Thursday, March 28, 2013

പ്രേതം തോറ്റു, ചൂല് ജയിച്ചു...!!!

കുറെ ദിവസങ്ങള്‍ക്കു ശേഷമായിരുന്നു അനൂപിന്‍റെ വീട്ടില്‍ പോയത്. ഒരുപാട് ഓര്‍മകള്‍ക്ക് ജീവന്‍ വച്ച ദിവസമായിരുന്നു അന്ന്...ഏഴ് വര്‍ഷങ്ങള്‍ക്കു പുറകിലെ കോളേജ് ജീവിതം, സ്റ്റഡി ലീവ് ചിലവഴിച്ച വരാന്തകള്‍, അനൂപിന്‍റെ അമ്മയുണ്ടാക്കിയിരുന്ന സാമ്പാറും ചോറും മുളക് വറുത്തതും പപ്പടവും ഇപ്പോഴും രുചി മാറാതെ നില്‍ക്കുന്നു..ഞങ്ങള്‍ പലരായിരുന്നു, എന്നെയും അനൂപിനെയും കൂടാതെ രവിയും ഷിജുവും രതീഷും പ്രശോഭും...എല്ലാവരും ഒരുമിച്ചുണ്ടാവില്ല എന്നും, എന്നാലും ഉള്ളവരെല്ലാം സ്വന്തം വീടെന്ന പോലെ അവിടെ കഴിഞ്ഞു...പകല് മുഴുവന്‍ ഇരുന്നു പഠിക്കും, ക്ലാസ്സിലെ കാര്യങ്ങള്‍ പറയും, സിനിമാ വിശേഷങ്ങള്‍ പങ്കു വക്കും...എന്തൊക്കെ ആയാലും അവിടെയുണ്ടായിരുന്ന സമയത്ത് ഒരു ചിട്ടയുണ്ടായിരുന്നു...രാത്രിയുറക്കം പുറത്തെ വരാന്തയിലെ തറയില്‍ കിടക്ക വിരിച്ചു... പുലര്‍ച്ചെ തന്നെ അനൂപിന്‍റെ അമ്മയും വല്യമ്മയും ചൂലും കൊണ്ട് വരും...ഇനി രക്ഷയില്ല, ഉറങ്ങണമെങ്കില്‍ അകത്തു പോയി കിടന്നെ പറ്റൂ...ഒരു കട്ടിലുണ്ട് ബാക്കി, അകത്തു കിടക്കാന്‍.., അനൂപും അവന്‍റെ അനിയന്‍ കുഞ്ഞുവും മിടുക്കന്മാര്‍, അവര്‍ ആദ്യം തന്നെ അവിടെ പോയി കിടക്കും....കിടക്കാന്‍ സ്ഥലമില്ലാതെ ഉറക്കം വിടാത്ത മുഖവുമായി ഞാന്‍ എണീട്ടിരിക്കും....രാവിലത്തെ പരിപാടിയെല്ലാം കഴിയുമ്പോഴേക്കും അനൂപും എഴുനേറ്റു വരും, പിന്നെ രാവിലത്തെ ചായ, ദോശയും കാപ്പികുടിയും, അത് കഴിഞ്ഞു പഠിത്തം...വൈകുന്നേരം വിശ്രമമാണ്...പുഞ്ചാപ്പാടമാണ് വിശ്രമിക്കാനുള്ള ഇടം...നനവ്‌മാറാത്ത പുല്ലു പാടത് ചെളിയറിയാത്ത കാവി മുണ്ടുടുത്ത ഞങ്ങള്‍ ഇരിക്കും സൊറ പറയും...മഴക്കാലത്ത്‌ പുഞ്ചാപാടത്തെക്കുള്ള വഴി മുഴുവന്‍ വെള്ളമൊഴുകും, ആ വെള്ളത്തിലൂടെ നടക്കുനതു തന്നെ രസമാണ്..കഥകള്‍ പറഞ്ഞു സന്ധ്യയാക്കി ഞങ്ങള്‍ തിരിച്ചു നടക്കും...പിന്നെ ഇല്ലത്തെ കുളത്തില്‍ ഒരു കുളി...ചോറുണ്ടാക്കിയ കലം വടിച്ചു നക്കി അത്താഴം മതിയാക്കും...രാത്രി എല്ലാരും ഉണ്ടങ്കില്‍ ബഹു രസം...ക്ലാസ്സിലെ ഓരോരുത്തരെ പറ്റിയും പറഞ്ഞു തുടങ്ങും, വിശകലനം ചെയ്യും, തര്‍ക്കിക്കും...ഒരു ദിവസം ഓജോ ബോര്‍ഡ്‌ കളിക്കാം എന്ന് പറഞ്ഞു തട്ടിന്‍ പുറത്തു കയറി...രവി ആയിരുന്നു അതിനു ചുക്കാന്‍ പിടിച്ചത്...ചോക്കും ബോര്‍ഡും മഴുക് തിരിയുമായി തട്ടിപുറത്തു കയറി... കൂടെ ആത്മാവിനു കഥ പറയാന് ഒരു കാലണയും...good spirit please come എന്ന് അലറി വിളിച്ചിട്ടും ഒരു മരപ്പട്ടി പോലും വന്നില്ല...നിരാശരായി ഞങ്ങള്‍ താഴെ ഇറങ്ങി... രവി അപ്പോഴും മുന്‍പ് പ്രേതം വന്ന കഥകള്‍ തട്ടി വിടുന്നുണ്ടായിരുന്നു..ഒടുവില്‍ ശരണം വരാന്തയിലെ കിടക്ക തന്നെ...കിടക്കുമ്പോ പതിവില്ലാതെ പുതിയ വിഷയം വന്നു, "പ്രേതം"...ഇത് വരെ ഞങ്ങളാരും കാണാത്ത എന്നാല്‍ ഞങ്ങളെ അന്നും ഇന്നും പേടിപ്പെടുത്തുന്ന അതേ പ്രേതം...ആരും മോശമായിരുന്നില്ല, കേട്ടതും അറിഞ്ഞതുമായ പ്രേതകഥകള്‍ വാരി വിതറി... ഞാനും വിട്ടില്ല...എന്‍റെ വകയും പറഞ്ഞു ഒന്ന് രണ്ടെണ്ണം....സമയം ഏതാണ്ട് രാത്രി രണ്ട് മണിയായി... എനിക്ക് ഉറക്കം വന്നു തുടങ്ങി, കിടക്കാമെന്ന് വച്ചപ്പോ അനൂപ്‌ സമ്മതിക്കുന്നില്ല.. കഥയെല്ലാം കേട്ടു കഴിഞ്ഞപ്പോ അവന്‍റെ ഉറക്കം പോയി....ദൂരെ ഒരു ബള്‍ബ്‌ കത്തി കെടുന്നത്‌ പോലെ അവനു തോന്നി...പതിവ് പോലെ രാത്രി കിടക്കുന്നതിനു മുന്‍പ് മുറുക്കിയതു കൊണ്ടാവും, ഒരു സംശയം, രാത്രി ആരെങ്കിലും വന്നു ചുണ്ണാമ്പ് ചോദിക്കുമോ...?? എന്തായാലം രാത്രി അവന്‍ ഉറങ്ങുന്നത് വരെ എന്നെ ഉറക്കിയില്ല...ഒടുവില്‍ ഒരു മൂന്ന് മണിയായപ്പോഴേക്കും അവന്‍ ഉറങ്ങിക്കിട്ടി....പ്രേതതെയെല്ലാം മറന്നു ഞാനും കിടന്നു, കണ്ണടച്ച് തുറന്നപോഴേക്കും അനൂപിന്‍റെ അമ്മ ചൂലുമായി എത്തി...അപ്പുറവും ഇപ്പുറവും നോക്കിയപ്പോ ഒരു തെണ്ടിയും ഇല്ല...ഉറക്കം വിടാത്ത കണ്ണുമായി വീടിനകത്ത് കയറിയപ്പോ എല്ലാവരും കൂടെ കട്ടില്‍ കയ്യടക്കിയിരിക്കുന്നു...നേരം വെളുത്തല്ലോ ഇനിയാര്‍ക്കും പ്രേതത്തെ പേടിക്കേണ്ടല്ലോ...സുഗമായി ഉറങ്ങാം...അനൂപിന്‍റെ അമ്മയുടെ ചൂലും പേടിച്ചു എണീറ്റ എനിക്ക് ഉറക്കം പോയിക്കിട്ടി...ഇതാണ് പറയുന്നത് പ്രേതം തോറ്റു, ചൂല് ജയിച്ചു...!!!

No comments: