Monday, July 1, 2013

ജമ്പന്‍ മാഹാത്മ്യം, രണ്ടാം ഖണ്ഡം

മുന്‍പ് ഒരു തവണ ഞാന്‍ ജമ്പനെ കുറിച്ച് പറഞ്ഞിരുന്നു...അതിനുള്ള മറുപടി കഴിഞ്ഞ ആഴ്ച അവന്‍ വീട്ടില്‍ വന്നു തന്നു പോയിട്ടുണ്ട്...പ്രതികാരമായി ഇതാ ഒരു ജമ്പന്‍ മാഹാത്മ്യം കൂടി..!!

ഞങ്ങളുടെ ഹൈസ്കൂള്‍ കാലഘട്ടത്തില്‍ വായപ്പാറപ്പടിയില്‍ ഒരു സൈക്കിള്‍ വിപ്ലവം ഉണ്ടായി...ഹീറോ റേഞ്ചര്‍, ഹെര്‍കുലീസ്, ബി എസ് എ അങ്ങനെ പല കമ്പനികളുടെ പല വര്‍ണ്ണത്തിലും രൂപത്തിലും ഉള്ള സൈക്കിളുകള്‍ ഞങ്ങളുടെ ചവിട്ടേറ്റു തലങ്ങും വിലങ്ങും പാഞ്ഞു...

അന്ന് പക്ഷെ ജമ്പനു സൈക്കിള്‍ ഇല്ല എന്നതാണ് എന്‍റെ ഓര്‍മ്മ.. പക്ഷെ മറ്റുള്ളവരുടെ സൈക്കിള്‍ എടുത്തു പറപ്പിച്ചു വിടാനും അത്യാവശ്യം അഭ്യാസങ്ങള്‍ കാണിക്കാനും ടിയാന്‍ ഉഷാറായിരുന്നു.. പോരാത്തതിന് സാഹസികത ഇന്നത്തെ പോലെ അന്നും മൂപ്പരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു... ഏതു വെല്ലുവിളിയും കക്ഷി ഏറ്റെടുക്കും... അതിന്‍റെ അനന്തര ഫലങ്ങള്‍ എന്ത് തന്നെ ആയാലും വെറും തൃണം...!!

അങ്ങനെ ഒരിക്കല്‍ ഒരു വൈകുന്നേരത്ത്, ഞങ്ങളുടെ സംഘം അരുകിഴായ ബൈപ്പാസില്‍ ഒത്തുകൂടി... ആ ബൈപ്പാസ് റോഡിന്‍റെ ഇരു വശങ്ങളിലും ഞങ്ങള്‍ ക്രിക്കറ്റ്‌ കളിക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന പാടങ്ങള്‍ ആയിരുന്നു...റോഡില്‍ നിന്നും ഏതാണ്ട് ഒരാള്‍ താഴ്ചയില്‍ ആയിരുന്നു അന്നത്തെ ആ "ലോര്‍ഡ്സും" "ഈഡെന്‍ ഗാര്‍ഡന്‍സും" എല്ലാം സ്ഥിതി ചെയ്തിരുന്നത്... ബൈപ്പാസ്സിനു കുറുകെയായി ഒരല്‍പ്പം ഇറക്കമുള്ള മറ്റൊരു റോഡും ഉണ്ട്...

  അന്ന് അവിടെ ഞങ്ങളുടെ കൂട്ടത്തില്‍ സൈക്കിളില്‍ വന്നത് കുട്ടപ്പന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഹേന്നി മാത്രമായിരുന്നു...ജമ്പനു ഒരു മോഹം, കുട്ടപ്പന്റെ സൈക്കിള്‍ എടുത്തു ഒരു റൌണ്ട് അടിക്കണം...മടിയൊന്നും കൂടാതെ കുട്ടപ്പന്‍ ജമ്പനു സൈക്കിള്‍ കൊടുക്കുകയും ചെയ്തു..ഒരു റൌണ്ടും കഴിഞ്ഞു വന്നു ജമ്പന്‍ വണ്ടി നിര്‍ത്തിയത് ബൈപ്പാസിന്റെ വളരെ ഓരം ചേര്‍ന്നാണ്, കുട്ടപ്പനെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്തതായിരു അത്...

"അത്ര ധൈര്യമുണ്ടെങ്കില്‍ ഇജ്ജു അതൊന്ന് ചാടിച്ചാ...!! " കുട്ടപ്പന്‍ ജമ്പനെ വെല്ലുവിളിച്ചു....

"ചാടിച്ചാല്‍ എന്ത് തരും???" ന്യായം, ഒരു സമ്മാനമില്ലാത്ത വെല്ലുവിളി പാടില്ലല്ലോ...!!

"ഒന്നും തരാനൊന്നും പറ്റൂല, സൈക്കിളിനു എന്ത് പറ്റിയാലും ഇക്ക് പ്രശ്നമില്ല" കുട്ടപ്പന്‍ നയം വ്യക്തമാക്കി.

ഒരു സാഹസികത കാണിക്കാന്‍ കിട്ടിയ അവസരമല്ലേ, ജമ്പന്‍ അത് പാഴാക്കേണ്ട എന്ന് കരുതി. ഇറക്കത്തില്‍ നിന്നും അതിവേഗത്തില്‍ ശരം കണക്കെ സൈക്കിള്‍ പായിച്ചു കൊണ്ട് ജമ്പന്‍ വന്നു... 'വായിലെ പല്ല്, ശരീരത്തിലെ എല്ല്' ഈ രണ്ടു വിചാരങ്ങള്‍ പെട്ടന്ന് ജമ്പന്റെ നാഡികളിലൂടെ ഓടി... രണ്ടു കൈകളും ബ്രേക്കില്‍ അമര്‍ന്നു... ഒരു വൃത്തികെട്ട ശബ്ദവും മുഴക്കിക്കൊണ്ട് സൈക്കിള്‍ പാടത്തേക്കു ചാടാതെ നിന്നു...എല്ലാവരും ജമ്പനെ കളിയാക്കാന്‍ തുടങ്ങി..

"വല്യ വര്‍ത്താനം മാത്രം പോര, #$^%$ക്ക് ഉറപ്പു വേണം" കുട്ടപ്പന്റെ വക തന്നെ ആയിരുന്നു ഡയലോഗ്...!!

അപമാന ഭാരം ഉണ്ടായിരുന്നെങ്കിലും ജമ്പന്‍ ഒരു വളിച്ച ചിരി ചിരിച്ചു...

അരുകിഴായ ക്ഷേത്രത്തില്‍ ദീപാരാധന കഴിഞ്ഞു വരുന്ന പെണ്‍കുട്ടികളെ കണ്ടപ്പോള്‍ പിന്നെ അത് വരെ ഉണ്ടായ കാര്യങ്ങളെല്ലാം ഞങ്ങള്‍ വിട്ടു...എല്ലാരും പാടത്ത് വട്ടത്തിലിരുന്നു സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോഴും ജമ്പന്‍ സൈക്കിളില്‍ റൌണ്ട് അടിച്ചു കൊണ്ടിരിക്കുകയായിരുന്നു.... അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ "ധിം.." എന്ന് പഴംചക്ക വീണ പോലെ ഒരു ശബ്ദം...നോക്കിയപ്പോള്‍ നമ്മുടെ നായകന്‍ എല്ലാരും മറന്നു തുടങ്ങിയിരുന്ന ആ വെല്ലുവിളി ഏറ്റെടുത്തു നടത്തിയിരിക്കുന്ന കാഴ്ചയാണ് കണ്ടത്...

കമിഴ്ന്നടിച്ചു വീണെങ്കിലും വലിയ പരിക്കൊന്നും പറ്റാതെ ജമ്പന്‍ ദേഹത്ത് പറ്റിയ ചെളിയും തട്ടികളഞ്ഞു കുട്ടപ്പന്റെ അടുത്ത് പോയി പറഞ്ഞു,

"സൈക്കിള്‍ അവിടെ കിടക്കുന്നുണ്ട്, പോവുമ്പോ എടുക്കാന്‍ മറക്കണ്ട...!!"

കുട്ടപ്പന്‍ സൈക്കിള്‍ എടുത്തു നോക്കി.. ചക്രങ്ങള്‍ ഡബ്ലിയു പോലെ വളഞ്ഞു പോയിരിക്കുന്നു... ഒന്നും മിണ്ടാതെ ദയനീയമായ ഒരു വികാരം മുഖത്തും, ആകൃതി നഷ്ടപ്പെട്ട സൈക്കിള്‍ കയ്യിലും പേറി അവന്‍ നടന്നു... വര്‍ക്ക്ഷോപ്പിലേക്ക്....!!

No comments: