Wednesday, July 3, 2013

നെഞ്ചിലൊരു ബല്ലേ ബല്ലേ

പാഴായിപ്പോയ ഒരുപാട് ടെന്‍ഷനുകള്‍ എല്ലാവരേയും പോലെ എനിക്കും ഉണ്ടായിട്ടുണ്ട്...

സ്കൂളില്‍ പദ്യം പഠിച്ചു വരാന്‍ പറഞ്ഞ ദിവസം അത് മനപ്പാഠം ചെയ്യാന്‍ കഴിയാതെ അന്ന് ഉച്ചക്കുള്ള ഇന്ട്രെവെല്‍ കഴിഞ്ഞുള്ള ആദ്യത്തെ മലയാളം ക്ലാസ്സ്‌ വരെ ടെന്‍ഷന്‍, ഓഫീസ് റൂമിന്‍റെ ജനലിലൂടെ സച്ചിതാനന്ദന്‍ മാഷിന്‍റെ സാന്നിദ്ധ്യം ഉറപ്പു വരുത്താന്‍ ഒളിഞ്ഞു നോക്കിയപ്പോള്‍, മേശപ്പുറത്തു കാലു കയറ്റി വച്ച് ഉറങ്ങുകയായിരുന്ന സച്ചിതാന്ദന്‍ മാഷും മേശപ്പുറത്തു കിടന്നിരുന്ന കൂന് പിടിച്ചവനെ പോലെ വളഞ്ഞ വള്ളി ചൂരലും എന്‍റെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചു...ആ ദുഷ്ടനാണെങ്കില്‍ നഖവും വെട്ടില്ല... ഇനിയിപ്പോ ചൂരലെടുക്കാന്‍ മറന്നാലും അങ്ങേരു ക്ലാസ്സിലേക്ക് വരുമ്പോള്‍ കൂടെ നഖവും വരുമല്ലോ..!! തുടയില്‍ നഖക്ഷതങ്ങള്‍ വീണ് കണ്ണില്‍ ഇന്ന് നക്ഷത്ര ദീപങ്ങള്‍ തെളിയും, തീര്‍ച്ച...!!

ചൂരലും ചുഴറ്റി പിടിച്ചുകൊണ്ടു സച്ചിതാനന്ദന്‍ മാഷ്‌ ക്ലാസ്സില്‍ വന്നു...വടി കൂടെയുണ്ട്, അപ്പൊ അടിയാണ്, നുള്ളില്ല.. !! ഇനി എത്രയെന്നു കൂടെ അറിഞ്ഞാല്‍ മതി...!! അപ്പോഴേക്കും എന്‍റെ ഹൃദയം പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്ത്വത്തില്‍ ഇലഞ്ഞിത്തറ മേളം തുടങ്ങിയിരുന്നു...!! വേറേയും പലരുടെ ഹൃദയം മേളം നടത്തിയിരുന്നെങ്കിലും എന്‍റെ ഉള്ളിലെ മേളം കാരണം ഞാന്‍ അതൊന്നും അറിഞ്ഞില്ല...ഇരുന്ന ഇരുപ്പില്‍ ഇളയൂരപ്പന്റെ ഭാണ്ടാരത്തില്‍ രണ്ടു രൂപ നേര്ച്ചയിടാമേ എന്ന് പ്രാര്‍ത്ഥിച്ചു...!!

പെട്ടന്നാണ് മാഷ് എന്‍റെ പേര് വിളിച്ചത്.

"രാകേഷ്..."

ഇളയൂരപ്പന്‍ കൈവിട്ടല്ലോ...!! കാലമാടന്‍ ആദ്യം തന്നെ എന്നെക്കൊണ്ട് "ബ ബ ബ" എന്ന് പറയിപ്പിക്കും..!! ക്ലാസ്സിലെ സകലരും എന്നെ നോക്കുന്നു... പ്രത്യേകിച്ച് പെണ്‍കുട്ടികള്‍......, അവരുടെ മുന്‍പില്‍ വച്ച് മാനം കപ്പല് കയറുമല്ലോ...!! അടികൊണ്ടു അലറി വിളിച്ചു ചാടി കളിക്കാതിരുന്നാല്‍ തന്നെ ഭാഗ്യം...!! മുന്‍ ബെഞ്ചിന്‍റെ അറ്റത്ത്‌ ഇരുന്ന ഞാന്‍ അമല്‍ നീരദ് സ്റ്റൈലില്‍ സ്ലോ മോഷനില്‍ തന്നെ എന്നീട്ടു...

"ഞാന്‍ ചോക്കെടുക്കാന്‍ മറന്നു, ഓഫീസില്‍ പോയി ചോക്കെടുത്തോണ്ട് വാ... ബാക്കി എല്ലാരും പേജ് നമ്പര്‍ ഇരുപത്തി നാല് എടുക്കൂ, ഇന്ന് ഒരു പുതിയ പാഠം പഠിപ്പിക്കാന്‍ പോവുകയാണ്...!!"

കോടതി വെറുതെ വിട്ട പ്രതിയുടെ സന്തോഷത്തോടു കൂടി ഞാന്‍ ഓഫീസിലേക്ക് ഓടി....പദ്യം ചൊല്ലിക്കാന്‍ പറന്നു പോയ മാഷിനു ഞാന്‍ കൈ നിറയെ ചോക്കും കൊടുത്തു...എന്നിട്ട് മനസ്സില്‍ പറഞ്ഞു,

"താങ്ക്യൂ മിസ്റ്റര്‍ ഇളയൂരപ്പന്‍..,..!!"

അന്ന് വൈകുന്നേരം വീടിലേക്ക്‌ പോയപ്പോള്‍ മറ്റൊരു ടെന്‍ഷന്‍ ചിന്ത വന്നു...ഇളയൂരപ്പന് കൊടുക്കാം എന്ന് ഏറ്റ രണ്ടു രൂപ... !! സാരമില്ല, ബാലേട്ടന്റെ പീടികയില്‍ സാധനം വാങ്ങാന്‍ അമ്മ വിടുമ്പോള്‍ കുംഭകോണം നടത്താം...അത് കയ്യോടെ പിടിച്ചാലോ??? വീണ്ടും ടെന്‍ഷന്‍...,.. അത് അപ്പൊ നോക്കാം, ഹല്ല പിന്നെ...!!

No comments: