Wednesday, June 26, 2013

മോഹം തന്ന ശിവരാത്രി പണി..

ഒരുത്തിയുടെ പുറകെ കുറെ നടന്നു...ഇഷ്ടമാണ് ഇഷ്ടമാണ് എന്നും പറഞ്ഞ്...അവള്‍ക്കുണ്ടോ വല്ല കൂസലും, ഇഷ്ടമല്ല ഇഷ്ടമല്ല എന്ന് താളത്തില്‍ തന്നെ തിരിച്ചു പറഞ്ഞു....അവളെ ഇഷ്ടപ്പെടുത്തിയേ അടങ്ങു എന്ന വാശിയില്‍ ഞാനും, പല വഴി നോക്കി...കെഞ്ചി...കാലു പിടിച്ചു...കലിപ്പിച്ചു നടന്നു...ക്രിക്കറ്റ്‌ കളിച്ചു അവളുടെ മുന്നില്‍ വച്ച് മൂന്നു നാല് വിക്കറ്റ് എടുത്തു നോക്കി, ശ്രീശാന്തിനെ പോലെ അലറി വിളിച്ചു...കവിത എഴുതിയും നോക്കി...കവിതയുടെ കാര്യം പറയണ്ട, കുറച്ചു കാലം കഴിഞ്ഞു വായിച്ചു നോക്കിയപ്പോള്‍ അതിന്‍റെ നിലവാരം തിരിച്ചറിഞ്ഞു ഞാന്‍ തന്നെ അത് തീയിട്ടു...ഇതെല്ലാം കഴിഞ്ഞു ആ സങ്കടത്തില്‍ കഥയും എഴുതി...എന്നിട്ടും നോ രക്ഷ...നമുക്ക് കഴിയാത്തത് ദൈവത്തിന്....ഇനി പുള്ളിക്കാരന്‍ വിചാരിച്ചാലേ വല്ലതും നടക്കൂ...

കാശ് ചിലവാക്കി വഴിപാടു കഴിക്കുന്നതിനു ഞാന്‍ അന്നും ഇന്നും എന്നും എതിരാണ്...ആയിടക്കാണ് ശിവരാത്രി വരുന്നത്...വേണ്ടപ്പെട്ട ഒരു ചേട്ടന്‍ പറഞ്ഞു ശിവരാത്രിക്ക് നോയമ്പെടുതാല്‍ ഉധിഷ്ഠകാര്യ സിദ്ധി ഉണ്ടാവും എന്ന്...അവസാനത്തെ അടവെന്ന രീതിയില്‍ അതിനു ഞാന്‍ കച്ച കെട്ടി ഇറങ്ങി..

രാവിലെ എഴുന്നേറ്റു തുളസി തീര്‍ത്ഥം കുടിച്ചു, പിന്നെ അന്നത്തേക്ക്‌ ഭക്ഷണവും ഇല്ല ജലവും ഇല്ല...ഉച്ച കഴിഞ്ഞു, സഹിക്കാവുന്ന ഉദര വികാരങ്ങള്‍ മാത്രം...അപ്പോഴാണ് എന്‍റെ ബാല്യകാല സുഹൃത്തായ ഗിരീഷ്‌ വന്നു വിളിക്കുന്നത്‌, ഞങ്ങളുടെ ഒരു കൂട്ടായ്മയുടെ വകയായി അന്നത്തെ നഗരപ്രദക്ഷിണം നടക്കുന്നതിന്‍റെ കൂടെ ശിങ്കാരി മേളവും ഉണ്ട്..അക്കാലത്തു ശിങ്കാരി മേളം പ്രചരിച്ചു തുടങ്ങുന്നതേ ഉള്ളൂ...ശിങ്കാരി മേളത്തിന് അകമ്പടിയായി ഞാനും ഇറങ്ങി...

തലയില്‍ ഒരു തോര്‍ത്തും കെട്ടി ഞങ്ങളുടെ യുവജനപ്പട എഴുന്നള്ളിപ്പിനിറങ്ങിയ ആനയുടെ മുന്‍പില്‍ മഞ്ചേരി നഗരം ചുറ്റി...മേളം കൊഴുക്കുന്നതിനിടയില്‍ അന്ന് പട്ടിണി കിടക്കുകയായിരുന്നു എന്നതൊക്കെ ഞാന്‍ മറന്നു...നല്ല ഭേഷ് ആയി ചാടികളിച്ചു...അങ്ങനെ നഗര പ്രദക്ഷിണവും കഴിഞ്ഞു അരുകിഴായ ശിവ ക്ഷേത്രത്തില്‍ തിരിച്ചത്തി വെടിക്കെട്ടും കഴിഞ്ഞപോഴാണ് അത് വരെ ചാടി കളിച്ചതിന്റെ പ്രയാസം മനസിലായത്...പട്ടി അണക്കുന്നത് പോലെ അണക്കാന്‍ തുടങ്ങി.. ബാക്കി ഉള്ളവര്‍ സുന്ദരമായി വെള്ളവും സോഡാ സര്‍ബത്തും കുടിച്ചു പോയി...ഞാന്‍ അതിനു വഴി ഇല്ലാതെ അമ്പലത്തില്‍ അന്തം വിട്ടു ഇരുപ്പായി...അമ്പലപ്പറമ്പില്‍ വെടിക്കെട്ട്‌ നടക്കുമ്പോള്‍ അതിന്‍റെ തീ എന്‍റെ വയറ്റില്‍ അനുഭവപ്പെട്ടു...

അന്ന് രാത്രിയില്‍ അമ്പലത്തിലെ കലാപരിപാടികള്‍ കണ്ടു നേരം വെളുപ്പിച്ചു..പുലര്‍ച്ചെ തന്നെ നട തുറന്നു തൊഴുത ശേഷം അവിടെ നിന്നു കിട്ടിയ പാനക വെള്ളവും ഇളനീരും കുടിച്ചു ആശ്വാസം വരുത്തി വീട്ടിലേക്കോടി...അമ്മയുടെ കയ്യില്‍ നിന് ആറേഴു ചൂട് ദോശയും ഉണ്ടാക്കി കഴിച്ചു, നേരെ നിദ്ര പൂകി...വൈകുന്നേരം എഴുന്നേറ്റു വീണ്ടും ഭക്ഷണം കഴിച്ചു ഉറങ്ങി....

രാവിലെ എഴുന്നേറ്റപ്പോള്‍, വലിയ പ്രതീക്ഷകള്‍ ആയിരുന്നു..തലേന്ന് നോറ്റ നോയമ്പിന്റെ ഫലം കാണാതിരിക്കില്ല....പോരാത്തതിന് കടുത്ത വ്രതവും ആയിരുന്നല്ലോ...അന്ന് മാത്രമല്ല ഇന്ന് ഈ നേരം വരെയും ആ ഉദ്ദേശം നടന്നിട്ടില്ല...!! ഒരു ദിവസം എല്ലാം സഹിച്ചു പട്ടിണി കിടന്നത് മാത്രം മിച്ചം...!! ഇന്നവള്‍ വേറൊരുത്തനെ കെട്ടി സുന്ദര കുട്ടനായ ഒരു കൊച്ചിനെയും കൊണ്ട് സുഖമായി ജീവിക്കുന്നു...!!  ഇന്നായിരുന്നു നോയമ്പെങ്കില്‍ എന്‍റെ ശരീരത്തിലെ കൊഴുപ്പെങ്കിലും കുറഞ്ഞേനെ....അന്നത്തെ എല്ലും കൂടിനിടയില്‍ നിന്നു എന്ത് കോപ്പ് കുറയാനാണ്...!! ശിവരാത്രി നോറ്റ ദിവസം ഒരു ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നെങ്കില്‍ അതുണ്ടായിരുന്നു...!! 

No comments: