Thursday, May 30, 2013

പോയി..വന്നു..പിന്നേം പോയി...

തകര്‍ന്ന പ്രണയവുമായി ഞാന്‍ കയറി ചെന്നത് ഇന്ത്യയിലെ ഐ ടി കാരുടെ സ്വപ്ന സ്ഥാപനങ്ങളില്‍ ഒന്നായ ഇന്‍ഫോസിസിന്റെ പടിയില്‍ ആയിരുന്നു...മലപ്പുറത്തെ ഒരു സാധാരണ കോളേജില്‍ പഠിച്ചു വന്ന എനിക്ക് മൈസൂരില്‍ ഇന്‍ഫോസിസ് ക്യാമ്പസ്‌ കണ്ടു സ്വര്‍ഗ്ഗത്തില്‍ എത്തിയ അവസ്ഥ ആയി..വൃത്തിയും ആഡംബരവും എന്നെ ശെരിക്കും അതിശയിപ്പിച്ചു...ഇത് ഇന്ത്യ തന്നെ ആണോ എന്ന് പലപ്പോഴും സംശയം ജനിപ്പിച്ചു...പക്ഷെ നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന പ്രണയം അപ്പോഴും എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

എല്ലാം മറക്കാം എന്ന തീരുമാനത്തോടെ ഞാന്‍ അവിടത്തെ കൂട്ടുകാരുമായി ഇടപഴകി...ഒരുപാട് കൂട്ടുകാര്‍, സാമാന്യം നന്നായി സ്വാതന്ത്ര്യത്തോടെ പെരുമാറിയത് കാരണം കൂടുതല്‍ പേര്‍ക്കും എന്നെ നന്നായി ബോധിച്ചു...കൂട്ടത്തില്‍ ഒരുത്തിക്ക് (അവള്‍ക്കു മാത്രമാവാന്‍ വഴിയില്ല) അതത്ര പിടിച്ചില്ല...ചില്ലറ പിണക്കങ്ങള്‍...., പക്ഷെ സിനിമയില്‍ എന്ന പോലെ അവള്‍ എന്നോട് പിന്നീടു കൂടുതല്‍ അടുത്തു...എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയായി അവള്‍ മാറി....

ഇടക്കിടക്കുള്ള ഫോണ്‍ വിളികള്‍ എനിക്ക് ചില സിഗ്നലുകള്‍ തന്നു...അതേ ബാച്ചിലെ ഒരുത്തന്‍ എന്നോട് ഒരിക്കല്‍ ചോദിച്ചു, "വളഞ്ഞില്ലേ, ഇനി ഓടിച്ചൂടെ?" എന്ന്...അവനോടു അതോടെ കട്ട കലിപ്പായി...!! ഒരു പ്രേമം പൊളിഞ്ഞു അവിടെ എത്തിയ എനിക്ക് വളക്കാനും ഓടിക്കാനും ഒന്നും അന്ന് തോന്നിയിരുന്നില്ല...പക്ഷെ അവിചാരിതമായി ഒരു ദിവസം അവളെന്നെ വിളിച്ചു ചോദിച്ചു,

"നിനക്ക് എന്നോട് എന്താണ്?"

"ഒന്നുമില്ല"

"എന്ത് പറ്റി, നിനക്കെന്താ?"

"എനിക്ക് നിന്നെ ഇഷ്ടമാവുന്നു, നിന്നെ വേണം എന്ന് തോന്നുന്നു"

പിന്നെ പ്രത്യേകിച്ച് ഒന്നും പറയാന്‍ എനിക്ക് തോന്നിയില്ല...അവളോട്‌ പുറത്തു വരാന്‍ പറഞ്ഞു ഞാന്‍ അവളുടെ റൂമിന് അടുത്തേക്ക് പോയി...(ഞങ്ങളെല്ലാം താമസിച്ചിരുന്നത് ഒരേ കാമ്പസില്‍ ആയിരുന്നു).. ഞാന്‍ എല്ലാം തുറന്നു പറഞ്ഞു, ഇത് വരെ എന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം...

ഒടുവില്‍ ഞാന്‍ വീണ്ടും വീണു, മൂക്കും കുത്തി വീണു...കട്ട പ്രേമം...ജാതിയോ മതമോ ഒന്നും നോക്കാതെയുള്ള പ്രേമം...പക്ഷെ, വില്ലനായി വന്നത് ജീവിതം തന്ന ഇന്‍ഫോസിസ് തന്നെ ആയിരുന്നു..ട്രെയിനിംഗ് കഴിഞ്ഞുള്ള പരീക്ഷ ജയിക്കാന്‍ അവള്‍ക്കായില്ല... അവള്‍ക്കു അവിടെ നിന്നു പുറത്തു പോവേണ്ടി വന്നു...ആ വൈകുന്നേരം ഞാനും അവളും ഒരുപാട് നേരം അടുത്തിരുന്നു...പരസ്പരം ഒരക്ഷരം മിണ്ടാതെ....!! കൈകള്‍ കോര്‍ത്ത്‌ പിടിച്ചു ഒരുപാട് നേരം...!!!

അന്ന് രാത്രി തന്നെ ബാക്കിയുള്ളവര്‍ക്ക് ഹൈദരാബാദ് ഓഫീസിലേക്ക് പോവേണ്ടി വന്നു...കടുത്ത വിരഹം, ഒടുവില്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ണുനീര്‍ തടം കെട്ടി നില്‍ക്കുന്നു...അവളോട്‌ പൊയ്ക്കൊള്ളാന്‍ പറഞ്ഞു ഞാന്‍ റസ്റ്റ്‌ റൂമിലേക്ക് പോയി...അത് വരെ ഞാന്‍ ഒതുക്കി വച്ച കരച്ചില്‍ എല്ലാം ഒരുമിച്ചു പുറത്തെത്തി....

ഒടുവില്‍ ഒരു വോള്‍വോ ബസ്സില്‍ കയറി ഞാന്‍ ആ മനോഹരമായ ക്യാമ്പസിനോടു വിട പറഞ്ഞു...അവളെ തനിച്ചാക്കി...ആയാത്രയില്‍ മുഴുവനും എനിക്ക് പുതക്കാന്‍ കിട്ടിയ കമ്പിളി എന്‍റെ കണ്ണുനീരുകള്‍ ഏറ്റുവാങ്ങി....പിന്നെയും കുറച്ചു നാളുകള്‍ കൂടെ ഫോണിലൂടെ ആ പ്രണയം മുന്നോട്ടു നീങ്ങി...

പല കാരണങ്ങളാലും ആ പ്രണയം അതികകാലം നീണ്ടില്ല...അവളിപ്പോ ഒരു നല്ല ഭാര്യയായി (മറ്റൊരാളുടെ) ജീവിക്കുന്നു...എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ നല്‍കിയ അവളോട്‌ എന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു...ആദ്യ പ്രണയം നഷ്ടപ്പെട്ടു വിഷമിച്ചിരുന്ന എന്നില്‍ സന്തോഷത്തിന്റെ കതിരുകള്‍ വളര്‍ത്തിയത്‌ അവളായിരുന്നു...മൈസൂര്‍ ഇന്‍ഫോസിസിലെ ക്യാമ്പസ്‌ ബെഞ്ചുകളില്‍ രാവ് വെളുക്കുവോളം എനിക്കൊപ്പം ഇരുന്ന അവളോട്‌ ഒരു പാട് സ്നേഹം മാത്രം....!!!

പിന്‍കുറിപ്പ്: ഞാന്‍ പിന്നേം വീണു പലവട്ടം...മൂക്കല്ല, തല കുത്തി തന്നെ വീണു...ഇപ്പോഴും എണീക്കാന്‍ പഠിച്ചിട്ടില്ല എന്നുമാത്രം...പെണ്ണ് നോക്കുന്ന ഈ സമയത്ത് ഇതൊന്നും ഒരു പാരയാവാതിരുന്നാല്‍ ഭാഗ്യം...

3 comments:

Shruthi said...

Pranyam valaran pattiya sahacharyangal aanallo avide. Pinneed undaaya pranayangalum poratte..

Rakesh PC said...

വന്ന്ണ്ട്....

Anonymous said...

ആശാനെ അടിയനെ ശിഷ്യനാക്കിയാലും.....!