Wednesday, July 17, 2013

ആദ്യത്തെ വിലപേശല്‍..

ആദ്യത്തെ വിലപേശല്‍..
=====================

വിലപേശല്‍ ഒരു കലയാണ്‌..., ഞാന്‍ ആ കല സ്വായത്തമാക്കിയത് കണ്ണേട്ടന്‍ എന്ന് ഞാന്‍ വിളിക്കുന്ന അച്ഛന്റെ കസിന്‍റെ കയ്യില്‍ നിന്നാണ്...ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന കണ്ണേട്ടന്‍ ആ വിദ്യ പഠിച്ചതോ, ബിന്ദു എന്ന സ്വന്തം ചേച്ചിയില്‍ നിന്നും...വഴി വക്കിലും സകല കടകളിലും ചെന്ന് അവര്‍ വിലപേശുന്നത് ഞാന്‍ അത്ഭുതം കൂറി നോക്കി നിന്നിട്ടുണ്ട്...കടക്കാരന്‍ പറഞ്ഞതിന്‍റെ പകുതി വിലക്ക് അവര്‍ സാധനം മേടിച്ചു വരും.. വില കൂട്ടി പറയുന്ന കച്ചവടക്കാരുടെ അടുത്ത് ഈ ആടവില്ലാതെ പിടിച്ചു നില്‍ക്കുക പ്രയാസം...!!

പിന്നീട് ഇത് കണ്ടു പഠിച്ച ഞാന്‍ എന്‍റെ സ്വന്തം ശൈലിയില്‍ നാട്ടിലെ കടകളിലും ഈ കലാപരിപാടി നടത്തി...അതില്‍ നല്ല പോലെ വിജയിക്കുകയും ചെയ്തിട്ടുണ്ട്...ഗോമ്പറ്റീഷന്‍ ഐറ്റം അല്ലാത്തത് കൊണ്ട് ഗപ്പോന്നും കിട്ടിയിട്ടില്ല എന്ന് മാത്രം....!!ഏറ്റവും ഒടുവില്‍ അടുത്ത കാലത്ത് അനിയത്തിയുടെ കല്യാണക്കുറി മേടിക്കുന്നതിലും, ഓവര്‍ സ്പീഡിനു പോകിയ പോലീസുകാരന്റെ കൈക്കൂലി കണക്കിലും  എത്തി നില്‍ക്കുന്നു എന്‍റെ വില പേശല്‍ പാടവം...!!

പക്ഷെ ഇതിന്‍റെ തുടക്കം ഒരു പത്തു പന്ത്രണ്ടു വര്‍ഷം മുന്‍പാണ്...എല്ലാ വെക്കേഷന്‍ എന്നത് പോലെ അന്നും ഞാന്‍ ബാംഗ്ലൂരില്‍ എത്തി...വെക്കേഷന്‍ കഴിഞ്ഞു തിരിച്ചു പോവുമ്പോള്‍ കണ്ണേട്ടന്റെ അമ്മ വക ഒരു സമ്മാനം പതിവായിരുന്നു...ആ വര്‍ഷം തിരിച്ചു പോവുമ്പോള്‍ എനിക്ക് ഒരു ഷര്‍ട്ട് മേടിച്ചു കൊടുക്കാന്‍ കണ്ണേട്ടന് നിര്‍ദേശം കിട്ടി... ഇന്നുള്ളത് പോലെ മാളുകള്‍ ഒന്നും ഇല്ല അക്കാലത്ത്...മെജെസ്ടിക്കിനു അടുത്തുള്ള അലങ്കാര്‍ പ്ലാസ ആണ് അന്നത്തെ പ്രധാന വിപണന കേന്ദ്രം....ഞങ്ങള്‍ അങ്ങോട്ട്‌ വച്ച് പിടിച്ചു...!!

ഒന്നുരണ്ടു കടയില്‍ കയറി അവസാനം ഒരു ഷര്‍ട്ട് ഇഷ്ടപ്പെട്ടെടുത്തു...ഇനി വിലപേശല്‍ സമയം....കടക്കാരന്‍ മുന്നൂറു രൂപ പറഞ്ഞു, കണ്ണേട്ടന്‍ അത് അവസാനം നൂറില്‍ എത്തിച്ചു...എന്‍റെ കണ്ണു തള്ളിപ്പോയി...!! ഇത് കൊള്ളാലോ...പറഞ്ഞതിന്‍റെ മൂന്നില്‍ ഒന്നില്‍ സംഭവം ഒതുക്കിയിരിക്കുന്നു...!!
കണ്ണേട്ടന്‍ വിലപേശുന്ന രീതി ഞാന്‍ കണ്ടു പഠിക്കുകയായിരുന്നു...!!

എനിക്കും ഇതൊന്നു പ്രയോഗിച്ചു നോക്കണം എന്ന് തോന്നി...നാട്ടില്‍ നിന്നു വന്നപ്പോള്‍ അച്ഛമ്മ തന്ന ഇരുന്നൂറു രൂപ പോക്കറ്റില്‍ ഉണ്ട്...ഒന്ന് മൂത്രമൊഴിക്കാന്‍ എന്നും പറഞ്ഞു ഞാന്‍ ഒറ്റയ്ക്ക് അലങ്കാര്‍ പ്ലസയിലൂടെ നടന്നു...ഒരു കടയില്‍ നല്ല ഒരു ടി ഷര്‍ട്ട് ഇരിക്കുന്നു.. എനിക്കത് ഇഷ്ടമായി... കടയില്‍ കയറി വില ചോദിച്ചു...

"ടു ഹണ്ട്റട്..." എന്ന് കടക്കാരന്‍

"എയിട്ടി..." എന്ന് ഞാന്‍

"ഹണ്ട്റട് ആന്‍ഡ്‌ ഫിഫ്ടി..." കടക്കാരന്‍ നയം വ്യക്തമാക്കി

നടകൂല....
 "ലാസ്റ്റ് പ്രൈസ് വണ്‍ ട്വന്റി...." കച്ചവടം ഡീല്‍ ആയി....

പരിചയ സമ്പത്തുള്ള കണ്ണേട്ടന്‍ നൂറിനു മേടിചെങ്കില്‍ ഈ കളരിയിലെ കന്നിക്കാരനായ എനിക്ക് നൂറ്റി ഇരുപതു കൊടുക്കാം....

"വെല്‍ ഡണ്‍ മൈ ഡിയര്‍ ബോയ്‌//..,..!!" ഞാന്‍ സ്വയം അഭിനന്ദിച്ചു...

ടി ഷര്‍ട്ട് പൊതിഞ്ഞു തന്ന കടക്കാരന് പോക്കറ്റിലെ രണ്ടു നൂറിന്റെ ഗാന്ധി തലയുള്ള നോട്ടുകള്‍ നീട്ടി കൊടുത്തു, ബാക്കി ചോദിച്ചു...അത് വരെ ശാന്തനായിരുന്ന കടക്കാരന്‍ ഞാന്‍ കൊടുത്ത കാശ് മേടിച്ചതിനു ശേഷം ആള് മാറി അന്യനായി....!! എനിക്ക് ബാക്കി തരുന്നില്ല...!! ഞാന്‍ ഒച്ച വച്ചപ്പോള്‍ സാധാരണമായിരുന്ന അയാളുടെ കണ്ണുകള്‍ ഉരുണ്ട് കയറി, പല്ലുകള്‍ കടിച്ചു കൊണ്ട് എന്‍റെ നേര്‍ക്ക്‌ അയാള്‍ ആക്രോശിച്ചു...

"ഹോഗോലൈ....നന്‍ മകനെ....!!" ഇറങ്ങി പോടാ പുന്നാര മോനെ എന്ന് തര്‍ജമ്മ...

കര്‍ണാടകക്കാരുടെ ഗുണ്ടായിസം ആദ്യമായി കണ്ടത് അന്നായിരുന്നു... (ഇന്ന് ആ കാഴ്ചക്ക് ഒരു പഞ്ഞവും ഇല്ല...നമ്മള്‍ മലയാളീസ് ഇവര്‍ക്ക് മുന്‍പില്‍ എത്ര ഡിസന്റ്)  എന്‍റെ ഇരുന്നൂറു രൂപ ഒരു ദയയും ഇല്ലാതെ അയാള്‍ കൈക്കലാക്കിയത് വേദനയോടെ ഞാന്‍ നോക്കി നിന്നു...കിട്ടിയ ടി ഷര്‍ട്ടും കൊണ്ട് ഞാന്‍ കണ്ണേട്ടന്റെ അടുത്ത് പോയി...നടന്ന കാര്യവും അപമാനവും പുറത്തു പറയാന്‍ ദുരഭിമാനം അനുവദിച്ചില്ല...സങ്കടമെല്ലാം ഉള്ളില്‍ ഒതുക്കി മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തു ഞാന്‍ കണ്ണേട്ടനോട് പറഞ്ഞു...

"ഒരു ടി ഷര്‍ട്ട് വാങ്ങി, ഇരുന്നൂറു പറഞ്ഞു...പക്ഷെ നൂറിനു കിട്ടി...!!"

"അമ്പടാ.. നീ ആള് കൊള്ളാലോ, ഭാഷ അറിയാതെ നീ ഇത് ഒപ്പിച്ചല്ലോ...നിനക്ക് ജീവിക്കാന്‍ അറിയാം...!!" എന്ന് കണ്ണേട്ടന്റെ വക സര്‍ട്ടിഫിക്കറ്റ്....!!

പിന്നേ, ആവേശം കാണിച്ചു ആ കടക്കാരന്റെ അടി കൊണ്ട് ചാവാതെ, മിണ്ടാതെ തിരിച്ചു പോന്നില്ലേ....എനിക്ക് നന്നായി ജീവിക്കാന്‍ അറിയാം, എന്ന് ആത്മഗതം...!!

No comments: