Tuesday, July 16, 2013

മീശ മീശ...!!

ഇത് മീശയുള്ളവരുടെ കാലമാണ്.. ശിഖര്‍ ധവാനും രവീന്ദ്ര ജടെജയും എല്ലാം മീശ വച്ച് കളം നിറഞ്ഞു കളിക്കുന്നു...മീശയില്ലാത്ത സരിതയും തിരുവഞ്ചൂരും  "ക്ഷ" വരയ്ക്കുന്നു...മീശയുള്ളത് കൊണ്ട് ഉമ്മന്‍ ചാണ്ടി മുഖ്യ കസേര വിടാതെ നില്‍ക്കുന്നു...കഷ്ടകാലത്തിന് ഉണ്ടായിരുന്ന കട്ടിമീശ വടിച്ച ബിജു അകത്തായി..അങ്ങനെ കാലം തെളിയിച്ച മീശ എന്ന ഐശ്വര്യം എനിക്കും ആവാം എന്ന് വച്ചു....എന്നാല്‍ ഇരിക്കട്ടെ എനിക്കും  ഒരു മീശ...കുറേ ആയില്ലേ അമ്മ എനിക്ക് പെണ് നോക്കാന്‍ തുടങ്ങിയിട്ട്...!! ഒരു പക്ഷെ മീശ വച്ചതിനു ശേഷം നല്ല കാലം വന്നാലോ...!! ഞാനും വളര്‍ത്തി ഒരു കൊച്ചു മീശ...!! ഇനി എനിക്കും നല്ല കാലം...!! ഹായ്...ഹായ്...!!

കഴിഞ്ഞ പെണ്ണുകാണല്‍ ചടങ്ങില്‍ ഒന്നും ഞാന്‍ മീശ വച്ചുകൊണ്ട് പോയിരുന്നില്ല...ഒരു ചേഞ്ച്‌ ആവട്ടെ എന്ന് കരുതി ഇത്തവണ നാട്ടില്‍ പോയപ്പോള്‍ തന്നെ ഒരല്‍പ്പം വളര്‍ത്തിയ മീശയുമായി ഞാന്‍ ലാന്‍ഡ്‌ ചെയ്തു...ദക്ഷിണ ഇന്ത്യക്കാര്‍ക്ക് മീശ എന്നും ഒരു അലങ്കാരമാണ്... മീശ ഇവിടത്തെ പെണ്ണുങ്ങള്‍ക്കും ഇഷ്ടമാണ് എന്ന പൊതുവായ ധാരണയും ഉണ്ട്...

ശനിയാഴ്ച രാവിലെ തന്നെ പെണ്ണ് കാണാന്‍ പോവാന്‍ ഉറപ്പിച്ചു...വല്യമ്മയുടെ മോന്‍ കാറും കൊണ്ട് വന്നു, ഞങ്ങള്‍ പത്തു കിലോമീറ്റര്‍ ദൂരത്തുള്ള പെണ്ണിന്‍റെ വീട്ടില്‍ പോയി...അലക്കി തേച്ച മുണ്ടും, ഇസ്തിരിയിട്ട് വടിപോലെ ആയ ഷര്‍ട്ടും, സ്ഥിരം കണ്ണടയും കയ്യിലെ റിസ്റ്റ് ബാന്ടുകളും ആയി ഞാന്‍ അവിടെ എത്തിയപ്പോള്‍ തന്നെ പഴയ ജവാനായ പെണ്ണിന്‍റെ അച്ഛനെ കണ്ടു... അങ്ങേര്‍ക്കും ഉണ്ട് നല്ല കനത്തില്‍ ഒരു കൊമ്പന്‍ മീശ....!!

"മീശ വച്ചത് വേസ്റ്റ് ആയില്ല..." ഞാന്‍ മനസ്സില്‍ പറഞ്ഞു...

അങ്ങനെ ഞാനും അങ്കിളും അമ്മയും വല്യമ്മയുടെ മോനും അവരുടെ വീട്ടില്‍ ചെന്ന് കേറി...കുശലാന്വേഷണവും വര്‍ത്തമാനവും നടക്കുന്നതിനിടെ ചായയെത്തി... കൂടെ ബിസ്ക്കറ്റും ചിപ്സും....!! ഞാന്‍ ചായ കുടിക്കുന്നതിനു മുന്‍പ് തന്നെ പെണ്ണ് പ്രദര്‍ശന വസ്തുവായി മുന്നില്‍ വന്നു... എന്‍റെ അമ്മ എന്തൊക്കയോ ആ കുട്ടിയോട് ചോദിച്ചു... ആ കുട്ടി മറുപടിയും കൊടുത്തു... എനിക്ക് സംസാരിക്കണം എന്ന് ഞാന്‍ അങ്കിളിനോട് പറഞ്ഞു...അതേ സന്തേശം നമ്മുടെ എക്സ് ജവനോട് കൈമാറി...പക്ഷെ അങ്ങേര്‍ക്കു താല്‍പര്യമില്ല....

"അങ്ങനെയുള്ള വര്‍ത്തമാനമൊന്നും കല്യാണത്തിന് മുന്‍പ് വേണ്ട"
അങ്ങേരു ശഠിച്ചു...!!

"ഇപ്പോഴത്തെ പിള്ളേര്‍ക്ക് അതൊക്കെ വേണം..." അങ്കിള്‍ എന്നെ പിന്താങ്ങി...

"എന്ത് വേണേലും ഇവിടെ വച്ച് ചോദിച്ചോട്ടെ..." എന്ന് മീശക്കാരന്‍ ജവാന്‍..

ഒടുവില്‍ എല്ലാവരും ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തെ ഉമ്മറത്ത്‌ വച്ച് സംസാരിക്കാന്‍ അവസരം കിട്ടി...കോമ്പ്രമൈസ്..!!

പ്രത്യേകിച്ച് ഒരു അഭിപ്രായവും താല്‍പര്യങ്ങളും ആ കുട്ടിക്ക് ഇല്ലാ എന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു മിനിറ്റു തികച്ചു വേണ്ടി വന്നില്ല....!! അതോടെ ഞാന്‍ ഫുള്‍ ഡെസ്പ്പ്...!! ഒന്ന് മിണ്ടാനും പറയാനും ഒരു വിഷയം പോലും ഉണ്ടാവില്ല... വന്‍ ട്രാജെടി...!!

 കാണാന്‍ മോശമില്ലാത്ത വെളുത്ത ആ സുന്ദരിയെ അടുത്ത് കണ്ടപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്, അവള്‍ക്കും ഉണ്ട് നല്ല സുന്ദരന്‍ മീശ...!! അവളുടെ വെളുത്ത മുഖത്ത് ആ പൊടിരോമങ്ങള്‍ എച്ച് കെട്ടിയത് പോലെ നിലനില്‍ക്കുന്നു...അത് അവളുടെ മുഴുവന്‍ സൗന്ദര്യവും കെടുത്തി... മീശ നല്ല ഐശ്വര്യമാണ് ഇക്കാലത്ത്, എന്നാലും പെണ്ണിന് മീശ അത്ര നല്ലതായി തോന്നിയില...!!

രണ്ടു മിനിട്ടിന്റെ വര്‍ത്തമാനം കഴിഞ്ഞു ഞാന്‍ തിരിച്ചു വന്നപ്പോഴെകും കുടിക്കാന്‍ വച്ച ചായയും പോയി, ബിസ്ക്കറ്റും ചിപ്സും പോയി... എല്ലാം അവര്‍ തിരിച്ചെടുത്തു പോയി കഴിഞ്ഞിരുന്നു...!!

"വീണ്ടും വന്‍ നഷ്ടം..!!"

പതിയെ അവിടെ നിന്നു ഞങ്ങള്‍ സ്ഥലം കാലിയാക്കി...പല കാരണങ്ങളാലും അമ്മയ്ക്കും ആ ബന്ധം ഇഷ്ടമായില്ല...എനിക്കും പല കാരണങ്ങള്‍ ഉണ്ടായിരുന്നു..!! മീശ അതില്‍ ഒന്ന് മാത്രം....!!

അങ്കിളും അമ്മയും കൂടെ വിശകലനം തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, "ഇത് നമ്മള്‍ക്ക് വേണ്ട... എനിക്ക് വലിയ താല്പര്യം ഇല്ല..." അതോടെ ആ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കം ഉണ്ടായില്ല...എന്‍റെ ഇഷ്ടത്തിനപ്പുറം അവര്‍ക്ക് വേറെ ഒന്നും ഇല്ല...

എന്തൊക്കെ പറഞ്ഞാലും മീശ ആണുങ്ങള്‍ക്ക് അതൊരു അഴകാണ്... അതുപോലെ എന്തൊക്കെ ഐശ്വര്യമാണ്ണ് എന്ന് പറഞ്ഞാലും പെണ്ണിന് മേല്‍ച്ചുണ്ടില്‍ മീശ പൊടിഞ്ഞാല്‍ വാക്സ് തന്നെ ശരണം..!! 

No comments: