Friday, June 14, 2013

വന്‍ വീഴ്ചകള്‍ - ഭാഗം രണ്ട്‌

ഇന്നലെ പറഞ്ഞ വീഴ്ച്ചകളില്‍ നിന്നു തുടരാം...സൈക്കിള്‍ ഓടിച്ചു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ബൈക്കിലേക്ക് നോട്ടമെത്തി..സൈക്കിളിനെക്കാളും ഒരുപാട് വിലയുള്ളത് കൊണ്ടാവാം ആ വിദ്യ പഠിക്കാന്‍ പെട്ടന്ന് ഒരു വണ്ടി തരപ്പെട്ടില്ല...ഓടുവില്‍ നിഖില്‍ എന്ന സുഹൃത്തിന്‍റെ വണ്ടി എനിക്ക് ആശ്രയമായി എത്തി...കുറച്ചു എക്സ്ട്രാ പെട്രോള്‍ എന്ന ഡീലില്‍ ഞാന്‍ ബൈക്ക് ഓടിക്കാന്‍ പഠിക്കാന്‍ തുടങ്ങി...ഒരിക്കല്‍ കൂടെ വലിയ വീഴ്ച്ചകള്‍ ഇല്ലാതെ തന്നെ ഞാന്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ചു....!!

വീഴ്ച്ചകള്‍ തുടങ്ങിയത് പിന്നീടായിരുന്നു...കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യുന്ന ദിവസം ഞാന്‍ റെക്കോര്‍ഡ്‌ എടുക്കാന്‍ മറന്നു...ഗഫൂറിന്റെ ബൈക്ക് എടുത്തു വീട്ടില്‍ പോയി റെക്കോര്‍ഡ്‌ എടുക്കാന്‍ തീരുമാനിച്ചെങ്കിലും എന്‍റെ കയ്യില്‍ ബൈക്ക് തന്നു വിടാന്‍ ഗഫൂറിന് ധൈര്യം ഉണ്ടായില്ല...അരുണിന്റെ കയ്യില്‍ വണ്ടി കൊടുത്തു പോയി വരാന്‍ അവന്‍ സമ്മതിച്ചു...അങ്ങനെ ഞങ്ങള്‍ രണ്ടു പേരും മഞ്ചേരിയിലെ എന്‍റെ വീട്ടില്‍ പോയി റെക്കോര്‍ഡ്‌ എടുത്തു...തിരിച്ചു വരുന്ന വഴിയില്‍ ഒരു വളവില്‍ വച്ച് എതിരെ വന്ന ഒരു ടിപ്പര്‍ ലോറി ഞങ്ങളുടെ നേരെ വന്നു, ഒരു വിധത്തില്‍ റോഡിന്റെ അരുകിലേക്ക്‌ അടുപ്പിച്ചെങ്കിലും വീഴുക എന്ന കര്‍മ്മം ചെയ്യാന്‍ ഞാനും അരുണും വിധേയനായി...!! ചരലിലൂടെ നിരങ്ങി ഞങ്ങള്‍ രണ്ടും ധാ കിടക്കുന്നു താഴെ...!! വൈസറിന്റെ മുകളില്‍ ഡിസൈന്‍......., അത് ഞങ്ങള്‍ മാറ്റി കൊടുത്തു...!!

അതേ കാലത്ത് തന്നെ തുടരെ തുടരെ ഒരുപാട് ചില്ലറ അപകടങ്ങള്‍ ഉണ്ടായി..എല്ലാ സമയത്തും ഞാനായിരുന്നു പിറകില്‍ ഉണ്ടായിരുന്നത്...അങ്ങനെ ഒരു ദിവസം കോളേജ് കഴിഞ്ഞു മടങ്ങുന്ന സമയത്ത് സുഹൃത്തായ രാഗേഷിന്റെ ബൈക്കിനു പിറകില്‍ കയറി...അവന്‍ വേറെ എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തില്‍ ആയിരുന്നു, ഞാന്‍ പറഞ്ഞു "മോനെ ഞാന്‍ എന്തായാലും കയറിപ്പോയി, എല്ലാരും കണ്ടും പോയി, തല്‍ക്കാലം നീ റോഡിന്‍റെ മറുവശം വരെ കൊണ്ട് വിട്, ഞാന്‍ അവിടെ ഇറങ്ങിക്കോളാം".... അങ്ങനെ രാഗേഷ് എന്നെ റോഡ്‌ മുറിച്ചു കടത്തി...നിര്‍ത്തി ഞാന്‍ ഇറങ്ങുന്നതിനു മുന്‍പ് "ഠിം..." വേറെ ഒരു ബൈക്ക് വന്നു രാഗേഷിന്റെ ബൈക്കില്‍ ചാര്‍ത്തി...!! പിന്നെ അധികമാരും എന്നെ വണ്ടിയുടെ പുറകില്‍ കയറ്റിയിട്ടില്ല...!!

വീഴ്ചയില്‍ ഏറ്റവും ഗംഭീരം ഞങ്ങള്‍ ഓട്ടോയില്‍ ഇടിച്ചു വീണതാണ്...ഒരു നീണ്ട യാത്ര, അന്നത്തെ കാലത്ത് ഊട്ടി വരെ പോയാല്‍ അങ്ങനെ ഒരു ആഗ്രഹം സാധിക്കുമായിരുന്നു...ബാംഗ്ലൂരില്‍ ഉള്ള കസിന്‍സ് പറഞ്ഞത് അനുസരിച്ച് ഞാന്‍ ഒരു ബൈക്ക് വാടകയ്ക്ക് എടുത്തു...കസിന്‍സ് ആയ കണ്ണേട്ടനും ബിബിയേട്ടനും കൂടെ ഞങ്ങളുടെ ബാംഗ്ലൂര്‍ സുഹൃത്തായ മാര്‍ഷലും...വാടകയ്ക്ക് എടുത്തതിനു പുറമേ അമ്മാവന്‍റെ ബൈക്കും എടുത്തു ഞങ്ങള്‍ ഊട്ടിയില്‍ പോയി തിരിച്ചെത്തി...മനോഹരമായ ഒരു യാത്രക്ക് ശേഷം അവരെല്ലാം തിരിച്ചു പോവാന്‍ ഒരുങ്ങി, അവര്‍ക്ക് പോവാന്‍ ബസ്സിനു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ഞാന്‍ മാര്‍ഷലിനെയും വിളിച്ചു കൊണ്ട് വാടക ബൈക്കുമായി മലപ്പുറത്തേക്ക് പോയി...അവിടെ നിന്നും അന്ന് രാത്രിയുള്ള കെ എസ് ആര്‍ ടി സി ബസ്സില്‍ ടിക്കറ്റ്‌ ബുക്കും ചെയ്തു കഴിക്കാനുള്ള ബിരിയാണിയും മേടിച്ചുകൊണ്ട് ഞങ്ങള്‍ തിരിച്ചു......

മുട്ടിപ്പാലത്ത് എത്തിയപ്പോള്‍ ആണ് അത് സംഭവിച്ചത്...നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോ ഒരു കാരണവുമില്ലാതെ വലത്തോട്ടു തിരിഞ്ഞു, പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും ഇല്ലാതെ തന്നെ...മലപുറത്ത് ഇന്റികെറ്റര്‍ എന്ന ഒരു സംഗതി ഉപയോഗിക്കാറില്ല എന്ന് മാര്‍ഷലിനു അറിയില്ലായിരുന്നു....ഏതാണ്ട് ഒരു എന്പതു കിലോ മീറ്റര്‍ വേഗതയില്‍ വന്ന ഞങ്ങള്‍ ഓട്ടോയുടെ മുന്നില്‍ തന്നെ ഇടിച്ചു കയറി..ഭാരമേറിയ പള്‍സര്‍ ഇടിച്ചു ഓട്ടോ മറുവശത്തേക്ക് മറിഞ്ഞു....പുറകിലിരുന്ന ഞാന്‍ രണ്ടു കയ്യിലേയും ബിരിയാണി താഴെ പോവാതെ സുരക്ഷിതമായിവായുവില്‍ രണ്ടു കാരണം മറിഞ്ഞു താഴെ വീണു..ശരീരത്തിലെ കുറച്ചു പെയിന്റ് പോയാലും ബിരിയാണി സൈഫ്...!!

അന്ന് നഷ്ടപെടാത്ത ബിരിയാണിയുടെ ഭാഗ്യം ഇപ്പോഴും കൂടെ ഉണ്ട് എന്ന് തോന്നുന്നു...വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഞാന്‍ ഇന്നും ബൈക്ക് ഓടിക്കുന്നു..പറ്റുമ്പോഴൊക്കെ ലോങ്ങ്‌ ട്രിപ്പും പോവുന്നു...ഞാന്‍ അത് ആസ്വദിക്കുകയും ചെയ്യുന്നു...അപകടങ്ങള്‍ വഴിയെ വരാതിരിക്കട്ടെ...!!

No comments: