Tuesday, July 30, 2013

എന്‍റെ വെള്ള കണ്ണട..

കണ്ണട വയ്ക്കാതിരുന്ന കാലത്ത് സുഹൃത്തുക്കളുടെ കണ്ണട ഒരു ജാടക്ക് എടുത്തു വയ്ക്കുമായിരുന്നു ഞാന്‍..., കണ്ണട വയ്ക്കാന്‍ അന്നൊക്കെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു... പക്ഷെ ശരിക്കും വക്കേണ്ടി വന്നപ്പോള്‍ അതൊരു ഭാരമായി തോന്നിത്തുടങ്ങി... സ്വതന്ത്രമായി പല കാര്യങ്ങള്‍ ചെയ്യുന്നതിനും അതൊരു തടസമായി... എന്തിനു ഒരു കൂളിംഗ് ഗ്ലാസ്സ് വച്ച് നടക്കാന്‍ പോലും അത് വിലങ്ങു തടിയായി... വേറൊന്നും അല്ല, പവര്‍ ഗ്ലാസ്സ് ഇല്ലാതെ നടന്നാല്‍ ഒന്നും നേരാംവണ്ണം കാണില്ല എന്നത് തന്നെ കാരണം..!!

ആറു മാസം കൂടുമ്പോള്‍ കണ്ണട മാറ്റുന്നത് എന്‍റെ ഒരു ശീലമായത് ആറു വര്‍ഷം മുന്‍പ് കണ്ണട വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണ്‌.., ഹിഹി...!! ആക്കിയതല്ല... ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റിയില്ലെങ്കില്‍ എനിക്കൊരു സമാധാനം ഇല്ല... ഓരോ തവണ മാറ്റുമ്പോഴും അത് വെവ്വേറെ സ്റ്റൈലില്‍ ഉള്ള ഫ്രെയിം വേണം എന്നതും നിര്‍ബന്ധം...പക്ഷെ ബ്രാന്‍ഡ്‌ വിട്ടുള്ള കളി ഇല്ല എന്നത് വേറെ കാര്യം... മഞ്ചേരിയിലെ ഐ സ്റ്റൈല്‍ എന്ന കണ്ണട കട അങ്ങനെ കുറെ ഉണ്ടാക്കി...!! അടുത്ത കാലത്ത് അവര്‍ കട പുതുക്കി പണിഞ്ഞതിലും ഞാന്‍ കാരണമായോ എന്തോ??

ഒരുതവണ ഞാന്‍ വാങ്ങിയത് വെള്ള ഫ്രെയിം ഉള്ള ഒരു കണ്ണടയായിരുന്നു... എപ്പോഴും ഒരു പാര്‍ട്ടി ലുക്ക്‌ ആവട്ടെ എന്ന് കരുതി...!! അതൊരുപാട് വിമര്‍ശനവും അത് പോലെ കുറച്ചു നല്ല അഭിപ്രായവും നേടി... എവിടെ അത് വച്ച് പോയാലും നാല് പേര് ശ്രദ്ധിക്കാന്‍ തുടങ്ങി... (ബാംഗ്ലൂരില്‍ അല്ല കേട്ടോ, ഇവിടെ അതൊന്നും ഒരു പുത്തരിയല്ല) അങ്ങനെ ഞാന്‍ ഒരിക്കല്‍ ഇതും വച്ച് കൊണ്ട് തൃശ്ശൂരില്‍ പോയി... മനോജേട്ടന്റെ വീട്ടില്‍ ആയിരുന്നു താമസം...

മനോജേട്ടന്റെ വീട്ടിലുള്ളവര്‍ക്ക് എന്‍റെ കണ്ണട കണ്ടപ്പോഴേ "അയ്യേ" ഭാവം...!! ചില അടക്കി ചിരികളും കുശു കുശുക്കലും ഞാനും കേട്ടു... തൊലിക്കട്ടി ഉമ്മന്‍ചാണ്ടിക്ക് സമം ആയതിനാല്‍ അതൊന്നും എനിക്ക് ഏശിയില്ല...!!  പിന്നെ, നമ്മളിതെത്ര കണ്ടതാ...!!

പിറ്റേ ദിവസം ഞാന്‍ മനോജേട്ടന്റെ കൂടെ ത്രിശൂര്‍ റൌണ്ടിലേക്ക് ചില്ലറ ഷോപ്പിങ്ങിനു ഇറങ്ങി.. ഇടക്ക് കുറച്ചു കാശ് എടുക്കാന്‍ വേണ്ടി ജോസ് തിയേറ്ററിന്റെ അടുത്തുള്ള ഒരു എ ടി എമ്മില്‍ കയറി... അവിടെ നിന്നു ഇറങ്ങി റോഡ്‌ ക്രോസ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ തൊട്ടടുത്തുള്ള ഒരു വഴി വാണിഭക്കാരനെ കണ്ടു...

"ഏതെടുത്താലും അമ്പതു രൂപ...വിറ്റഴിക്കല്‍...., വിറ്റഴിക്കല്‍..., വെറും അമ്പതു രൂപ മാത്രം..."

അയാളുടെ വില്‍പ്പനയിലേക്ക് ഞാന്‍ ഒന്ന് എത്തിച്ചു നോക്കി... എല്ലാം കണ്ണട ഫ്രേമുകള്‍ ആണ്... അക്കൂട്ടത്തില്‍ ദാ ഇരിക്കുന്നു, ഞാന്‍ ധരിച്ചത് പോലെ തന്നെ ഉള്ള ഒരു വെള്ള ഫ്രെയിം...!!

മനോജേട്ടനും കൂട്ടരും പൊട്ടി ചിരിക്കാന്‍ തുടങ്ങി...

രണ്ടായിരം എണ്ണികൊടുത്ത് ഞാന്‍ വാങ്ങിയ എന്‍റെ ഫ്രേമിന്റെ ജാരനെ അങ്ങേരു കൂളായി അമ്പതു രൂപയ്ക്കു വില്‍ക്കുന്നു...!! എന്‍റെ ഉള്ളൊന്നു കത്തി...!! അതിലും കൂടുതല്‍ എന്നെ തകര്‍ത്തത് എന്‍റെ കൂടെ വന്ന മനോജേട്ടന്റെയും കൂട്ടരുടെയും അട്ടഹാസമായിരുന്നു...!!

ഡ്യൂപ്ലിക്കേറ്റിന്റെ ഒറിജിനല്‍ കിട്ടുന്ന കുന്നംകുളം ഉള്ള ത്രിശൂര്‍ ജില്ലയില്‍ ഇതല്ല ഇതിന്‍റെ അപ്പുറം നടക്കും... നിര്‍ത്തി, ഒറിജിനല്‍ വാങ്ങുന്ന പരിപാടി ഞാന്‍ നിര്‍ത്തി...!!

പിന്‍കുറിപ്പ്: അന്ന് വാങ്ങിയ വെള്ള കണ്ണട ഇന്നും എന്‍റെ കയ്യില്‍ ഉണ്ട്, വര്‍ഷം ഒന്നില്‍ കൂടുതല്‍ ആയിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ...!! ഒറിജിനല്‍ ഒറിജിനല്‍താന്‍...ടാ...!!

ആ കണ്ണട കാണണമെങ്കില്‍ നോക്കിക്കോ... https://www.facebook.com/photo.php?fbid=355155821229224&set=a.102664903144985.3617.100002044269499&type=1&theater

No comments: