Sunday, July 28, 2013

ട്രീറ്റ് പണ്ണ്‍റെന്‍ സാര്‍

കഴിഞ്ഞ മഞ്ഞുകാലം, ഒരു മാസമായി എല്ലാ ശനിയാഴ്ചയും ഓഫീസില്‍ ആയിരുന്നു... അതും നല്ല കട്ട പണി... എല്ലാ ദിവസവും വളരെ വൈകി ആയിരുന്നു വീട്ടില്‍ തിരിച്ചെത്തിയിരുന്നത്...  വീട്ടില്‍ വന്നാല്‍ തന്നെ പെട്ടന്ന് വല്ലതും വച്ചുണ്ടാക്കി കഴിച്ചു ഒറ്റ കിടത്തം...!! യന്ത്രികമായിരിക്കുന്നു എന്‍റെ ദിവസങ്ങള്‍..., അത് കാരണം തന്നെ വല്ലാത്ത ഒരു മടുപ്പും അനുഭവപ്പെടാന്‍ തുടങ്ങി... ഒരു മാറ്റത്തിനായി ഇനിയൊരു യാത്രയാവാം... തീരുമാനത്തിലേക്ക് എത്താന്‍ എനിക്ക് അധികം സമയം വേണ്ടി വന്നില്ല... പോവാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് ഒരു ഏകദേശ രൂപമുണ്ടാക്കി, ഒരാഴ്ചത്തെ ലീവും പറഞ്ഞു ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ ആ യാത്രക്ക് ഇറങ്ങി...

പലരെയും കൂട്ടിനു വിളിച്ചെങ്കിലും ഒരാഴ്ച്ച മുഴുവന്‍ ലീവ് കിട്ടില്ല എന്നത് കൊണ്ട് ആരും വന്നില്ല... ഒടുവില്‍ ഒറ്റയ്ക്ക് പോവാന്‍ തന്നെ തീരുമാനിച്ചു, അതും എന്‍റെ ബൈക്കില്‍.., ഫുള്‍ ടാങ്ക് എണ്ണയടിച്ചു വിനോദ് ഭായുടെ ക്യാമറയും സ്ലീപ്പിംഗ് ബാഗും ബാക്ക് പാക്കും, ശ്രിധരന്റെ മാപ്പും മേടിച്ചു ബാംഗ്ലൂരില്‍ നിന്നും എന്‍റെ യാത്ര തുടങ്ങി... ജാക്കെറ്റ്‌ എടുക്കാന്‍ മറന്നതിനാല്‍ പോവുന്ന വഴിയില്‍ മനോജേട്ടന്റെ വീട്ടില്‍ പോയി അതും ഒപ്പിച്ചു... ആദ്യ ലക്ഷ്യം തേനി ആയിരന്നു... അവിടത്തെ കൃഷിയിടങ്ങള്‍ കാണാനും നന്മയുള്ള തമിഴന്‍റെ സ്നേഹം അടുത്തറിഞ്ഞ്‌ ഇടപഴകാനും വേണ്ടിയായിരുന്നു ആദ്യം അവിടെ തന്നെ പോവാന്‍ തീരുമാനിച്ചത്...അന്ന് രാത്രി സേലത്ത് തങ്ങാന്‍ വിചാരിച്ചെങ്കിലും നിര്‍ത്താതെ പെയ്ത മഴ എന്നെ ധര്‍മ്മപുരി വരെ പോവാനേ അനുവദിച്ചുള്ളൂ... തല്‍ക്കാലം അവിടെ ഒരു ലോഡ്ജില്‍ റൂമെടുത്തു കൂടി... കൊതു, മൂട്ട, തണുപ്പ്, ഹോ...!! വണ്ടര്‍ഫുള്‍ നൈറ്റ്‌...,...!!

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് തേനി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു...പത്തു മുന്നൂറു കിലോമീറ്റര്‍ ഉണ്ട്... ഞാന്‍ ഇതുവരെ ആ റൂട്ടില്‍ പോയിട്ടുമില്ല.. ദിണ്ടിഗല്‍ വരെയുള്ള വഴി ഏതാണ്ട് അറിയാം... അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു തേനിയിലേക്കുള്ള റോഡ്‌ കണ്ടു പിടിച്ചു..  അതുവരെ ഉണ്ടായിരുന്ന നാല് വരിപ്പാതയുടെ സുഖം പിന്നെ ഉണ്ടായില്ല... അവിടവിടെയായി റോഡ്പണി നടക്കുന്നു... നോക്കെത്താ ദൂരത്തേക്ക് കൃഷിയിടങ്ങള്‍ വ്യാപിച്ചു കിടക്കുന്നു... ഒരു വശത്ത്‌ പഴനി മലയും... ഇടയ്ക്കു പലയിടത്തു വച്ചും വഴി പിരിഞ്ഞു പോവുന്നു... വഴി തെറ്റാതിരിക്കാന്‍ ആ നാട്ടിന്‍പുറത്തെ നന്മ നിറഞ്ഞ ആളുകളുടെ സഹായം തേടി...

"അണ്ണാ, തേനി എന്ത പക്കം..?"

പാവാട പോലുള്ള ലുങ്കിയുടുത്ത ചുവന്ന ബനിയനും ചളി പിടിച്ച തോര്‍ത്തും വേഷമാക്കിയ ഒരാള്‍ എന്നെ സഹായിക്കാന്‍ എത്തി...

"സാര്‍, നാനും അന്തപക്കം താന്‍ ... വരട്ടുമാ.. വളി(ഴി) കാമിക്കിറെന്‍ "

"സരി, ഏറുങ്കോ.."

ഞാന്‍ അയാളെയും കൂട്ടി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു നീങ്ങാന്‍ തുടങ്ങി.. ചെറിയ ചെറിയ കുശലങ്ങളും...

"സാര്‍ നീങ്ക എങ്ങേയിരുന്തു വന്തിട്ടിറുക്കിങ്കെ...??"

"ബാംഗ്ലൂരിലിന്തു..."

"അടെങ്കപ്പ, ഇമ്പട്ടു ദൂരം തനിയാവേ ബൈക്കിലാ...??"

"ആമ.."

എന്‍റെ വട്ട് കേട്ട് ആള് അന്തംവിട്ടു...!!

"നീങ്ക എന്‍ വീട്ടുക്ക് വാങ്കോ സാര്‍, ഉങ്കളുക്കു ട്രീറ്റ് പണ്ണ്‍റെന്‍ " തമിഴന്‍റെ സ്നേഹം കവിഞ്ഞൊഴുകി...

അയാള്‍ക്ക്‌ ഇറങ്ങേണ്ട സ്ഥലം എത്താറായി... വീട്ടിലേക്കു വീണ്ടും എന്നെ ക്ഷണിച്ചു കൊണ്ടേ ഇരുന്നു.. സ്നേഹപൂര്‍വ്വം ഞാന്‍ അത് നിരസിച്ചു... പക്ഷെ അങ്ങേരു വിടുന്ന ലക്ഷണം ഇല്ല..

"എനക്ക് പോയി നെറയെ വേലയിറുക്ക്... അപ്പറം വന്തിടലാം.." ഞാന്‍ പറഞ്ഞു..

"അപ്പടി സൊല്ലക്കൂടാത്... വന്ത് ഡ്രിങ്ക്സാവത് കുടിച്ചിട്ട് പോങ്കോ..."

അപ്പോഴാണ് എനിക്ക് ബള്‍ബ്‌ കത്തിയത്... പുള്ളി രണ്ടെണ്ണം അടിച്ചിട്ടുണ്ട്.. അതിന്‍റെ സ്നേഹം ആണ് ഇത് വരെ കണ്ടത്... ഇനി തലയൂരാതെ രക്ഷയില്ല..
തോട്ടുത്ത കവലയില്‍ വണ്ടി നിര്‍ത്തി ആളോട് ഇറങ്ങാന്‍ പറഞ്ഞു..

"ട്രീറ്റ് പണ്ണ്‍റെന്‍ സാര്‍..."", വാങ്കോ" വണ്ടിയില്‍ നിന്നു ഇറങ്ങാതെ അയാള്‍ പറഞ്ഞു..

"ട്രീറ്റ് ഏതും തെവയില്ലൈയ്, നീങ്ക ഇറങ്കിനാല്‍ പോതും "

"അപ്പടിനാല്‍ നീങ്ക എനക്ക് ട്രീറ്റ്‌ പണ്ണുങ്കോ" അങ്ങേരു പ്ലേറ്റ് മാറ്റി...

കര്‍ത്താവേ കുരിശ്ശായല്ലോ...!!

അപ്പോഴേക്കും നാല്‍ക്കാലികള്‍ ആയ കുറേ ആളുകള്‍ ചുറ്റും കൂടാന്‍ തുടങ്ങിയിരുന്നു...

"സാര്‍ ഒരു അമ്പതു രൂപയാച്ച് കൊടുങ്കോ..."

ആള് കൊള്ളാലോ, അയാള്‍ക്ക് വേണ്ട സ്ഥലത്ത് കൊണ്ട് എത്തിച്ചതും പോര ഇനി അമ്പത് രൂപയും വേണം... പക്ഷെ തര്‍ക്കിച്ചിട്ടു കാര്യമില്ല... ആ സ്ഥലവും ഒരു പന്തിയില്ല...കാശ് തരാം എന്ന് സമ്മതിച്ചു ആളോട് താഴെ ഇറങ്ങാന്‍ പറഞ്ഞു... ഒടുക്കം ആള് വണ്ടിയില്‍ നിന്നു ഇറങ്ങി... കാശിനായി കൈ നീട്ടി...

തോമസ്സുട്ടി വിട്ടോടാ...!! ഞാന്‍ സ്വയം പറഞ്ഞു, അയാളെ പറ്റിച്ചു വണ്ടിയെടുത്തു പറപ്പിച്ചു വിട്ടു... അമ്പതു രൂപക്കായി കൈ നീട്ടി നില്‍ക്കുന്ന അയാളെ ഞാന്‍ കണ്ണാടിയിലൂടെ കണ്ടു...!! എന്തിനോ വേണ്ടി നീട്ടി നില്‍ക്കുന്ന കൈകള്‍...,..!!

ഏഴ് ദിവസം നീണ്ടു നിന്ന ആ യാത്രയില്‍ തമിഴന്‍റെ എന്നല്ല ഒരുത്തന്‍റെയും സ്നേഹം അടുത്തറിയാന്‍ പിന്നീടു ഞാന്‍ നിന്നില്ല... പ്രകൃതിയുടെ പച്ചപ്പും നനവും തൊട്ടറിഞ്ഞ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരു ഒഴിവുകാലമായി ആ ഏകാന്ത യാത്ര മാറി... അന്നത്തെ യാത്രയില്‍ ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ താഴെ കൊടുത്ത ലിങ്കില്‍ കാണാം...

https://www.facebook.com/rkshpc/media_set?set=a.348952361849570.80277.100002044269499&type=3No comments: