Friday, June 28, 2013

നവീന്‍, ഇന്നും ഞാന്‍ നിന്നെ ഓര്‍ക്കുന്നു, സ്നേഹിക്കുന്നു..

വിവേക്, നവീന്‍, നസീം, രാകേഷ്...ഇതൊരു സങ്കീര്‍ണമായ സമവാക്യമായിരുന്നു.... വായപ്പാറപ്പടിയിലെ ഒരേ തലമുറയിലെ ദളങ്ങള്‍ ആയിരുന്നു ഞങ്ങള്‍...... ഒരേ സ്കൂളില്‍ ഒരേ തലത്തില്‍ പഠിക്കുന്ന ഒരുമിച്ചു സ്കൂളില്‍ പോവുന്ന ഒരേ ട്യൂഷന്‍ ക്ലാസ്സില്‍ പോവുന്ന ഒരേ നാട്ടുകാര്‍..., ഒരുമിച്ചു കളി, ഒരുമിച്ചു പഠനം, വീട്ടുകാര്‍ തമ്മിലും നല്ല ബന്ധം..

ഏതു കൂട്ടുകെട്ടിലും ഒരാള്‍ തടിയനാവണം, ഇത് ഒരു പക്ഷെ പ്രപഞ്ച നിയമമായിരിക്കണം...ഞങ്ങളുടെ കൂട്ടത്തിലും ഒരാള്‍ തടിയനായിര്‍ന്നു...നവീന്‍...

അവനെ കുറിച്ചാണ് ഇന്നത്തെ കുറിപ്പ്..തടിച്ച കുട്ടികളോട് എന്നും അദ്ധ്യാപകര്‍ക്ക് ഒരു കൂടുതല്‍ സ്നേഹം ഉണ്ടായിരുന്നു..അത് നവീനിനും കിട്ടി..ഇതില്‍ അങ്ങനെ ഒരു ആനുകൂല്യവും കിട്ടാതിരുന്ന എനിക്ക് അസൂയ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഞാന്‍ നിഷേധിക്കില്ല...ചെറിയ ചില ഉരസലുകള്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു...അങ്ങനെ ഒരിക്കന്‍ ആ ഉരസലില്‍ തീ ചീറി അത് അടിയായി... പൊതുവേ മെലിഞ്ഞിരുന്ന ഞാന്‍ തടിച്ച നവീനിനെ ഇടിച്ചു താഴെ വീഴ്ത്തി...ആ വീഴ്ച്ചക്ക് കുറച്ചു ശബ്ദം കൂടിപ്പോയി...അത് കേട്ട് വന്ന ഒരു മാഷ്‌ ഞങ്ങളെ രണ്ടു പേരെയും ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു..

അവര്‍ ഞങ്ങള്‍ രണ്ടു പേരേയും മാറി മാറി നോക്കി...കറുത്ത് മെലിഞ്ഞ ഞാനും, സാമാന്യം തടിയുള്ള നവീനും...മാഷ്‌ എന്‍റെ അടുത്ത് വന്നു ഒറ്റ ചോദ്യം, "എന്ത് ധൈര്യത്തിലാടാ നീ ഈ തടിയനെ തല്ലിയത്??"
എനിക്ക് പ്രത്യേകിച്ച് ഉത്തരമില്ലാത്തത് കൊണ്ട് അവര്‍ ഞങ്ങളെ നിരുപാദികം വിട്ടയച്ചു...സമ്മാനമായി ഓരോ ചോകൊലൈറ്റ്, കൂടെ ഉപദേശവും...!! ആ ഉപദേശം എന്നോടായിരുന്നു.. "ആവുന്ന പണി ചെയ്‌താല്‍ മതി, അവന്‍ വീണില്ലെങ്കില്‍ നിന്‍റെ കാര്യം എന്താവുമായിരുന്നു..!!"

അങ്ങനെ കുറെ കാലം കഴിഞ്ഞു, പത്തും കഴിഞ്ഞു പ്ലസ്‌ ടു അഡ്മിഷന്‍ കഴിഞ്ഞ കാലം, ഞാനും നവീനും കൊട്ടൂക്കര സ്കൂളില്‍ ചേര്‍ന്ന സമയം...എല്ലാ ദിവസവും നവീന്‍ ലീവ്...ഞാന്‍ എന്നും അവന്‍റെ ലീവ് ഏറ്റു പറഞ്ഞു...പുറം വേദന കാരണം അവന്‍ ചികിത്സയില്‍ ആണ് എന്ന് മാത്രമായിരുന്നു എന്‍റെ അറിവ്...

അങ്ങനെ ഇരിക്കുന്ന ഒരു കാലത്ത് ഞാന്‍ അറിഞ്ഞു അവന്‍ ഇനി ആ സ്കൂളില്‍ വരില്ല എന്ന്, തൊട്ടടുത്ത വര്‍ഷം അവന്‍ വീടിന്‍റെ അടുത്ത ഒരു സ്കൂളില്‍ ചേര്‍ന്നു...ഞാന്‍ ഡിഗ്രീ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് അവന്‍ പ്ലസ്‌ ടു കഴിയുന്നത്‌.....,....പ്ലസ്‌ ടു റിസള്‍ട്ട്‌ വന്ന ദിവസം, നവീനും നല്ല മാര്‍ക്കുണ്ട്, പക്ഷെ അവന്‍ അതറിഞ്ഞത് ആശുപത്രിയില്‍ വച്ചായിരുന്നു...അവന്‍റെ അവസ്ഥ മോശമായത് കൊണ്ട് അവനെയും കൊണ്ട് വീടുകാര്‍ അന്ന് തന്നെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് കൊണ്ട് പോയി...

അത്രയും കാലം ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ പുറം വേദനയുണ്ട് എന്ന് പറഞ്ഞ അവനെ ഞങ്ങള്‍ കളിയാക്കിയിരുന്നു...സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പുറം വേദന ഉണ്ടായ സമയം ആയതു കൊണ്ട്, ഞങ്ങള്‍ അവനെ അന്ന് കണക്കിന് കളിയാക്കിയിരുന്നു...പക്ഷെ അവന്‍റെ പുറത്തെ ഏതൊക്കെയോ സെല്ലുകള്‍ ഭ്രാന്ത് പിടിച്ചു വളര്‍ന്നു കാന്‍സര്‍ ആയി എന്ന് അന്ന് ഞങ്ങള്‍ അറിഞ്ഞില്ല...കളി കാര്യമായി, അന്നത്തെ പോക്കിന് ശേഷം അവന്‍ തിരിച്ചു വന്നില്ല...!!

ഒരു മരണവും അന്നേ വരെ എന്നെ കരയിച്ചിരുന്നില്ല...പക്ഷെ അന്ന് നവീനിന്റെ പൊതിഞ്ഞു കെട്ടിയ ശരീരം ഞങ്ങളുടെ മുന്‍പില്‍ വന്നപ്പോള്‍, അത് കണ്ടു വിവേകിന്‍റെ കൈകള്‍ എന്‍റെ കയ്യില്‍ മുറുകിയപ്പോള്‍, ഞാന്‍ ശെരിക്കും കരഞ്ഞു പോയി നവീന്‍..., നിന്നോട് എത്ര അസൂയ ഉണ്ടായിരുന്നെങ്കിലും, നിന്‍റെ ചേതനയറ്റ ശരീരത്തിന് മുന്‍പില്‍ എന്‍റെ കണ്ണീരിനെ എനിക്ക് തടുക്കാന്‍ കഴിഞ്ഞില്ല...എല്ലാ മൃദുല വികാരത്തിനും മേലെ നീയെന്ന സുഹൃത്തിനെ എത്ര സ്നേഹിച്ചുരുന്നു എന്ന് ഞാന്‍ അന്നറിഞ്ഞു...അന്ന് നിന്‍റെ ദേഹം അഗ്നി പുണര്‍ന്നു തുടങ്ങിയപ്പോള്‍ എന്‍റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു....മുഖം പൊത്തി ഞാന്‍ കരഞ്ഞു....!! 

നവീന്‍ ഇന്നും ഞാന്‍ നീയെന്ന സുഹൃത്തിനെ സ്നേഹിക്കുന്നു...നിന്‍റെ സൈക്കിളില്‍ അത് ഓടിക്കാന്‍ പഠിച്ച നിന്നോട് എന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു...നിന്‍റെ അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ എനിക്ക് ഇന്നും മടിയാണ്, എന്‍റെ മുഖം അവര്‍ക്ക് നിന്‍റെ ഓര്‍മ്മകള്‍ വിഷമം നല്‍കും എന്ന ഭയം എനിക്ക് ഉണ്ട്...ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നവീന്‍, നിന്നോട് എനിക്ക് സ്നേഹം, സ്നേഹം മാത്രമാണ്...

No comments: