Thursday, June 20, 2013

ചെയ്യാന്‍ വിട്ടുപോയ ആത്മഹത്യകള്‍..

ആത്മഹത്യ, ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഈ വിദ്യ പല തവണ മനസ്സില്‍ തോന്നിയിട്ടുണ്ട്...ആദ്യമായി അത് തോന്നിയത് അച്ഛന്‍ നാട്ടില്‍ ഇല്ലാതെ അമ്മയുടെ വീട്ടിലെ ഏകാന്തതയെ പത്താം വയസ്സില്‍ നേരിട്ടപ്പോള്‍ ആയിരുന്നു...ചെറിയ കാര്യങ്ങളില്‍ അമ്മ ചീത്ത പറയുമ്പോഴും, അമ്മമ്മ കൂടുതല്‍ സ്നേഹം വല്യമ്മയുടെ മക്കളോട് കാണിക്കുമ്പോഴും ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ തെങ്ങിന് വെള്ളം നനക്കാന്‍ പറഞ്ഞു അമ്മ മടല് കൊണ്ട് തല്ലുമ്പോഴും കൂട്ടുകാരുടെ ഇടയില്‍ നിന്നു അവരുടെ തെറി കേള്‍ക്കേണ്ടി വന്നപ്പോഴും അനിയത്തിയുടെ സ്നേഹക്കൂടുതല്‍ വല്യമ്മമാരുടെ മക്കളോടാണ്‌ എന്ന് അറിഞ്ഞപ്പോഴെല്ലാം ആ എളുപ്പ വഴി മുന്‍പില്‍ തെളിഞ്ഞു...

അമ്മയുടെ ബാഗില്‍ നിന്നും കാണാതായ അഞ്ചു രൂപ ഞാനാണ് എടുത്തത്‌ എന്ന് എല്ലാരും വിധിയെഴുതിയപ്പോ അന്ന് രാത്രി എന്‍റെ തലയിണകളെ കണ്ണീരു കുടിപ്പിച്ചു കൊണ്ട് ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു...

ആറാം ക്ലാസ്സില്‍ എനിക്കിഷ്ടമായ പെണ്‍കുട്ടി മറ്റൊരുത്തനെ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോഴും അത് തന്നെ മനസ്സില്‍ തോന്നി...അതേ തോന്നല്‍ പിന്നീടുണ്ടായ ഓരോ പ്രണയത്തിനും അകമ്പടിയായി വന്നു..പിന്നീടൊരിക്കല്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ഫസ്റ്റ് ക്ലാസ്സ്‌ കിട്ടിയിട്ടും എന്‍റെ കൂട്ടുകരേക്കാള്‍ മാര്‍ക്ക് കുറഞ്ഞു പോയതിനു ശകാരം കേട്ടപ്പോഴും ഒന്ന് ആത്മഹത്യ ചെയ്താലോ എന്ന് ആലോചിട്ടിട്ടുണ്ട്..ജോലി അന്വേഷിച്ചു ബാംഗ്ലൂരില്‍ വന്നു മൂന്നു മാസം കഴിഞ്ഞിട്ടും പുരോഗതി കാണാതെ അച്ഛന്‍ തിരിച്ചു വരാന്‍ പറഞ്ഞപ്പോള്‍ ആലോചിച്ചത് തിരിച്ചു പോവാന്‍ ആയിരുന്നില്ല, അധോലോകം വേണോ അതോ മരിക്കണോ എന്ന് തന്നെ ആയിരുന്നു...

ഇന്ന് പക്ഷെ ചെറിയ കാര്യങ്ങള്‍ക്കു ജീവിതം അവസാനിപ്പിക്കാന്‍ എനിക്ക് തോന്നുന്നില്ല...ഒരു പക്ഷെ ഈ ജീവിതം ഞാന്‍ ആസ്വദിക്കാന്‍ പഠിച്ചിരിക്കാം...അല്ലെങ്കില്‍ ഇപ്പോഴത്തെ ജീവിതത്തിന്‍റെ മനോഹാരിത ഞാന്‍ തിരിച്ചറിഞ്ഞിരിക്കാം....ഇന്ന് ജീവിക്കാന്‍ എനിക്ക് കൊതിയാണ്, രാവിലെ ബൈക്ക് എടുത്തു ഓഫീസില്‍ പോവുമ്പോ ബൈക്കിടിച്ചു എവിടെയും പടമാവല്ലേ എന്ന് തന്നെയാണ് പ്രാര്‍ത്ഥന...ജീവിക്കാനുള്ള ആഗ്രഹം പേടിയായി വരുന്നില്ല എന്നത് ഒരു പക്ഷെ എനിക്ക് വന്നു ചേര്‍ന്ന അനുഗ്രഹമാവം...അല്ലെങ്കില്‍ ഒരു പക്ഷെ കാടും മലയും കയറാന്‍ എനിക്ക് ഈ ആവേശം വരില്ലായിരുന്നു...

മുന്‍പ് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ ചെയ്തികള്‍ ചെയ്യാന്‍ കഴിയാതെ ഞാന്‍ പരലോകത്ത് നിന്നു കരഞ്ഞു നിലവിളിച്ചേനെ....അന്നത്തെ ബുദ്ധിക്കും ഇന്നത്തെ ബുദ്ധിക്കും സ്തുതി...!!

No comments: