Wednesday, September 11, 2013

പുള്ളുവന്‍ പാട്ട്- ഭാഗം 1

ചോലക്കല്‍ എന്ന ഇളയൂരിലെ എന്‍റെ തറവാട്ടിലേക്ക് പോവുന്ന വഴിക്ക് ഇരു പുറവും രണ്ടു കാവുകള്‍ ഉണ്ട്... ഇടതൂര്‍ന്ന മരങ്ങളും പുറ്റുകളും നാഗത്തറയും ഉള്ള രണ്ടു കാവുകള്‍..., വടം പോലുള്ള വള്ളികള്‍ നിലം തൊടുന്ന കാവുകള്‍...,...!! സന്ധ്യക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ പലപ്പോഴായി ചേരയും മൂര്‍ക്കനും മറ്റും ഉണക്ക ഇലയിലൂടെ സീല്‍ക്കാരമുണ്ടാക്കി ഇഴഞ്ഞു പോയി എന്നെ പേടിപ്പിച്ചിരുന്നതും ഈ കാവുകള്‍ക്കിടയിലൂടെ വീട്ടിലേക്കുള്ള വഴിയില്‍ വച്ചായിരുന്നു...!!

വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ നഗത്താന്‍ പാട്ട് എന്ന് ആഘോഷം ഉണ്ടാവും... പുള്ളുവന്‍ കേശവന്റെ നേതൃത്വത്തില്‍  നടന്നിരുന്ന ആ ചടങ്ങിന്‍റെ മിഴിവ് ഇന്നും ഞാന്‍ മറന്നിട്ടില്ല... കടും ചായക്കൂട്ടുകള്‍ കൊണ്ട് കളമെഴുതി കുരുത്തോലകെട്ടി വിളക്കുകളും കവുങ്ങിന്‍ കൂമ്പും വഴത്തണ്ടും അലങ്കാരമേകിയ പള്ളിയാളില്‍ എന്നറിയപ്പെടുന്ന വീടിന്‍റെ മുറ്റത്തായിരുന്നു ചടങ്ങുകള്‍ നടന്നിരുന്നത്, ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ട ചടങ്ങുകള്‍ ആയിരുന്നു എന്നതാണ് എന്‍റെ ഓര്‍മ്മ... ഓല മെടഞ്ഞു തട്ടിട്ട പന്തലിനു കീഴെ ചാണകമെഴുകിയ മുറ്റത്ത് ഞങ്ങള്‍ ചടങ്ങ് കാണാന്‍ ഇരിക്കും... കേശവന്‍ പുള്ളുവന്റെ നേതൃത്തത്തില്‍ പാട്ട് തുടങ്ങും... അകമ്പടിക്ക്‌ പുള്ളുവോര്‍ കുടങ്ങളും നാഗ വീണയും ഇലത്താളവും...!!

ഇടയ്ക്കു തിരിയുഴിച്ചില്‍ എന്ന ചടങ്ങും നടക്കും....എനിക്ക് ഏറ്റവം ഇഷ്ടമുള്ള ചടങ്ങാണ് തിരിയുഴിച്ചില്‍..., ഒരു വാഴത്തണ്ടിനു അകത്തു വെളിച്ചെണ്ണയില്‍ മുക്കിയ തിരികള്‍ വരിഞ്ഞു കെട്ടി കത്തിച്ചു ദേഹത്തിലൂടെ പായിച്ചു നടത്തുന്ന ഒരു സാഹസിക ചടങ്ങായിരുന്നു അത്... ഇടയ്ക്കു ആ തീ നാളം പുള്ളുവന്‍ വായില്‍ കടത്തി വയ്ക്കും...പിന്നെ ഒരു ഓട്ടു താലം കയ്യില്‍ വച്ചുള്ള അഭ്യാസം... നിറഞ്ഞ അത്ഭുതത്തോടെ ഞാന്‍ അത് നോക്കി നിന്നു...!! അത് ചെയ്തിരുന്ന പുള്ളുവനായിരുന്നു അന്നത്തെ എന്‍റെ ഹീറോ...!!

പിന്നെ കന്യകമാര്‍ താറുടുത്തു കയ്യില്‍ കവുങ്ങിന്‍ പൂക്കുലയും പിടിച്ചു കളത്തില്‍ ഇരിക്കും... പാട്ട് മുറുകുമ്പോള്‍ അവര്‍ ഉറഞ്ഞു തുള്ളാന്‍ തുടങ്ങും പിന്നെ മുടിയും പൂക്കുലയും വച്ചും നിരങ്ങിയും ആ മനോഹരമായ കളം മുഴുവന്‍ മായ്ക്കും... അതും കഴിഞ്ഞു ഓടിപ്പോയി കാവ് തീണ്ടി വന്നു മാഞ്ഞു പോയ കളത്തിനു ചുറ്റും തൂക്കിയിട്ട കുരുത്തോല തോരണങ്ങള്‍ വലിച്ചു താഴെയിടും അതും കഴിഞ്ഞു ബോധമറ്റ്‌ താഴെ വീഴും...!! ഇതായിരുന്നു ചടങ്ങ്‌..

പാട്ട് തുടങ്ങിയാല്‍ പിന്നെ ആ പറമ്പിലും ചുറ്റുവട്ടത്തും ചെറിയ കച്ചവടങ്ങള്‍ തുടങ്ങും... നിലക്കടലയും കോലൈസും മറ്റുമായി...!! കട്ടു പറിച്ച അണ്ടി വിറ്റ കാശ് വല്ലതും ബാക്കിയുണ്ടെങ്കില്‍ അത് വാങ്ങും, ഇല്ലെങ്കില്‍ അത് കണ്ടു വായില്‍ വെള്ളമൊലിപ്പിച്ചു നടക്കും...

മിക്കവാറും ദിവസങ്ങളില്‍ രണ്ടു തവണ കളംപാട്ട് നടക്കും... ആദ്യത്തേത് എട്ടു എട്ടരയോടെ തീരും, അടുത്തത് തുടങ്ങുന്നത് തന്നെ ഒന്‍പതര കഴിഞ്ഞിട്ടാണ്... നേരത്തെ ഉറങ്ങുന്നതാണ് ശീലമെങ്കിലും പിറ്റേന്നു സ്കൂള്‍ ഇല്ലെങ്കില്‍ നേരം വൈകി തുടങ്ങുന്ന രണ്ടാമത്തെ പാട്ടും കാണാന്‍ ഞാന്‍ പോവും... മിക്കവാറും പാട്ട് തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങും...ആരെങ്കിലും അവസാനം വന്നു കുത്തി എഴുന്നെല്‍പ്പിക്കുമ്പോള്‍ ആണ് ഞാന്‍ ഉറക്കം ഉണരാറ്...!! സത്യം പറഞ്ഞാല്‍ ഇത് വരെ ഞാന്‍ രണ്ടാമത്തെ പാട്ട് മുഴുവനും കണ്ടിട്ടില്ല...!!

(ഇനിയും പാട്ടിനെ കുറിച്ച് പറയാനുണ്ട്, കേള്‍ക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ നാളെ വരെ കാത്തിരിക്കൂ)

No comments: