Monday, August 31, 2015

കുഞ്ഞിരാമന്‍റെ കഥ അഥവാ കുഞ്ഞിരാമായണം

വലിയ താരനിരകളില്ല.. കേട്ടറിവുകളും നന്നേ കുറവ്, എന്നിട്ടും കുഞ്ഞിരാമായണം കാണാന്‍ പോയി.. ആനക്കെടുപ്പത് പ്രതീക്ഷകളുമായി.. കാരണം ഒരു ഫേസ്ബുക്ക്‌ സുഹൃത്ത് തന്നെ.. ദീപു പ്രദീപ്‌ എന്ന  വ്യക്തിയെ അയാളുടെ ബ്ലോഗ്‌ വായിച്ച് ഇഷ്ടപ്പെട്ട് ഫേസ്ബുക്കില്‍ കൂടെ കൂട്ടിയപ്പോള്‍ ഒരിക്കലും കരുതിയില്ല, ഇങ്ങേരൊരു സിനിമക്ക് അക്ഷരമൊരുക്കുമെന്ന്.. അത് സംഭവിച്ചപ്പോള്‍ കാണാതിരിക്കാന്‍ കഴിഞ്ഞില്ല.. കണ്ടല്ലോ, ഇനി അഭിപ്രായം പറഞ്ഞേക്കാം...!!
ഒരു വന്‍ സംഭവമൊന്നുമല്ല ഈ രാമായണം... വിഡ്ഢികളുടെ ഗ്രാമത്തിലെ ഒരു കുഞ്ഞിരാമന്റെയും സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും കഥ.. അതിലുടെനീളം കുഞ്ഞ് നര്‍മ്മങ്ങള്‍... ഗ്രാമം പ്രണയം അങ്ങാടിക്കൂട്ടം ഗ്രാമസൗഹൃദം അങ്ങനെ മലയാളി സിനിമയില്‍ കാണാന്‍ മറന്നു തുടങ്ങിയ പലതിന്‍റെയും പുതിയ  ആവിഷ്കാരം..!! മദ്യവും പുകവലിയും എമ്പാടും ഉണ്ടെങ്കിലും കണ്ടാല്‍ അറക്കാത്ത രീതിയില്‍ വലിയ സ്ക്രീനില്‍ കാണാം..!! ദീപു ബ്ലോഗ്ഗില്‍ പയറ്റി പരിചയിച്ച ശൈലി തന്നെയാണ് സിനിമയിലും എനിക്ക് ദൃശ്യമായത്..
എടുത്തു പറയേണ്ടത്, ക്ലൈമാക്സ്‌ തന്നെ.. നിനച്ചിരിക്കാതെ മുന്‍പിലെത്തിയ രണ്ടു പേരും ഞെട്ടിച്ചു..!! വിനീത് ശ്രീനിവാസനിലെ "ശ്രീനിവാസനാണ്" മുഴുവന്‍ പടത്തിലും അഭിനയിക്കാന്‍ എത്തിയത്..!! വിനീതാണ് നായകനെങ്കിലും എന്‍റെ മനസ്സ് കൂടെ സഞ്ചരിച്ചത് മണ്ടനായ ലാലുവിന്‍റെ കൂടെയാണ്.. ലാലുവായ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍ എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇപ്പോഴും ഇഷ്ടം... ശശി എന്ന ദീപക് ആണ് പിന്നെ എടുത്തു പറയേണ്ട അഭിനേതാവ്.. നിങ്ങ പ്വോളിച്ചു ബ്രോ..!! നീരജും പണി വൃത്തിയായി ചെയ്തു...
മുഴചിരിക്കുന്നത്, ഇടയ്ക്കിടെ ചില ഇഴചിലുകള്‍ രാമായണത്തില്‍ കടന്നു കേറി.. അജു വര്‍ഗ്ഗീസ് കഥാപാത്രം മാറിയിട്ടും രസിപ്പിചെങ്കിലും  ഒരു ക്ലീഷേ വേഷമായി, അജുവിന്‍റെ വെറ്റില മുറുക്കി അഭിനയം വെറും അഭിനയമായ പോലെ, ഒടിവില്‍ ഉണ്ണികൃഷ്ണന്‍ പണ്ട് മുറുക്കിത്തുപ്പി അഭിനയിച്ച(ജീവിച്ച)തൊക്കെ ഒന്ന് കണ്ടു നോക്കിയാല്‍ അത് മനസിലാവും..പല നടന്മാരും കാര്യമായി ഒന്നും ചെയ്യാനില്ലാതെ വന്നു പോയത് കാണാം, ശശി കലിംഗയും ബിജുക്കുട്ടനും എല്ലാം ഉദാഹരണം..!!

സംഗീതവും പശ്ചാത്തല ഈണവും കിറുകൃത്യം..!! മനോഹരമായി ക്യാമറ പിടിച്ചു വിഷ്ണു..!! ഒന്നുകൂടെ ഇരുന്ന് ശ്രമിച്ചാല്‍ അഭ്രപ്പാളിയില്‍ അത്ഭുതങ്ങള്‍ വിരിയിക്കാന്‍ ദീപുവിനും ബേസിലിനും വലിയ ബുദ്ധിമുട്ടില്ല..!! പ്രതിഭയുണ്ട്, അതിങ്ങു പോരട്ടെ..!! മനസ് തുറന്നു ചിരിക്കാവുന്ന കുഞ്ഞിരാമായണത്തിനു  3.5/5

No comments: