Thursday, June 6, 2013

ഫ്രഞ്ച് പുരാണം..

വീട്ടിലെ അടുക്കളയില്‍ പോലും ഞാന്‍ കയറുന്നത് അപൂര്‍വ്വമായിരുന്നു...അമ്മ തരുന്നതെന്തും കഴിച്ചു പറ്റിയാല്‍ കുറ്റവും പറഞ്ഞു ഞാന്‍ പോവുമായിരുന്നു...പക്ഷെ എല്ലാം തിരിഞ്ഞു മറിഞ്ഞു..ജോലി കിട്ടി ഒരിക്കല്‍ പൂനെയില്‍ എത്തി..അന്നത്തെ ശമ്പളം വച്ച് എന്നും പുറത്തുനിന്നു കഴിക്കുക എന്നത് പ്രയാസമായി..പോരാത്തതിന് ഒന്നും രുചി പിടിക്കുന്നും ഇല്ല...

ആദ്യം ഞാന്‍ താമസിച്ചത് രഞ്ജിത്ത് എന്ന സുഹൃത്തിന്റെ കൂടെ.. വീട്ടില്‍ ഒരു സ്റ്റവ്‌ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല..എന്തായാലും പാചകം ചെയ്യാം എന്ന തീരുമാനത്തോടെ ഞങ്ങള്‍ അത് ഉപയോഗിച്ച് തുടങ്ങി..എന്‍റെ ഭീകരമായ പാചകം കാരണമാണോ എന്തോ രഞ്ജിത്ത് അവിടെ നിന്നും ട്രാന്‍സ്ഫര്‍ മേടിച്ചു പോയി...!!

പിന്നെയാണ് ഞാന്‍ എന്‍റെ ഏറ്റവും നല്ല ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടെ താമസം മാറുന്നത്, അവിടെ വച്ച് പരിചയപ്പെട്ട അച്ചായന്‍ എന്ന് സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിക്കുന്ന ആല്‍ഡസ് എന്നെ അവരുടെ റൂമിലേക്ക്‌ ക്ഷണിച്ചു...അവിടെ രാജീവും, ദേവനും, ജയറാമും ഉണ്ടായിരുന്നു..പിന്നീട് ദിപ്ജോ എന്ന ഒരു കൂട്ടുകാരനും അവിടെയെത്തി..

വെജിറ്റെറിയന്‍ ഭക്ഷണം ഉണ്ടാക്കുന്നതില്‍ ദേവനാണ് മിടുക്ക്...ജയറാമിന് അങ്ങനെ ഒരു വക ഭേദമില്ല...എന്തെങ്കിലും വാരിയിട്ടു അവസാനം ഒരു രുചികരമായ ഭക്ഷണം ഉണ്ടാക്കാന്‍ അച്ചായനും, പക്ഷെ അവസാനം കൂട്ടുകളും അളവുകളും ചോദിക്കരുത് എന്ന് മാത്രം.. പാത്രം കഴുകാന്‍ രാജീവ്‌.., പുതിയ ആളുകളുടെ വരവിനനുസരിച്ച്‌ പാത്രം കഴുകല്‍ ജോലി പുതിയ ആളുകള്‍ ഏറ്റെടുത്തു, ആദ്യം ഞാന്‍ പിന്നെ ദിപ്ജോ..

പാചകം എന്ന കല ഇഷ്ടപെടാന്‍ തുടങ്ങിയത് കാരണം എനിക്ക് പ്രമോഷന്‍ കിട്ടി...പതുക്കെ ദേവന്റെയും ജയറാമിന്റെയും അച്ചായന്റെയും കൂടെ നിന്നു ഞാന്‍ പണി പഠിച്ചു..പിന്നീട് ഞാന്‍ ദേഹണ്ണം ഏറ്റെടുത്തു...അതങ്ങനെ മോശമില്ലാതെ പോയി..

ഒരു ദിവസം സാമ്പാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ച ദിവസം, പതിവ് പോലെ രാജീവും ദിപ്ജോയും കഴുകി തന്ന പത്രങ്ങള്‍ എടുത്തു ഞാന്‍ പണിപ്പുരയിലേക്ക് കടന്നു...കഷ്ണങ്ങള്‍ അരിയുന്നതിനു ഇടയില്‍ കണിശക്കാരനായ ജയറാമിന്റെ നിര്‍ദേശങ്ങള്‍..., ഉള്ളിക്ക് അര സെന്റിമീറ്റര്‍ വീതിയെ പാടുള്ളൂ, തക്കാളി അങ്ങനെ അരിയാന്‍ പാടില്ലാ, എന്ന് തുടങ്ങി അത് നിലക്കാതെ പ്രവഹിച്ചു...

അതൊന്നും വകവയ്ക്കാതെ പതിവ് രീതിയില്‍ തന്നെ ഞാന്‍ പാചകം തുടങ്ങി..ഫ്ലാറ്റിലെ ടി വിയിലും മറ്റുള്ളവരുടെ ചര്‍ച്ചയിലും ഇടയ്ക്കു ശ്രദ്ധ ഉടക്കിക്കൊണ്ടേ ഇരുന്നു...സാമ്പാര്‍ അവസാന പരുവമായപ്പോള്‍ മസാലയിട്ട് ഇളക്കി ഞാനും അവരുടെ കൂടെ കൂടി..സാമ്പാര്‍ തിളച്ചിട്ടും പതിവ് മണം വരുന്നില്ല...എന്‍റെ മൂക്കിന്റെ പ്രശ്നമാണോ എന്നറിയാന്‍ ഞാന്‍ അച്ചായനെ മണക്കാന്‍ കൂട്ട് വിളിച്ചു...അവനും പറഞ്ഞു, മണം വരുന്നില്ല...മസാല കുറഞ്ഞതാവാം എന്ന് കരുതി ഞാന്‍ വീണ്ടും മസാല ചേര്‍ക്കാന്‍ നേരത്ത് അച്ചായന്‍ എന്നെ തടഞ്ഞു ആ മസാല പാക്കറ്റ് മേടിച്ചു നോക്കി...!!

പണി പാളി...!! ഇത്രേം നേരം ഞാന്‍ സാമ്പാര്‍ മസാലയാണ് എന്ന് കരുതി ഇട്ടതു ഇറച്ചി മാസലയായിരുന്നു...പിന്നെ അവിടെ പൂരമായിരുന്നു...കൊടുങ്ങലൂര്‍ ഭരണി തന്നെ...!!ചുക്കാന്‍ പിടിച്ചത് ജയറാം തന്നെ...അത് നിലച്ചത് ഭക്ഷണം വിളംബിയത്തിനു ശേഷമായിരുന്നു...ആദ്യത്തെ ഉരുള കഴിച്ച ഉടനെ എല്ലാരും കൊള്ളാം എന്ന് പറഞ്ഞു, സാമ്പാര്‍ കിട്ടിയില്ലെങ്കിലും കിട്ടിയ കറി സൂപ്പര്‍..,..!! അന്ന് മുതല്‍ ഞങ്ങള്‍ അതിനെ ഫ്രഞ്ച് സാമ്പാര്‍ എന്ന് വിളിക്കാന്‍ തുടങ്ങി...!!

പിന്നീടുള്ള ബാംഗ്ലൂര്‍ വാസത്തിലും ഇടയ്ക്കുണ്ടായ കോയമ്പത്തൂര്‍ വാസത്തിലും ഇടയ്ക്കു ഞാന്‍ എന്‍റെ ഫ്രഞ്ച് കറി ഉണ്ടാക്കിയിരുന്നു..ഇന്ന് ഫ്രഞ്ച് മതി എന്ന് പറഞ്ഞിരുന്ന സഹാവാസികളും കൂടെ ഉണ്ടായിരുന്നു...!! ചുരുക്കി പറഞ്ഞാല്‍ ഫ്രഞ്ച് ഒരു ഒന്നൊന്നര സംഭവമായിരുന്നു...!!

പാചകത്തിന്റെ ആദ്യാക്ഷരം അറിയാത്ത എന്നെ ജീവിച്ചു പോവാനുള്ള ദേഹണ്ണം പഠിപ്പിച്ച ജയറാമിനും ദേവനും അച്ചായനും, ഇടയ്ക്കു പാചക വിദ്യകള്‍ പറഞ്ഞു തരാറുള്ള അമ്മയ്ക്കും വേണ്ടി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...!!

#വയറാണ് മനസ്സിലേക്കുള്ള എളുപ്പവഴി...!!

2 comments:

Dileep Nayathil said...

Angine French -il randamathonnu kodi nee padichu. alle?

Raghu (Ikru) said...

ഇതാ ആദ്യം പഠിച്ചത്.. :)