Tuesday, June 18, 2013

ജമ്പന്‍ മഹാത്മ്യം ഒന്നാം ഖണ്ഡം

നാട്ടിലുള്ള പൊതുവേ തല്ലുകൊള്ളികളായ പിള്ളേരെ സ്വതവേ, കൌമാര പ്രായക്കാരായ മക്കളുള്ള അച്ഛനമ്മമാര്‍ക്ക് പിടിക്കില്ല...ഇങ്ങനെയുള്ള ഒരു അച്ഛന്റെയും മകനെയും കൂടെ എന്റെയും കഥ, അല്ല നടന്ന സംഭവമാണ് ഇന്നത്തെ വിഷയം...തല്ലുകൊള്ളി എന്ന് തല്ക്കാലം ഞാന്‍ എന്നെ പരിചയപ്പെടുത്തുന്നു...അച്ഛന് മുന്‍പേ മകനെ പരിചയപ്പെടുത്താം...ഇന്നവന്‍ എന്നത്തേയും പോലെ ജമ്പന്‍ എന്ന് അറിയപ്പെടുന്നു...ആ പേരിനു പിന്നിലും ഒരു കഥയുണ്ട്...

ഒരിക്കല്‍ ജമ്പന്‍ എന്ന് ഇന്ന് പേരുള്ള വ്യക്തി, തന്റെതല്ലാത്ത കാരണത്താല്‍ ഒരു പരീക്ഷക്ക്‌ അവനു  (അമ്മയ്ക്കും അച്ഛനും) വേണ്ടത്ര മാര്‍ക്ക് മേടിക്കാന്‍ കഴിഞ്ഞില്ല...കടുത്ത മാനസിക വ്യഥയില്‍ അകപ്പെട്ട ഹൈ സ്കൂള്‍ നായകന്‍ ഉടനടി നാട് വിട്ടു, ഇരുപത്തഞ്ചു കിലോ മീറ്റര്‍ അപ്പുറത്തേക്ക്.....ഒന്ന് രണ്ടു ദിവസത്തിനിടയില്‍ ദൂരദര്‍ശനില്‍ പരസ്യമില്ലാതപ്പോള്‍ പടം വരുന്നതിനു മുന്‍പ് തന്നെ അവനെ കണ്ടു കിട്ടി..പക്ഷെ അന്നത്തെ ചാടിപ്പോക്ക് അവനു ആ മനോഹരമായ പേര് ചാര്‍ത്തി കൊടുത്തു...ജമ്പന്‍!!!,...!!!

ജമ്പന്‍ ചാടിപ്പോയ കാരണം നോക്കണ്ട, ആള് ശെരിക്കും പഠിപ്പിസ്റ്റ് ആയിരുന്നു...അതുകൊണ്ടായിരുന്നല്ലോ അന്‍പതില്‍ നാല്പ്പതഞ്ചിനു പകരം മുപ്പത്തിയഞ്ചു കിട്ടിയപ്പോ നാട് വിട്ടത്...അത് കാരണം തന്നെ അച്ഛനും അമ്മയ്ക്കും അവനില്‍ വലിയ പ്രതീക്ഷയും..അത് പോലെ തന്നെ ഈ ജമ്പന്‍ എന്ന വന്നു വീണ പേരിനെ അവര്‍ പാക്കിസ്ഥാനെ എന്നപോലെ വെറുത്തിരുന്നു...ആയിടക്കാണ്‌, ഒരുദിവസം ബോധമില്ലാതെ അവന്‍റെ വീടിനു മുന്‍പില്‍ നിന്നു ഞാന്‍ "ജമ്പാ" എന്ന് ഉറക്കെ വിളിച്ചത്...പണി പാലും വെള്ളത്തില്‍ തന്നെ കിട്ടി...അവന്‍റെ അച്ഛന്‍ പുറത്തു വന്നു ഒറ്റ ഡയലോഗ്...

"ഞാന്‍ മടിയിലിരുത്തി അവനു നല്ല ഒരു പേരിട്ടിട്ടുണ്ട്, അത് വിളിച്ചാല്‍ മതി...വീടിന്‍റെ മുന്നില്‍ വന്നു കണാ കുണാ എന്ന് വിളിച്ചാല്‍ എന്‍റെ സ്വഭാവം മാറും"

അതോടെ വീട്ടില്‍ ചെന്നുള്ള ആ വിളി നിര്‍ത്തി...അവന്‍റെ അച്ഛന്റെ ആ കച്ചറ സ്വഭാവം ഇനി ഞാന്‍ കാരണം മാറേണ്ട...ഹല്ല പിന്നെ...!!

അങ്ങനെ ഒരു ദിവസം, ഞങ്ങള്‍ പ്ലസ്‌ ടു പരീക്ഷ കഴിഞ പിറ്റേ ദിവസം പുലര്‍ച്ച തന്നെ ക്രിക്കറ്റ്‌ ബാറ്റും പന്തും എടുത്തു കൊണ്ട് കളിക്കാന്‍ ഇറങ്ങി...ജമ്പനെ പൊക്കാന്‍വേണ്ടി, അവന്റെ അച്ഛന്‍ മടിയിലിരുത്തിയിട്ട സുന്ദരമായ പേര് വിളിച്ചു കൊണ്ട് ഞാന്‍ അവന്റെ വീട്ടു പടിക്കല്‍ കാത്തു നിന്നു...രണ്ടു വിളികള്‍ക്ക് ശേഷം പുറത്തു വന്നത് എന്‍റെ ബെസ്റ്റ് ഫ്രണ്ട്, അവന്റെ അച്ഛന്‍...,...!!!

വീണ്ടും ചോദ്യം, "താന്‍ എന്ട്രന്‍സ് ഒന്നും എഴുതുന്നില്ലേ???"

പണി പിന്നേം പാളി... "ഇല്ല..." ഞാന്‍ കണ്ണിറുക്കി കാണിച്ചു..

"എന്നാലേ, പഠിക്കുന്ന പിള്ളേര്‍ അതൊക്കെ എഴുതുന്നുണ്ട്, അവരെ പഠിക്കാന്‍ വിട്ടേക്ക്...ഇവിടെ ആരും തന്‍റെ കൂടെ കളിക്കാന്‍ വരുന്നില്ല...."

പഠിക്കാന്‍ കൊള്ളാത്ത ഞാനും മറ്റു കൂട്ടുകാരും മാനാഭിമാനം വ്രണപ്പെട്ടു ഗ്രൗണ്ടില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതോ ഒരുത്തന്‍ ഗ്രൗണ്ടിന്റെ മതിലും ചാടി വരുന്നു...അവനു ജമ്പന്റെ രൂപമായിരുന്നോ??? ഹേയ്...അവന്‍ എന്ട്രന്‍സ്സിനു പഠിക്കുകയല്ലേ....!!!

#ജമ്പന്റെ കഥ അത്ര പെട്ടന്ന്‍ തീരില്ല, ഇടവിട്ട്‌ പറയാം

No comments: