Tuesday, March 11, 2014

അയ്യാവും അമ്മാവും

നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍... മെജെസ്റ്റിക്കില്‍ എത്തി സാറ്റലൈറ്റ് ബസ്‌ സ്റ്റാന്‍ഡിലേക്കുള്ള ഷട്ടില്‍ കയറി ഇരുന്നു ഞാന്‍... ഒരു ലോഡ് ലെഗേജും കൊണ്ട് ഒരു സ്ത്രീ എന്‍റെ എതിര്‍ വശത്തെ സീറ്റില്‍ സ്ഥാനമുറപ്പിച്ചു..

നല്ല എണ്ണക്കറുപ്പ് നിറം... ചുളിവു വീണു തുടങ്ങിയ ശരീരം...!! കല്ല്‌ വച്ച മൂക്കുത്തി...!! കയ്യില്‍ പഴകിയ കുപ്പി വളകള്‍...!! അഴുക്ക് പുരുണ്ട പച്ച ചേല... ഇതാണ് അവരുടെ ഏകദേശ രൂപം... യാത്ര സേലത്തേക്ക് മകളുടെ വീട്ടിലേക്കാണ് ആണ്... തമിഴ് മാതൃഭാഷ...!!

എന്‍റെ അടുത്തിരുന്ന ആള്‍ അവരുമായി സംസാരിക്കാന്‍ തുടങ്ങി...
"എന്ന ഇത്??" വലിയ ലേഗേജ് ചൂണ്ടി അയാള്‍  ചോദിച്ചു...
"ഗ്യാഷ് സ്റ്റവ്‌..." വായില്‍ കിടക്കുന്ന മുറുക്കാന്‍ പുറത്തേക്കു പടരാതെ അവര്‍ പറഞ്ഞൊപ്പിച്ചു...
"ഉങ്കളുക്കു ഗ്യാസ് കെടക്കലെയാ...??"
"ഇല്ലയേ...!!"
"അമ്മാവും അയ്യാവും കൊടുക്കലെയാ...??"
"അമ്മ എങ്കെ കൊടുത്താച്ച്, അവര്‍ മിക്സി ഗ്രൈന്ടെര്‍ ഫാന്‍ എല്ലാം കൊടുത്താച്ച്... അയ്യാ ടി വി താന്‍ കൊടുത്തത്... ഗ്യാഷ് നമ്മ താന്‍ വാങ്കണം..." പരിഭവം ഒളിച്ചു വച്ചു അവര്‍ പറഞ്ഞു..എന്നിട്ട് വായിലെ വെറ്റില നീര് ചൂണ്ടു വിരലിന്റെയും നടു വിരലിന്റെയും ഇടയിലൂടെ ചില്ലിട്ട ജനലിലൂടെ പുറത്തേക്ക് നീട്ടിത്തുപ്പി

ഇത്രയും പറഞ്ഞത്, ഒരു ചിന്തക്ക് വേണ്ടിയാണ്... വാര്‍ദ്ധക്യത്തില്‍ എത്തിയ ആ തമിഴ് സ്ത്രീ ജയലളിതയെക്കാളും ഒരു പക്ഷെ കരുണാനിധിയേക്കാളും പ്രായം ഉള്ളവര്‍ ആയിരിക്കാം... ഏതൊരു തമിഴനെയും പോലെ അവര്‍ക്കും ഒരു തെളിഞ്ഞ രാഷ്ട്രീയം ഉണ്ടായിരിക്കാം... എന്നിട്ടും അവര്‍ അവരെ അമ്മ എന്നും അയ്യാ എന്നുമാണ് സംബോധന ചെയ്യുന്നത്... നമ്മള്‍ തൊണ്ണൂറു തികഞ്ഞ പ്രതിപക്ഷ നേതാവിനെ വി എസ് എന്നും അറുപതു കഴിഞ്ഞ മുഖ്യനെ ഉമ്മന്‍ചാണ്ടി എന്നും പച്ചക്ക് പേര് വിളിച്ചു ശീലിച്ചവര്‍ ആണ്, തെറ്റ് പറയുന്നില്ല... പക്ഷെ പരസ്പരം ബഹുമാനം ആവോളം കൊടുക്കുന്ന തമിഴനെ  അണ്ണാച്ചി എന്ന് വിളിച്ചു തരം താഴ്ത്തുമ്പോള്‍ ഒന്ന് ആലോചിച്ചാല്‍ കൊള്ളാം, നമ്മുടെ യോഗ്യത, അണ്ണാച്ചി എന്നതിന് അവര്‍ കൊടുക്കുന്ന അര്‍ത്ഥം...!!

പിന്‍കുറിപ്പ്: തമിഴന് അമ്മ ജയലളിതയും അയ്യ കരുണാനിധിയും ആണ്... ഈ പോസ്റ്റ്‌ ജയലളിതയെയും കരുണാനിധിയും അപമാനിക്കണോ പിന്തങ്ങാണോ ഉള്ളതല്ല... രണ്ടുപേരോടും എനിക്ക് മതിപ്പില്ല...

2 comments:

Pradeep Kumar said...

പരസ്പരം ആദരിക്കുന്ന കാര്യത്തിലും ജീവിതലാളിത്യത്തിന്റേയും, വിനയത്തിന്റേയും, അദ്ധ്വാനമനോഭാവത്തിന്റേയുമൊക്കെ കാര്യത്തിൽ നാം മലയാളികൾക്ക് തമിഴ് സമൂഹത്തിൽ നിന്ന് പലതും പഠിക്കാനുണ്ട് . ശ്രീനിവാസ് രാമാനുജനേയും, സി.വി രാമനേയും പോലുള്ള നിരവധി മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ആ സമഹത്തെ അണ്ണാച്ചി എന്നു വിളിച്ച് പരിഹസിക്കുന്ന നമ്മളെക്കുറിച്ചോർത്ത് ലജ്ജ തോന്നുന്നു

Anonymous said...

അണ്ണാച്ചി എന്ന് വിളിക്കുന്നത് ശരിക്കും അവഹേളനമാണോ? ശരിക്കും അണ്ണാച്ചി എന്നുള്ളതിന്റെ അര്‍ത്ഥമെന്താണ്?