Thursday, June 13, 2013

വന്‍ വീഴ്ച്ചകള്‍ - ഒന്നാം ഭാഗം

വീഴ്ചകള്‍ പല തവണ സംഭവിച്ചിട്ടുണ്ട്...ഇന്ന് പറയാന്‍ പോവുന്നത് എന്‍റെ സൈക്കിള്‍ വീഴ്ചകള്‍ ആണ്...സൈക്കിള്‍ ഓടിക്കാന്‍ ഞാന്‍ പഠിക്കാന്‍ ഒരല്‍പം വൈകി..എഴാം ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ ആ വിദ്യ പഠിച്ചത്...അത് തന്നെ സുഹൃത്തുക്കളുടെയും അയല്പക്കത്തെയും സൈക്കിളുകള്‍ കടമെടുത്തായിരുന്നു...അക്കാലത്തെ എന്‍റെ മൂലധനമായ ഒരു കെട്ട് ബാലരമ-ബാലമംഗളം-പൂമ്പാറ്റ പ്രസിദ്ധീകരണങ്ങള്‍ എന്‍റെ സുഹൃത്തായ നവീന്‍ ലാലിന് വായിക്കാന്‍ കൊടുത്തു ഞാന്‍ ആദ്യമായി അവന്‍റെ സൈക്കിള്‍ ഓടിക്കാന്‍ ശ്രമം തുടങ്ങി...അകാലങ്ങളില്‍ പൊലിഞ്ഞു പോയ നവീന്‍, ഞാന്‍ നിന്നോട് എന്നും കടപ്പെട്ടിരിക്കുന്നു...

എല്‍ കെ ജി യില്‍ എന്നെ സ്കൂളില്‍ കൊണ്ട് ചെല്ലാന്‍ വേണ്ടി അയല്‍പക്കത്തെ ചേട്ടന്റെ സൈക്കിളില്‍ ഒരു കൊച്ചു സീറ്റ് മുന്‍പിലെ ബാറില്‍ വച്ച് പിടിപ്പിച്ചിരുന്നു...അതില്‍ ഇരുന്നു പോവുന്ന കാലത്ത് അറിയാതെ കാല്‍ വീലിന്റെ ഇടയില്‍ കുടുങ്ങി ഞങ്ങള്‍ പല വട്ടം വീണു...ശരീരത്തിന്‍റെ നിറം കാരണം ആ വീഴ്ചയുടെ പാടുകള്‍ കണ്ടു പിടിക്കാനും പാടാണ്..

ഓടിക്കാന്‍ പഠിക്കുന്ന കാലത്ത് കാര്യമായ വീഴ്ചകള്‍ പറ്റാതെ ഞാന്‍ സൈക്കിള്‍ പഠനം പൂര്‍ത്തിയാക്കി...പക്ഷെ പിന്നീട് അതല്ലായിരുന്നു സ്ഥിതി...വലിയ പരിക്കുകള്‍ ഇല്ലാതിരുന്നത് ഭാഗ്യം മാത്രം...അരുകിഴായ ഭാഗത്ത്‌ നിന്നു വായപ്പാറപ്പടി അങ്ങാടിയിലെ വളവിലെ ചരലില്‍ ബ്രേക്ക്‌ ഇട്ടു നിരങ്ങി വീണതായിരുന്നു ആദ്യത്തെ വീഴ്ച...കാലം കഴിഞ്ഞപ്പോള്‍ എന്‍റെ സൈക്കിള്‍ യാത്രക്ക് വേഗത കൂടിക്കൊണ്ടേ ഇരുന്നു...കയറ്റങ്ങളില്‍ അതേ വേഗത കിട്ടാന്‍ നിന്നു ചവിട്ടാന്‍ തുടങ്ങി...സ്വന്തമായി സൈക്കിള്‍ കിട്ടിയ കാലം...അരുകിഴായയില്‍ നിന്നു ബോയ്സ് ഹൈ സ്കൂള്‍ ഗ്രൌണ്ടിലേക്ക് പോവുന്ന കയറ്റത്തില്‍ വേഗത കുറയാതെ ഇരിക്കാന്‍ ഞാന്‍ ആഞ്ഞു ചവിട്ടി, നിന്നു തന്നെ...! പെട്ടന്ന് അത് സംഭവിച്ചു, എന്‍റെ സൈക്കിളിന്‍റെ പെടല്‍ പൊട്ടി വീണു....അന്നായിരുന്നു മോനെ ശെരിക്കും ലഡ്ഡു പൊട്ടിയത്....!!!

വീഴ്ചയുടെ വേദന കൂടുന്നത് അത് മാനം കളയുമ്പോള്‍ ആണ്...പോത്ത് പോലെ വളര്‍ന്നു ഇന്‍ഫോസിസില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ വന്ന കാലം...അവിടത്തെ ക്യാമ്പസ്സിന്റെ സവിശേഷതകളില്‍ ഒന്നായിരുന്നു, ഒരു കെട്ടിടത്തില്‍ നിന്നും അടുത്തതിലേക്ക് പോവാനുള്ള സൈക്കിളുകള്‍...., അങ്ങനെ ഒരു ദിവസം ഞാനും മുകേഷും സിന്റ്റൊയും കൂടെ ഊണ് കഴിക്കാന്‍ ഓരോ സൈക്കിളും എടുത്തു ചവിട്ടി ഫുഡ്‌ കോര്‍ട്ട് ലക്ഷ്യമായി നീങ്ങി....വളവുകളില്‍ സൈക്കിള്‍ കിടത്തി എടുക്കുന്നത് എന്‍റെ ഒരു വീക്നെസ് ആയിരുന്നു...അന്നും ആ തിരക്കുള്ള ലഞ്ച് ബ്രേക്കില്‍ ഞാനത് ആവര്‍ത്തിച്ചു...ഇത്തവണ പണി പാളി...വളവില്‍ ഞാന്‍ കുത്തിമറിഞ്ഞു ഞാന്‍ വീണത്‌ അന്ന് എന്‍റെ പ്രോജക്ടില്‍ ഉണ്ടായിരുന്ന ഒരു തമിഴന്‍റെ മുന്നിലേക്ക്‌...., ഒരു ചിരിയും ചിരിച്ചുകൊണ്ട് അവന്‍ എന്നോട് ചോദിച്ചു..." വാട്ട് രാകേഷ്???"... "ബ്ലഡി ഫൂള്‍ " എന്ന് മനസ്സില്‍ പ്രാകിക്കൊണ്ട്‌ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ മുകേഷും സിന്റ്റൊയും ശ്വാസം മുട്ടി ചിരിക്കുന്നു...!! കൂടുതലൊന്നും ആലോചിക്കുകയും പറയുകയും ചെയ്യാതെ അന്നവിടെ കൂടിയ പുരുഷാരത്തെ മൈന്റ് ചെയ്യാതെ ഞാന്‍ നേരെ ഫുഡ്‌ കോര്‍ട്ടിലേക്ക് വച്ച് പിടിച്ചു...അവിടെ എത്തിയ ശേഷം ഞാന്‍ രണ്ടു കാലുകളും നന്നായി തിരുമ്മി....ചിരിച്ചു ശ്വാസം മുട്ടി അത്യാസന്ന നിലയില്‍ രണ്ടു ബോഡികള്‍ അപ്പോഴേക്കും അവിടെയെത്തി...!! "മിസ്റ്റര്‍ മുകേഷ് ആന്‍ഡ്‌ സിന്റ്റോ അധികം ചിരിക്കണ്ട ഇന്ന് ഞാന്‍ നാളെ നീ " അത്രയും മനസ്സില്‍ വിചാരിച്ചു ഞാന്‍ ഫുഡ്‌ ഓര്‍ഡര്‍ ചെയ്തു... "വണ്‍ ചിക്കന്‍ ബിരിയാണി."


##ബൈക്കിലെ വീഴ്ചകള്‍ നാളെ പറയാം..

No comments: