Thursday, July 4, 2013

ഒരൊറ്റ നോട്ടം മതി, ജീവിതം മാറി മറിയാന്‍.

ഒന്നിന് പുറകെ ഒന്നായി രണ്ടു പ്രണയങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് പൊട്ടി തകര്‍ന്നു പോയ കാലം...താടി വളര്‍ത്തി നിരാശാ കാമുക വേഷം കെട്ടാന്‍ നില്‍ക്കാതെ ക്ലീന്‍ ഷേവ് ആയിത്തന്നെ ഞാന്‍ നടന്നു...പ്രണയനഷ്ടം ഏല്‍പ്പിച്ച ഉണങ്ങാപ്പാടുകള്‍ പരിചിത മുഖങ്ങളെ കാണുമ്പോള്‍ ഹൃദയത്തെ നൊമ്പരപ്പെടുത്താന്‍ തുടങ്ങി...എങ്ങനെയെങ്കിലും അവരില്‍ നിന്നൊക്കെ ഒന്ന് മാറി നില്ക്കാന്‍ തോന്നി...അതുവരെയുള്ള എന്നെ പരിചയമില്ലാത്ത ആളുകളുള്ള പുതിയ ഒരു സ്ഥലത്തേക്ക് മാറണം എന്ന് ഉള്ളില്‍ നിന്നു ആരൊക്കെയോ മന്ത്രിച്ചു...

അന്ന് ഹൈദ്രബാദില്‍ ആയിരുന്നു ജോലി, ട്രെയിനിംഗ് കഴിഞ്ഞു മിക്കവാറും അവിടെത്ത പോസ്റ്റിങ്ങ്‌ കിട്ടും എന്ന അവസ്ഥ...ശ്രീനിവാസ് ഉദാത്ത എന്ന വല്യക്കാട്ടെ മാനേജര്‍ എല്ലാവരെയും വിളിച്ചു വരുത്തി... "മിക്കവാറും എല്ലാവര്‍ക്കും ഇവിടെ തന്നെയാണ് പോസ്റ്റിങ്ങ്‌, വേണമെങ്കില്‍ ഒരാള്‍ക്ക് പുനെയിലേക്ക് പോവാം, അവിടെ ഒരു ഒഴിവുണ്ട്" എന്നതായിരുന്നു അങ്ങേരു അന്ന് ഞങ്ങളോട് പറഞ്ഞതിന്‍റെ രത്നച്ചുരുക്കം...മലയാളികളും തമിഴന്മാരും മാത്രം ഉണ്ടായിരുന്ന ആ ബാച്ചില്‍ വേറെ ആര്‍ക്കും പൂനെ വേണ്ടായിരുന്നു... വലതു കൈ പൊക്കി ഞാന്‍ പറഞ്ഞു,

"ഐ പ്രിഫെര്‍ ടു ടേക്ക് ദാറ്റ്‌ ഓപ്ഷന്‍"","

"ഇവനെന്താ പ്രാന്താ...??" കൂടുകാര്‍ പരസ്പരം ചോദിച്ചു...

എങ്ങനെയെങ്കിലും നാടിനോട് അടുത്തുള്ള വല്ല ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ നോക്കുന്നതിനു പകരം പിന്നെയും വടക്കോട്ട്‌ പോവാന്‍ താല്പര്യം കാണിച്ച എനിക്ക് പിന്നെ എന്താണ്...?? ഒരു മാറ്റം കൊതിച്ച ഞാന്‍ പിറ്റേന്ന് തന്നെ കെട്ടും കെട്ടി പുനെയിലേക്ക്...!!

പരിചയമുള്ള ഒരു മുഖം പോലും അന്ന് ഞാന്‍ അവിടെ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല..ആദ്യം ഗസ്റ്റ്‌ ഹൌസില്‍ താമസം..പിന്നീടു ഓഫീസില്‍ വച്ച് പരിചയപ്പെട്ട രഞ്ജിത്തിന്റെ കൂടെയായി...പിമ്പ്ലെ സൌദാഗര്‍ എന്ന സ്ഥലത്ത്, അവിടെ നിന്നു ഓഫീസില്‍ പോയി വരുന്നത് കമ്പനി ബസ്സില്‍.., പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിക്കാതെ കുറച്ചു ദിവസങ്ങള്‍ യാന്ത്രികമായി നീങ്ങി...രാവിലെ നേരത്തെ എണീച്ചു കുളിച്ചു കുട്ടപ്പനായി ഓഫീസിലേക്ക്, അവിടത്തെ പണി കഴിഞ്ഞു വീടിലേക്ക്‌ തിരിച്ചും..സമയാ സമയങ്ങളില്‍ ഭക്ഷണം ഉറക്കം....!! പതിയെ പതിയെ എന്‍റെ വിഷമങ്ങളും മാറി തുടങ്ങി...

ഞങ്ങളുടെ റൂട്ടില്‍ രണ്ടു ബസ്സുകള്‍ ആണ് ഉണ്ടായിരുന്നത്...ആദ്യത്തെ ബസ്സു എങ്ങാനും കിട്ടിയില്ലെങ്കില്‍ പത്തു മിനുട്ട് കഴിഞ്ഞു വരുന്ന അടുത്ത ബസ്‌ ആണ് ഏക ആശ്രയം...അതും പോയാല്‍ പിന്നെ തലങ്ങും വിലങ്ങും മുറുക്കി തുപ്പി വച്ചിരിക്കുന്നതും എവിടെ തൊട്ടാലും സെപ്റ്റിക്ക് ആവുന്നതും, ആറു സീറ്റില്‍ ഇരുപതു പേരെ കയറ്റിക്കൊണ്ടു പോവുന്നതുമായ ഷെയര്‍ ഓട്ടോ മാത്രമാണ് ആശ്രയം...അതിലും ഭേദം ഒരു ലീവ് പോട്ടെ എന്ന് വയ്ക്കുന്നതാണ്...!!

അന്നൊരിക്കല്‍ ഞാന്‍ റെഡി ആവാന്‍ ഒരു പത്തു മിനുട്ട് വൈകി..ബസ്‌ സ്റ്റോപ്പില്‍ ഓടിയെത്തിയപ്പോഴേക്കും ബസ്സും പോയി...രണ്ടാം ബസ്സും പോയിരിക്കുന്നു...!!ലീവ് എലാം എടുത്തു പെറുക്കി നാട്ടില്‍ പോയി കുറച്ചു ദിവസം താമസിക്കണം എന്ന് വിചാരിച്ചിരുന്ന രഞ്ജിത്ത് എന്നെ തുറിച്ചു നോക്കി...ഓം നമശിവായ സീരിയലില്‍ ശിവന്‍ മൂന്നാം കണ്ണു തുറന്നത് പോലെ ഒരു നോട്ടം..എന്നെ അവന്‍ ദഹിപ്പിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ മിസ്സായി എന്ന് കരുതിയ രണ്ടാം ബസ്സ്‌ വന്നു...

"ഹോ..!! അശ്വാസം...!! ആദ്യത്തെ ബസ്സിന്‍റെ ഡ്രൈവറിനും നിന്‍റെ വാച്ചിലെ സമയമാ..!!" രഞ്ജിത്ത് ബസ്സില്‍ കയറാന്‍ നേരത്ത് പറഞ്ഞു..

അവന്‍റെ പ്രാക്ക് കേള്‍ക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തില്‍ ഞാനും ബസ്സില്‍ കയറി...പുറകിലെ സീറ്റിലേക്ക് നടന്നു നീങ്ങുമ്പോള്‍, രണ്ടു തിളക്കമുള്ള കണ്ണുകള്‍.., "ദൈവമേ, നീ വീണ്ടും പരീക്ഷിക്കുകയാണോ..???"
ആ കണ്ണുകളുടെ ഉടമയുടെ പുറകിലെ സീറ്റില്‍ തന്നെ പോയി ഇരുന്നു.. അടുത്തിരിക്കുന്ന സുഹൃത്തിനോട്‌ അവള്‍ തമിഴില്‍ എന്തൊക്കെയോ പറയുന്നു..

"കണ്ടിട്ട് ഒരു തമിഴ് അയ്യര് കുട്ടി ആണ് എന്ന് തോന്നുന്നു...എന്തായാലും നല്ല ഐശ്വര്യമുണ്ട്" ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു...

"ഉം.." അവനു വലിയ കൂസലോന്നും ഇല്ല..

"നമുക്ക് നാളെ മുതല്‍ ഈ ബസ്സില്‍ വന്നാല്‍ മതി, എന്തെ??"

"എടാ, ഇതും നീ കാരണം പോയാല്‍ പിന്നെ വേറെ ബസ്സില്ല, ലീവ് ആക്കേണ്ടി വരും" അവന്‍ മുന്നറിയിപ്പ് തന്നു...

"ഇല്ലെടാ, അവള്‍ ഞാന്‍ കയറിയപ്പോ എന്നെ നോക്കി, എന്നും വന്നാല്‍ അത് സ്ഥിരമാവും, അത് വഴി ഹൃദയത്തിലേക്ക് കയറാം... എത്ര നാളാടാ, ഇങ്ങനെ... നമുക്കും ഒരു പുരോഗതിയൊക്കെ വേണ്ടേ??"

"എന്നാലും...!!" അവനു വീണ്ടും സംശയം.

"അവള്‍ക്കും കുറെ ഫ്രെണ്ട്സ് ഒക്കെ കാണും, നിനക്കും പരിചയപെടാലോ..." എനിക്കവളെ നന്നായി പരിചയമുള്ളത് പോലുള്ള ഭാവത്തില്‍ ഞാന്‍ പറഞ്ഞു. അതില്‍ അവന്‍ വീണു.

പിന്നെടെന്നും അതേ ബസ്സില്‍ പോക്കും വരവും, കഴിവതും അവളുടെ സീറ്റിനു പുറകില്‍ തന്നെ സ്ഥാനം...ജനലിലൂടെ വീശി വന്ന കാറ്റില്‍ അവളുടെ മുടിയിഴകള്‍ എന്‍റെ കൈകളില്‍ വന്നു തട്ടിക്കൊണ്ടേ ഇരുന്നു..അപ്പോഴൊക്കെ പുറകിലിരുന്നു, "എന്‍റെ തെങ്കാശി തമിഴ് പൈങ്കിളി" എന്ന് ഞാന്‍ പാടിക്കൊണ്ടേ ഇരുന്നു...പിന്നീട് ഫുഡ്‌ കോര്‍ട്ടില്‍, ബസ്സില്‍, വഴിയില്‍, അങ്ങനെ പലയിടത്തും വച്ച് ഞങ്ങളുടെ കണ്ണുകള്‍ ഉടക്കി...അക്കാലത്ത് എന്‍റെ പ്രണയം വര്‍ണ്ണിച്ചു വര്‍ണ്ണിച്ച് ഞാന്‍ രഞ്ജിത്തിനെ വധിച്ചു...അത് മിക്കവാറും അവളുടെ പുറകില്‍ ഇരുന്നു കൊണ്ട് തന്നെ ആയിരുന്നു...

"ഇനി തമിഴൊക്കെ ഒന്ന് ഫ്ലുവന്റാക്കണം" രഞ്ജിത്തിനോട് ഞാന്‍ പറഞ്ഞു..

"അതെന്തിന്..??"

"അല്ലടാ, പ്രപ്പോസ് ചെയ്യാന്‍ മാതൃഭാഷയാ നല്ലത്...അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ അത് കൂടുതല്‍ ഏല്‍ക്കും"

"ഏല്‍ക്കും ഏല്‍ക്കും, നന്നായി ഏല്‍ക്കും...!! പിന്നെ ഒരുകാര്യം നീ എല്‍ക്കുകയോ കൊള്ളുകയോ ഒക്കെ ചെയ്തോ, എന്‍റെ ലീവ് ശെരിയായി, ഞാന്‍ ഒരാഴ്ച്ച നാട്ടില്‍ പോവുകയാണ്..നീ വരുന്നോ??"

"ഞാനില്ല, എന്‍റെ ഒരു ബാച്ച്മേറ്റ്‌ ഇവിടേയ്ക്ക് വരുന്നുണ്ട്, വിശാഖ്.."

പിന്നീടുള്ള ഒരാഴ്ച വിശാഖായിരുന്നു എനിക്ക് കൂട്ട്...അവനോടു ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു, ആളെ കാണിച്ചപ്പോ അവന്‍ പറഞ്ഞു, "എടാ കോപ്പേ, അവള് തമിഴും അയ്യരും ഒന്നുമല്ല, മലയാളിയാ..എന്‍റെ അതേ ഫ്ലോറില്‍ ആണ് അവളും ഇരിക്കുന്നത്...!!! അത് ഒരു ഒന്നൊന്നര അറിവായിപ്പോയി... അവളുടെ പുറകിലിരുന്നു ഞാന്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഓര്‍ത്തപ്പോ സോഡാ പൊട്ടിച്ചത് പോലെ എന്‍റെ ഗ്യാസ് പോയി...!!

സാരമില്ല, ഇനി അറിയാന്‍ വയ്യാത്ത ഭാഷ പറഞ്ഞു  കഷ്ടപ്പെടെണ്ടല്ലോ എന്ന ഒരു സമാധാനം ഉണ്ട്..അല്ലെങ്കിലും ദാമ്പത്യ ജീവിതം മലയാളത്തിലായാലേ ഒരു രസമുള്ളൂ...!! അന്ന് തന്നെ ഞാന്‍ രണ്ടും കല്‍പ്പിച്ചു ഓഫീസില്‍ വച്ച് തന്നെ അവളോട്‌ സംസാരിക്കാന്‍ തീരുമാനിച്ചു..വിശാഖ് അവള്‍ ഇരിക്കുന്ന സ്ഥലം കാണിച്ചു തന്നു...ഒരു കൂട്ടം സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയായിരുന്ന അവളെ വിളിച്ചു ഒരു ഇടനാഴിയിലേക്ക്‌ നീങ്ങി.

ആദ്യ ചോദ്യം, "തന്‍റെ നമ്പര്‍ ഒന്ന് തരുമോ? കുറച്ചു കാര്യങ്ങള്‍ അറിയാനുണ്ട്, ഇപ്പോഴാണെങ്കില്‍ സമയമില്ല. അതുകൊണ്ടാ"

"എന്താ അറിയേണ്ടത്..? ചോദിച്ചോളൂ"

നമ്പര്‍ വീണ്ടും ചോദിച്ചെങ്കിലും തരാന്‍ താല്‍പ്പര്യം ഇല്ല എന്ന് മനസ്സിലായി. അതുകൊണ്ട് ഞാന്‍ കാര്യത്തിലേക്ക് കടന്നു..

"എന്നെ ബസ്സില്‍ വച്ച് നോക്കാറില്ലേ..??"

"ഉണ്ട്" വണ്‍ വേര്‍ഡ്‌ ആന്‍സര്‍..

"അതെന്തിനാ...??"

"നിങ്ങളും മലയാളി ആയതു കൊണ്ട്.."

"വേറെ ഒന്നും കൊണ്ടല്ല...??" എനിക്കത് ഉറപ്പു വരുത്തണമായിരുന്നു

"വേറെ ഒന്നും കൊണ്ടല്ല, അതുകൊണ്ട് മാത്രമാണ്..." അവള്‍ ഉറപ്പിച്ചു പറഞ്ഞു...

രാകേഷ് എന്ന പേര് മാറ്റി ശശി എന്നാക്കിയാലോ..?? ഞാന്‍ സ്വയം ചിന്തിച്ചു..

ഒരാഴ്ച കഴിഞ്ഞു രഞ്ജിത്ത് തിരിച്ചു വന്നപ്പോള്‍ നടന്നതെല്ലാം ഞാന്‍ വിശദമായി പറഞ്ഞു, അവനു ഒടുക്കത്തെ സന്തോഷം...നാട്ടില്‍ നിന്നും കൊണ്ട് വന്ന ചിപ്സ് കഴിച്ചുകൊണ്ട് പൊട്ടിചിരിച്ചു കൊണ്ടിരുന്നപ്പോള്‍ അത് അണ്ണാക്കില്‍ കുടുങ്ങി കുരച്ചു കുരച്ചു അവന്‍റെ കണ്ണില്‍ നിന്നും വെള്ളം വന്നു...എന്‍റെ പ്രണയ നഷ്ടത്തില്‍ അവന്‍റെ കണ്ണീര്‍ മുത്തുകള്‍ അശ്രുബാഷ്പ്പമായി വീണു..!! (തെണ്ടി..!!)

പിറ്റേ ദിവസം ബസ്സില്‍ കയറിയപ്പോ അവള്‍ വീണ്ടും ബസ്സില്‍, ഇന്ന് അവളുടെ കണ്ണിന്‍റെ തിളക്കം എനിക്ക് അനുഭവപ്പെട്ടില്ല...അവള്‍ക്കു ഒരല്‍പ്പം നിറം കുറവാണെന്ന് തോന്നി...നീളവും പോര..ഒരു കച്ചറ തമിഴ് ലുക്കും...!! ഛെ.!! പോര, എനിക്കവള്‍ പോര...ഞാന്‍ പിന്നെ അവളെ നോക്കാനൊന്നും പോയില്ല...അയ്യയ്യേ..!! നമുക്ക് നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടേ...!!

1 comment:

Dileep Nayathil said...

രാകേഷ് എന്ന പേര് മാറ്റി ശശി എന്നാക്കിയാലോ..?? ഞാന്‍ സ്വയം ചിന്തിച്ചു..
Athu kalakki...