Sunday, June 23, 2013

മടി കണ്ടു പിടിച്ചതാരോ അവന്‍...

രണ്ടു ദിവസം അവധി കിട്ടിയിട്ടും ഒന്നും ചെയ്തില്ല, ആറു മാസമായി വൃത്തിയാക്കാത്ത അടുക്കളയും പൊടി പിടിച്ചു കിടക്കുന്ന നിലവും അലക്കാത്ത വസ്ത്രങ്ങളും അത് പോലെ തന്നെ കിടക്കുന്നു...കാരണം മടി തന്നെ...ഇന്നോ ഇന്നലയോ തുടങ്ങിയതല്ല എന്‍റെ മടി...അതിനു വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്...

അച്ഛമ്മയുടെ കൂടെ താമസിക്കുന്ന സമയത്ത് എനിക്ക് ഈ അസുഖം ഉണ്ടായിരുന്നില്ല...ദിവസവും രാവിലെ നേരത്തെ എണീച്ചു, കാര്യങ്ങള്‍ എല്ലാം നടത്തി, സമയത്ത് പഠനവും സ്വന്തം ജോലികളും എല്ലാം തീര്‍ത്തിരുന്നു അക്കാലത്ത്...രാകേഷിനെ കണ്ടു പഠിക്കു എന്ന് അന്ന് പലരും മക്കളെ ഉപദേശിച്ചു...ഇന്ന് പക്ഷെ അങ്ങനെ ആരും തന്നെ പറയില്ല...അത്ര വഷളായി ഇപ്പൊ...!!

ഇളയൂരില്‍ അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയ ശേഷമാണ് എനിക്ക് മടിയുടെ അസ്ക്യത തുടങ്ങിയത്...അരിയും മണ്ണെണ്ണയും പഞ്ചസാരയും വാങ്ങാന്‍ റേഷന്‍ കടയിലും പലചരക്കും ഉണക്ക മീനുമൊക്കെ ബാലേട്ടന്റെ കടയിലും വാങ്ങാന്‍ വേണ്ടി വിട്ടപ്പോള്‍ എന്‍റെ ഉള്ളിലെ മടി സട കുടഞ്ഞു എഴുന്നേറ്റു...കുന്നുംപുറത്തെ തെങ്ങിന് വെള്ളം നനക്കാന്‍ അമ്മമ്മ പറഞ്ഞപ്പോഴും പയ്യിനെ തീറ്റിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴും, ആ ഉണര്‍ന്ന സാദനം ഉറങ്ങിയില്ല...അതിനു മറുപടിയായി എന്‍റെ ചന്തിയില്‍ പുളിവാറലുകളും തെങ്ങിന്‍ മടലുകളും വരി വരിയായി വീണു കൊണ്ടേ ഇരുന്നു...കൂട്ടിനു, നല്ല ചീത്ത വിളിയും...!!അല്ല, എനിക്ക് അത് അത്യാവശ്യമായിരുന്നു...!!

പക്ഷെ എന്നിട്ടും ഞാന്‍ ഒന്നും പഠിച്ചില്ല....അമ്മയുടെയും അച്ഛന്റെയും കൂടെ ഓര്‍മ്മവച്ചതില്‍ പിന്നെ താമസിച്ചത്, വായപ്പാറപ്പടിയിലെ വാടക വീട്ടില്‍ വച്ചായിരുന്നു...അച്ഛന്റെയും അമ്മയുടെയും സാമിപ്യം എന്നെ കൂടുതല്‍ മടിയനാക്കി...തുണി അലക്കാനും, കഴിച്ച പാത്രം കഴുകാനും എല്ലാം അമ്മയുണ്ടായി...പഠിക്കാന്‍ ആയിരുന്നു അക്കാലത്ത് ഏറ്റവും മടി...പുലര്‍ച്ചെ നാലരക്ക് തന്നെ അച്ഛന്‍ എന്നെ പഠിക്കാന്‍ വേണ്ടി എഴുന്നേല്‍പ്പിക്കും, കുന്നത്തമ്പലത്തിലെ ഭക്തി ഗാനം കേട്ടു കൊണ്ട് ഉറക്കം തൂങ്ങി ഞാന്‍ അങ്ങനെ പഠിക്കാന്‍ ഇരുന്നിരുന്നു...ഉറക്കം വിടാന്‍ അച്ഛന്റെ വക കട്ടന്‍ കാപ്പി...പക്ഷെ മടിക്കുള്ള മരുന്ന് അച്ഛന്റെ കയ്യില്‍ ഇല്ലായിരുന്നു....!!അത് കാരണം ഈ പഠനത്തിനു ഇടയിലും ഞാന്‍ ഉറക്കത്തെ കൂട്ട് പിടിച്ചു...

അങ്ങനെ ഒരു ദിവസം പുലര്‍ച്ചയ്ക്ക് എണീച്ചു അച്ഛന്‍ തന്ന കട്ടനും കുടിച്ചു ഒരു ടെക്സ്റ്റ്‌ പുസ്തകം മലര്‍ത്തി വച്ച് ഞാന്‍ ഡ്യൂട്ടി തുടങ്ങി...പെട്ടന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ മുന്‍പില്‍ അച്ഛന്‍ നില്‍ക്കുന്നു..ക്ലീന്‍ ബൌള്‍ഡ്...!! ഇടയ്ക്കു പട്രോള്ളിംഗ് നടത്തിയ അച്ഛന്റെ മുന്‍പില്‍ ഞാന്‍ കുറ്റവാളിയെ പോലെ നിന്നു...!!

കൌമാരത്തിന്റെ അന്ത്യത്തിലും യൌവ്വനത്തിന്റെ ആദ്യ ദശയിലും എന്‍റെ മടി കാരണം, അനിയത്തിയെ അടിമയാക്കി... ഞാന്‍ മടി പിടിച്ചു ചെയ്യാതിരിക്കുന്ന ഏതു കാര്യവും അവളെകൊണ്ട്‌ ചെയ്യിപ്പിച്ചു, തുണി തേക്കുക, എനിക്ക് ദാഹിക്കുമ്പോ വെള്ളം കൊണ്ട് വന്നു തരിക, കാണാതായ എന്‍റെ ഏതു വസ്തുക്കളും കണ്ടു പിടിക്കുക ഇത്യാതി പണികളെല്ലാം ഞാന്‍ അവളെ കൊണ്ട് ചെയ്യിപ്പിച്ചു...വീട്ടിലെ പണി പെണ്ണിന്‍റെ ധര്‍മ്മമാണ് എന്ന അലിഖിത നിയമം എന്നെ പിന്തുണച്ചു...പുരോഗമന വാദത്തിനൊന്നും എന്‍റെ മടിയെ തോല്‍പ്പിക്കാന്‍ ആയില്ല...!! ഈ അടുത്ത കാലത്ത് അവളെ കെട്ടിച്ചു വിട്ടതില്‍ പിന്നെ മേല്പറഞ്ഞ സുഖങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു...!! അളിയാ, കൊടും ചെയ്ത്തായി പോയി...!!

മടി കാരണം കുറെ കാലം എഴുത്തും ഉണ്ടായിരുന്നില്ല...കോളേജ് വിട്ടതിനു ശേഷം എന്തെങ്കിലും എഴുതാന്‍ തുടങ്ങിയത് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു...അബ്ബാസിക്കയുടെയും, ബിജു അണ്ണന്റെയും, സുധാകരേട്ടന്റെയും, ഗിരീഷേട്ടന്റെയും, നിരക്ഷരന്റെയും, ഇന്ദ്രേട്ടറെയും, യാസിന്റെയും, വര്‍ഗ്ഗീസ് അച്ചായന്റെയും, വിരോധാഭാസന്റെയും, വേറേ കുറേ പേരുടെയും മുഖപുസ്തക ലിഖിതങ്ങള്‍ എന്നെയും ഉണര്‍ത്തി...മുന്‍പ് ഉണര്‍ന്ന മടിയെ എഴുത്തിന്റെ കാര്യത്തിലെങ്കിലും ഞാന്‍ ഉറക്കി കിടത്തി...

വീട് ഈ കിടപ്പ് കിടന്നാല്‍ കുപ്പത്തൊട്ടി ആയിമാറും, തുണി അലക്കിയില്ലെങ്കില്‍ ഓഫീസില്‍ പോവാന്‍ നേരത്ത് അലമാര പല്ലിളിച്ചു കാണിക്കും..ഇതൊക്കെ അറിയാം, എന്നാലും എഴുതാന്‍ ഉണ്ടായ പോലെ ഒരു പ്രചോദനം ഈ കാര്യങ്ങളില്‍ ഉണ്ടാവുന്നില്ല...എനിക്ക് നിവൃത്തി കെടുമ്പോള്‍ മാത്രം വൃത്തിയാകാന്‍ വിധിക്കപ്പെട്ടു എന്‍റെ മുറിയും അടുക്കളയും പാവം എന്‍റെ തുണികളും....!!


No comments: