ക് ഒന്ന് സമാധാനമായി കിടന്നുറങ്ങാമല്ലോ...!! നണ്ട്രി...!!" ഞാന്‍ ആശ്വസിച്ചു...!! പക്ഷെ അന്ന് അടിച്ചത് അതേ റൂമില്‍ കിടന്നിരുന്ന മറ്റൊരുത്തന്റെ അലാറം ആയിരുന്നു...!! അവസ്ഥ പിന്നെയും പഴയത് തന്നെ...!!

അക്കാലത്തു ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വീടിനടുത്ത് രണ്ടു പെണ്‍കുട്ടികള്‍ താമസത്തിന് വന്നു...പതിവ് പോലെ തന്നെ, അവരെ കുറിച്ച് 
കഥകള്‍ മെനയാന്‍ മലയാളി ചേട്ടന്മാര്‍ വരി വരിയായി വന്നു...ഞങ്ങളും കേട്ടു ആ കഥകള്‍..., ഒരിക്കല്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെ,

"ഡാ...നിനക്കറിയോ, അവര് പെശകാ...." കണ്ണിറുക്കി ഒരു ചേട്ടന്‍ പറഞ്ഞു..

"അതെന്താ ചേട്ടാ...??" ജിജ്ഞാസ വര്‍ക്ക്‌ഔട്ട്‌ ആയി...

"അവിടെ പല ചെക്കന്മാരും വന്നു പോവാറുണ്ട്... വന്‍ സെറ്റപ്പാ...!!" വീണ്ടും കണ്ണിറുക്കല്‍

പോസ്റ്റ്‌ മോഡേണ്‍ പെണ്ണുങ്ങളെ അക്കാലത്തു അടുത്ത് പരിചയപ്പെടാന്‍ കലശലായ ആഗ്രഹം ഉണ്ടായിരുന്നു...അത്രയ്ക്ക് ധൈര്യമില്ലാത്തത് കൊണ്ട് അന്ന് അതിനു ഇറങ്ങിയില്ല എന്ന് മാത്രം...!! വായിലെ വെള്ളവും ഇറക്കി ദിവസവും അവരുടെ വീടിനു മുന്‍പിലൂടെ നടന്നു, മതിലിന്‍റെ അടുത്തെത്തുമ്പോള്‍ ഒന്ന് ഏന്തി നോക്കും...ചെരിപ്പുകള്‍ തേഞ്ഞു തീര്‍ന്നു എന്നതല്ലാതെ വേറെ പ്രയോജനം ഒന്നും ഉണ്ടായില്ല...!

അങ്ങനെ ഇരിക്കുന്ന കാലത്താണ് എനിക്ക് ഇന്‍ഫോസിസില്‍ ജോലി കിട്ടുന്നത്...ഇപ്പോഴത്തെ പോലെ ഒന്നും അല്ല, ട്രെയിനിംഗ് സമയത്തും ശമ്പളം, പോരാത്തതിനു കണ്‍സള്‍ടന്സിക്ക് കാശും കൊടുക്കേണ്ട...ഇത് ആഘോഷിച്ചിട്ട് തന്നെ കാര്യം...സകല കൂട്ടുകാരേയും വിളിച്ചു വരുത്തി, പീറ്റര്‍ സ്കോട്ട് രണ്ടു ഫുള്‍, ബിരിയാണി, തന്തൂരി, ഐസ് ക്രീം... അങ്ങനെ ഞാന്‍ നടത്തിയ ആദ്യത്തെ പാര്‍ട്ടി...പാര്‍ട്ടി കൊഴുത്തു...മിക്കവാറും വെള്ളമടിച്ച എല്ലാരും ഓഫ്...!! തെളിഞ്ഞ് ഇരിക്കുന്നത് ഞാനും മറ്റൊരു സുഹൃത്തും മാത്രം...ടെറസ്സില്‍ പോയി ഞങ്ങള്‍ കുറെ സംസാരിച്ചു...ഇടയ്ക്കു പുതിയ താമസക്കാരായ പെണ്‍കുട്ടികളും സംസാര വിഷയമായി...മുന്‍പ് എവിടെയോ  നമ്പര്‍ എഴുതിയിട്ട്, അത് കണ്ടു ഒരു പെണ്‍കുട്ടി വിളിച്ച സംഭവം എന്‍റെ സുഹൃത്ത്‌ പറഞ്ഞു...!!

ഞങ്ങളുടെ ഉള്ളില്‍ ഒരു ബള്‍ബ് കത്തി, നൂറ്റി പത്തു വാട്ടില്‍...!,...!! ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്...!! സമയം ഏതാണ്ട് രണ്ടര, ഞാനും എന്‍റെ സുഹൃഹും കൂടെ ആ പെണ്ണുങ്ങളുടെ വീടിനു മുന്‍പിലെത്തി...ശബമുണ്ടാവാതിരിക്കാന്‍ ഗേറ്റിനു പുറത്തു ചെരുപ്പഴിച്ചിട്ടു...പതിയെ മതില് ചാടി അവരുടെ ബെഡ് റൂമിന്‍റെ ജനലിനു താഴെ എത്തി..ജനല് തുറന്നു കിടക്കുന്നു...അകത്തു നല്ല ഇരുട്ട്, മൊബൈല്‍ എടുത്തു അതിന്‍റെ വെളിച്ചത്തില്‍ അകത്തെ അവസ്ഥ നോക്കി...രണ്ടു പേരും സുഖമായി കിടന്നുറങ്ങുന്നു... ആണുങ്ങളും കോപ്പും ഒന്നും ഇല്ല... മറ്റേ കച്ചറകള്‍, വെറുതെ പറഞ്ഞുണ്ടാക്കിയതാണ്....!! 

എന്തായതും നമ്പര്‍ കൊടുത്തു പോവാം, അവര്‍ക്ക് ഒരു ജീവിതം കൊടുക്കാലോ, അവരുടെ ചീത്തപേരും മാറും...!! ഒരു സാമൂഹ്യ സേവനം, നമുക്ക് ഇത്രയൊക്കയെ ചെയ്തു കൊടുക്കാന്‍ പറ്റൂ...നോക്കിയപ്പോ ഞങ്ങള്‍ രണ്ടു പേരും പേനയും കടലാസും ഒന്നും എടുത്തിട്ടില്ല... തിരിച്ചു വീട്ടില്‍ പോയി രണ്ടും സംഘടിപ്പിച്ചു വീണ്ടും മതിലും ചാടി വന്നു... കടലാസ്സില്‍ ഇങ്ങനെ എഴുതി,

"ഇഫ്‌ യു വാണ്ട്‌ ദി റിയല്‍ ലവ് പ്ലീസ്‌ കോണ്ടാക്റ്റ്, 9********5" 

ഈ എഴുതിയ കുറിപ്പ് അവരുടെ കിടക്കയിലേക്ക് എറിഞ്ഞിട്ടു, തിരിച്ചു വീട്ടില്‍ പോയി സമാധാനമായി കിടന്നു...!!

പിറ്റേന്ന് കെട്ടിറങ്ങി എഴുന്നേല്‍ക്കാന്‍ കുറച്ചു സമയമായി, എഴുന്നേറ്റ ഉടനെ ഞാനും രാത്രി എന്‍റെ കൂടെ വന്നവനും മുഖാമുഖം നോക്കാന്‍ തുടങ്ങി...തലേ രാത്രിയിലെ സംഭവങ്ങള്‍ രണ്ടു പേരും ഓര്‍ക്കുന്നു...പക്ഷെ വെളിവ് വന്നത് ഇപ്പോഴാണ്‌ എന്ന് മാത്രം...രണ്ടു പേരും മൊബൈല്‍ എടുത്തു നോക്കി, 
ഇല്ല, കാള്‍ ഒന്നും വന്നിട്ടില്ല...!!

തലേ രാത്രിയില്‍ മതില് ചാടുന്നത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥ..!! മൊബൈല്‍ വെളിച്ചം അകത്തേക്കടിച്ചപ്പോള്‍ ആ പെണ്ണുങ്ങള്‍ എങ്ങാനും അറിഞ്ഞിരുന്നെങ്കില്‍... പണി പാലും വെള്ളത്തില്‍ കിട്ടിയേനെ...!!കന്നഡക്കാരുടെ അടിക്കൊന്നും ഒരു മയവും ഇല്ലത്തതാ...!! ഭാഗ്യത്തിന്റെ ചെറുനാഴിരക്കു രക്ഷപ്പെട്ട ഞങ്ങള്‍ ഇരുവരും അപ്പോഴും ഒന്നും മിണ്ടാതെ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു...!!  ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്...!! ഒരുമാതിരി കോപ്പിലെ ഐഡിയ...!!

1 comment:

Dileep Nayathil said...

:).. Alarm snooze cheyth urangunnath oru sukhamaa.. 5 minute koodumpo oru puthiya swapnam kaanaam..