Wednesday, June 12, 2013

കളിമുറ്റങ്ങള്‍...

ജൂണ്‍, കഴിഞ്ഞ വര്‍ഷത്തെ കലണ്ടര്‍ കൊണ്ട് പൊതിഞ്ഞു മായവിയുടെയും ഡിങ്കന്റെയും മിക്കി മൌസിന്റെയും ഒക്കെ നെയിം സ്ലിപും ഒട്ടിച്ചു പുത്തന്‍ പുസ്തകങ്ങളും പുതിയ ബാഗും കുടയും യുണിഫോമും എല്ലാം മേടിച്ചു സ്കൂളില്‍ പോവാന്‍ കാത്തു നില്‍ക്കുന്ന മാസം...പക്ഷെ ഈ ആവേശമൊക്കെ ആദ്യത്തെ ആഴ്ച മാത്രമേ ഉണ്ടാവുകയുള്ളൂ...അത് കഴിഞ്ഞാല്‍ പിന്നെ ഹോം വര്‍ക്കും അദ്ധ്യാപകരുടെ ചോദ്യം ചോദിക്കലും അതിന്‍റെ പിറകെയുള്ള ചൂരല്‍ പ്രയോഗം, ഇമ്പോസിഷന്‍, എഴുനേല്‍പ്പിച്ചു നിര്‍ത്തല്‍ തുടങ്ങിയ കലാപരിപാടികളും ഇടവിട്ട്‌ നടക്കുന്ന പരീക്ഷകളും ആ ആവേശത്തെ കെടുത്തി...

സ്കൂള്‍ ഓര്‍മ്മകള്‍ തുടങ്ങുന്നത് മഞ്ചേരിയിലെ എന്‍ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നാണ്...എല്‍ കെ ജി യിലേയും യു കെ ജി യിലേയും ഓര്‍മ്മകള്‍ക്ക് ബിസ്കറ്റിന്റെയും പാലിന്റെയും മണമുണ്ടായിരുന്നു...ആരൊക്കെയോ അമ്മയെ കാണണം എന്ന് കരയുന്ന ശബ്ദവും ഉണ്ടായിരുന്നു...അക്കാലത്തു രാവിലെ സ്കൂളില്‍ പോവുന്ന നേരത്ത് അച്ഛന്‍ ടേപ്പ് റിക്കോര്‍ഡില്‍ പാട്ട് വയ്ക്കാറുണ്ടായിരുന്നു..."പുലരി തൂ മഞ്ഞു തുള്ളിയില്‍.," എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പോഴും അന്നത്തെ മഴക്കാലങ്ങളില്‍ സ്കൂളില്‍ പോവാന്‍ ഒരുങ്ങുന്ന ഓര്‍മ്മകള്‍ അണപൊട്ടി ഒഴുകാറുണ്ട്‌....

അച്ഛന്റെ ബിസ്സിനെസ്സ് "ഗംഭീരമായി" വളര്‍ന്നത്‌ കൊണ്ടും ഞാന്‍ ഒരു വിധം ഇംഗ്ലീഷ് എല്ലാം പഠിച്ചു കഴിഞ്ഞത് കൊണ്ടും, മൂന്നാം ക്ലാസ്സ്‌ മുതല്‍ പഠനം മാസാമാസം ഫീസ് കൊടുക്കെണ്ടാത്ത വായപ്പാറപ്പടി ജി എല്‍ പി സ്കൂളിലേക്ക് മാറ്റേണ്ടി വന്നു...അന്ന് മുതല്‍ ഞാനും മീഡിയം മലയാളമാക്കി....സ്നേഹ നിധിയായ ത്രേസ്യാമ ടീച്ചറും പേടിസ്വപ്നമായ ജാതവേദന്‍ മാഷും പഠിപ്പിച്ചിരുന്ന മാതൃകാ സ്കൂള്‍...,...എത്ര മുറുക്കി അടച്ചിട്ടും ചോര്‍ന്നൊലിച്ച ചോറ്റു പാത്രത്തിന്റെ അടിയിലുണ്ടായിരുന്ന പുസ്തകങ്ങളുടെ മണമായിരുന്നു അവിടത്തെ ഓര്‍മ്മകള്‍ക്ക്...കൊത്തം കല്ല്‌ സിമെന്റ് തറയില്‍ ഉരയുന്ന മണവും...വീടിനടുത്തായത് കൊണ്ട് ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അവിടെ പോവാന്‍ അവസരം കിട്ടാറുണ്ട്...

അഞ്ചാം ക്ലാസ്സ്‌ മുതല്‍ പഠനം ചെങ്ങര ജി യു പി സ്കൂളില്‍..., ഒരു നാട്ടിന്‍പുറത്തെ ഒരു ചെറിയ സ്കൂള്‍.., അവിടെ വച്ചാണ് ഞാനും ക്ലാസ്സിലെ ഒന്നാമനായത്...മൂക്കില്ല രാജ്യത്തു മുറിമൂക്കന്‍ രാജാവ്...!! ഉഷ ടീച്ചറുടെ കണക്കു ക്ലാസുകള്‍ ആയിരുന്നു അന്നെനിക്ക് ഏറ്റവും പ്രിയം...ആദ്യമായി പരീക്ഷയില്‍ തോറ്റതും അവിടെ വച്ചാണ്, വിവരിച്ചു മാത്രം എഴുതേണ്ട മലയാളം സെക്കന്‍റില്‍.... കിട്ടിയത് ഒന്‍പതു മാര്‍ക്കാണ് എന്നാണ് ഓര്‍മ്മ...ആദ്യമായി പ്രണയിച്ചതും പ്രണയിച്ച പെണ്ണിന് എന്നെ ഇഷ്ടമല്ല എന്നറിഞ്ഞതും അവിടെ വച്ച് തന്നെ ആയിരുന്നു....ചോറ്റു പാത്രം എടുക്കാന്‍ മടിച്ചു ഉച്ചകഞ്ഞിക്ക് പേര് രജിസ്റ്റര്‍ ചെയ്തു..കഞ്ഞി മടുത്തപ്പോ കൂടെ പഠിച്ചിരുന്ന പ്രശാന്തിന്റെയും സൈഫുദ്ധീനിന്റെയും വീടുകളിലാക്കി ഭക്ഷണം...പീടികയില്‍ നിന്നും സാധനം മേടിക്കാന്‍ അമ്മ തരുന്ന കാശില്‍ നിന്നും നടത്തിയ കുംഭകോണം അന്നത്തെ പകലുകളില്‍ കോല്‍ഐസായും സഫര്‍ജില്ലായുമൊക്കെ എന്‍റെ കുംഭയില്‍ എത്തിയിരുന്നു...അന്നത്തെ ഓര്‍മ്മകള്‍ക്ക് ചീനിക്കായുടെ ഗന്ധം, കരിങ്കല്ല് പടവുകളില്‍ ഗോട്ടികള്‍ എറിയുന്നതിന്റെ ശബ്ദം....

ഏഴ് മുതല്‍ വീണ്ടും മഞ്ചേരിയില്‍..., എച്ച് എം വൈ എസ് എസ് എന്ന യതീംഖാന എന്ന പേരില്‍ അറിയപ്പെടുന്ന സ്കൂളില്‍ എത്തിയപ്പോ പഴയ എല്‍ പി സ്കൂള്‍ സുഹൃത്തുക്കള്‍ ഒരുപ്പാട്‌ പേരെ തിരിച്ചു കിട്ടി....ഒരു ഗ്രൗണ്ടില്‍ തന്നെ മിനിമം ഇരുപതു ക്രിക്കറ്റ്‌ കളികളെങ്കിലും ഒരുമിച്ചു നടക്കുന്നത് അവിടത്തെ ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു...അത്ര മുന്തിയ പഠിപ്പിസ്റ്റ് അല്ലാതിരുന്ന എനിക്ക് പത്തില്‍ വച്ച് നാല്‍പ്പത്തോന്പതര മാര്‍ക്ക് ലഭിച്ചപ്പോള്‍ എല്ലാരും ഞെട്ടി...പേപ്പര്‍ തന്നു കൊണ്ട് അഷ്‌റഫ്‌ മാഷ്‌ അച്ചടി ഭാഷയില്‍ ചോദിച്ചു, "താന്‍ കോപ്പി അടിച്ചതല്ലല്ലോ അല്ലെ?"..
അന്ന് ആ മാര്‍ക്ക് കിട്ടാന്‍ ഉണ്ടായ സാഹചര്യം ഞാന്‍ ഇവിടെ വിശദമാക്കാം...ഒരു നാല്‍പതു മാര്‍ക്കിനു ഞാന്‍ ശരിക്കും ഉത്തരം എഴുതിയിട്ടുണ്ട്..ബാക്കി കിട്ടിയത് അറിയാവുന്ന ഒന്ന് രണ്ടു ചോദ്യത്തിന്റെ ഉത്തരം പല തവണ എഴുതിയത് കൊണ്ടാണ്...മാഷും അന്നെന്നെ അമ്പരപ്പോടെ നോക്കിയ സഹപാഠികളും സദയം ക്ഷമിക്കുക..അന്നത്തെ ഓര്‍മ്മകള്‍ക്ക് തൊലി ഉരിഞ്ഞ ശീമകൊന്നയുടെ വടിയുടെ മണം, അസ്ബെറ്റൊസ് ഷീറ്റുകളില്‍ നിലക്കാതെ വീണ മഴയുടെ ശബ്ദം...

കൊണ്ടോട്ടി കൊട്ടുക്കര പി പി എം എച്ച് എസ് എസില്‍ പ്ലസ്‌ ടു പഠനകാലമായിരുന്നു പിന്നീട്...അന്ന് അവിടത്തെ എസ് ഐ ആയിരുന്ന അമ്മാവന്‍റെ ശുപാര്‍ശയില്‍ കിട്ടിയ സീറ്റ്...അതുകൊണ്ട് തന്നെ അവിടെ പഠിക്കാന്‍ ഏറ്റവും മോശമായവരില്‍ ഒരാള്‍ ഞാന്‍ ആയി...അന്‍സില്‍ മന്‍സൂര്‍ എന്ന സുഹൃത്തിന്റെ നേതൃത്തത്തില്‍ നാസര്‍ സാറിന്റെ കീഴില്‍ ഞങ്ങള്‍ അന്ന് ഒരു മാഗസിന്‍ ഇറക്കി, "വേര്"...അതായിരുന്നു എഴുതാന്‍ എന്നിലും ആഗ്രഹം ജനിപ്പിച്ചത്...ഇന്ന് പച്ചരി മേടിക്കാന്‍ കാരണവും ആ സ്കൂള്‍ ആണ്....അവിടത്തെ ഷബീര്‍ സര്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ എനിക്ക് കമ്പ്യൂട്ടര്‍ സയന്‍സ് എന്ന വിഷയം ഇഷ്ടപെടാനും ഒടുവില്‍ അത് തന്നെ ജീവിത മാര്‍ഗ്ഗം ആക്കാനും കഴിയില്ലായിരുന്നു...ജീവിതത്തിലെ ആദ്യത്തെ കോപ്പിയടി നടത്തിയത് അവിടെ വച്ച്...അതും പബ്ലിക് എക്സാമിന്...ഈ ഓര്‍ഗാനിക്ക് കെമിസ്ട്രി ഒക്കെ വലിയ പാടാ.....!! അവിടത്തെ ഓര്‍മ്മകളില്‍ കെമിസ്ട്രി ലാബില്‍ എന്തൊക്കെയോ കരിയുന്ന ഗന്ധം, മിനുസമാല്ലാത്ത പുത്തന്‍ ബോര്‍ഡില്‍ ചോക്കുകള്‍ ഉരയുന്ന ശബ്ദം....

കൌമാരത്തില്‍ നിന്നും ക്ഷുഭിത യവ്വനത്തിലേക്ക്...മലപ്പുറം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എത്തിപ്പെട്ടത് പ്ലസ്‌ ടു മാര്‍ക്ക്‌ ലിസ്റ്റ് കാണിച്ചിട്ട് വേറെ ആരും മെരിറ്റില്‍ സീറ്റ്‌ തരാത്തത് കൊണ്ട് തന്നെയാണ്...!! റാഗിംഗ്, ഇലക്ഷന്‍, മാഗസിന്‍, പ്രണയം, സൗഹൃദം, ആര്‍ട്സ് ഡേ, സ്പോര്‍ട്സ് ഡേ, പ്രൊജക്റ്റ്‌, ടൂര്‍, അങ്ങനെ ഓരോ ദിനങ്ങളും ആഘോഷമാക്കിയ കാലം...എന്‍റെ ഏറ്റവും പ്രിയപ്പെട്ട പഠന കാലവും അതായിരുന്നു...അവിടത്തെ ഓര്‍മ്മകള്‍ക്ക് ബിംബിസ് ബേക്കറിയിലെ മുട്ട പഫ്സിന്റെ ഗന്ധം, ആരോ ബെഞ്ചില്‍ കൊട്ടി പാടുന്നതിന്റെ ശബ്ദം...!!

No comments: