Monday, June 3, 2013

എന്‍റെ കുന്നുംപുറം...

ശനിയാഴ്ച ഞാന്‍ അമ്മയുടെ കൂടെ ആയിരുന്നു...അമ്മയുടെ വീട്ടിലെ വിശേഷങ്ങള്‍ ഒന്നൊന്നായി പറഞ്ഞു...ആ രാത്രി എനിക്ക് ഓര്‍മ്മകളുടെതായി...

ഇളയൂര്‍ എന്ന മലപ്പുറത്തെ ഒരു ഗ്രാമം..ഞാന്‍ എന്‍റെ ബാല്യം ചിലവിട്ടത് അവിടെയായിരുന്നു..ഒരുപ്പാട്‌ കാരണങ്ങള്‍ കൊണ്ട് എനിക്ക് ഓര്‍ക്കാന്‍ പോലും ആഗ്രഹമില്ലാത്ത ആ കാലം...എന്‍റെ ഓര്‍മ്മകളില്‍ ഒരല്‍പ്പമെങ്കിലും ആ നാടിനോടും കാലത്തോടും സ്നേഹം ബാക്കി ഉള്ളത് അവിടുത്തെ ഞങ്ങളുടെ വീടിനു ചുറ്റും ഉണ്ടായിരുന്ന പച്ചപ്പ്‌ നിറഞ്ഞ ചുറ്റുപാടുകള്‍ കൊണ്ടായിരുന്നു..

പഴയ, അത്ര വലുതല്ലാത്ത തറവാട് വീട്, കുന്നുംപുറം എന്ന് ഞങ്ങള്‍ വിളിക്കുന്ന പറമ്പ്, ഒരു ചെറിയ ആല (പശു തൊഴുത്ത്), ഒരു ചോല, കാവുകള്‍..., കുറച്ചു റബ്ബര്‍ തോട്ടം...ഇതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് കുന്നുംപുറം എന്ന പറമ്പ് തന്നെ ആയിരുന്നു...നിറയെ കവുങ്ങും തെങ്ങും മാവും തേക്കും ഉള്ള ഒരു പറമ്പ്...നാടനും, ഒളോറും, സേലനും, മൂവാണ്ടനും, കൊ/ഗോ മാവും ഞങ്ങളുടെ അവധിക്കാലങ്ങളില്‍ മധുരമൂറുന്ന മാമ്പഴങ്ങള്‍ ചുരത്തി..

മന്ദാരവും, കൂവളവും, തെച്ചിയും, തുളസിയും, പാലയും പലയിടത്തായി വളര്‍ന്നു...തൊട്ടാവാടികള്‍ ഇടം നോക്കാതെ തളിര്‍ത്തു...അവറ്റകളെ തൊട്ടു വാടിക്കാന്‍ ഞാന്‍ ഒട്ടും മടി കാണിച്ചുമില്ല...വേനല്‍ക്കാലത്ത് ഇലപൊഴിച്ച തേക്കിന്റെ താഴെ നടക്കുമ്പോള്‍ തേക്കിലകള്‍ പൊടിയുന്ന ശബ്ദം...പച്ച മാങ്ങയും വാളന്‍പുളികളും രസനയെ ഉത്തേജിപ്പിച്ച കാലം...

ചോലയില്‍ നിന്നു വെള്ളം പമ്പ് ചെയ്തു തെങ്ങുകള്‍ നനച്ചപ്പോള്‍ കൂടെ കുളിച്ച നാളുകള്‍....., അന്നൊക്കെ ക്രിക്കറ്റ്‌ കളിയും ഇതേ പറമ്പില്‍ തന്നെ ആയിരുന്നു..ഇടയ്ക്കു വിശന്നാല്‍,അവിടത്തെ തന്നെ പൂള (കപ്പ) യും ചക്കര കിഴങ്ങും തോരന്നു കഴിച്ചിരുന്നു....

അമ്മ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്, അമ്മാവന്മാരുടെയും വലിയമ്മമാരുടെയും സ്ഥലത്തെ മരങ്ങളെല്ലാം മുറിച്ചു മാറി, ജെ സി ബി തുമ്പികൈ കൊണ്ട് അവിടം റബ്ബര്‍ വയ്ക്കാന്‍ പാകത്തിനാകി എന്ന്...

മറ്റെല്ലാം ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍ മാത്രമായി ഇന്ന്...മാവും തെങ്ങും ഒന്നും തന്നെ ഇന്നില്ല...എല്ലാം മുറിച്ചു മാറ്റി, അവിടെ റബ്ബര്‍ നടാന്‍ പോവുന്നു എന്ന് അമ്മ പറഞ്ഞപ്പോള്‍ ശെരിക്കും സങ്കടമായി...അമ്മക്ക് മാത്രമായി ഉള്ള പതിനൊന്നു സെനറ്റ്‌ ഒഴികെ മറ്റെല്ലാ സ്ഥലത്തും റബ്ബര്‍ വരുന്നു...അതിനായി ഇത്രയും കാലം അടക്കയും മാങ്ങയും തേങ്ങയും ചക്കയുമെല്ലാം നല്‍കിയ മരങ്ങളെ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു...അഞ്ചാറ് കൊല്ലം കഴിയുമ്പോ ആ റബ്ബര്‍ മരങ്ങള്‍ പാല്‍ ചുരത്തും..അന്ന് റബ്ബറിന് വിലയുണ്ടെങ്കില്‍ ആ പാലിന്‍റെ ഉടമകള്‍ സമ്പന്നരാവും...ഗൃഹാതുരത മനസ്സില്‍ കൊണ്ട് നടക്കുന്ന നീ വിഡ്ഢി...അല്ലെങ്കില്‍ റബ്ബര്‍ നടാന്‍ മാത്രം സ്ഥലമില്ലാത്ത നീ ഇപ്പോള്‍ ചൊരുക്ക് തീര്‍ക്കുന്നതും ആവാം...

ഞാന്‍ ഇത് അറിയാന്‍ ഒരല്‍പം വൈകി എന്ന് തോന്നുന്നു..ഇല്ലെങ്കില്‍ അവസാനമായി അതേ രൂപത്തില്‍ കുന്നുംപുറം എനിക്ക് ഒന്നുകൂടെ കാണാമായിരുന്നു, പറ്റിയിരുന്നെങ്കില്‍ ക്യാമറയില്‍ അവസാനത്തെ ഓര്‍മ്മകള്‍ എടുത്തു വയ്ക്കാമായിരുന്നു...വല്ലാത്ത ഒരു നഷ്ടബോധം...അവിടം കാണിക്കാം എന്ന് ഞാന്‍ പറഞ്ഞ സുഹൃത്തുക്കളോട് മാപ്പ്...!!

#ഇളയൂര്‍ സമരണകള്‍ പൊടി തട്ടാന്‍ സമയമായി...അത് വരും പോസ്റ്റുകളില്‍ ആവാം...