Monday, September 23, 2013

ഈ ഓണക്കാലം...

ഒന്‍പതു ദിവസം പോയത് അറിഞ്ഞില്ല... സുഖവാസം ആയിരുന്നു, കൂടെ ഒരു നൂറു പ്രശ്നങ്ങളും...!! ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ ഹരിയെയും കൂട്ടി ബൈക്കില്‍ ഇറങ്ങി...മൈസൂരും ഗുണ്ടല്‍പെട്ടും ബന്തിപൂരും മുതുമലയും താണ്ടി നാടുകാണി ചുരം ഇറങ്ങി ഞാന്‍ വീട്ടില്‍ എത്തി... ബൈക്കില്‍ ആവും വരവ് എന്ന് ആരും നിനച്ചില്ല... അതിനുള്ളത് പതിയെ പതിയെ അച്ഛന്റെ കയ്യില്‍ നിന്നും കിട്ടി തുടങ്ങി...!!

പൂരത്തിന് വീട്ടില്‍ തന്നെ കൂടി... ഓണക്കോടി കിട്ടി, അളിയന്‍റെ വക രണ്ട് ഷര്‍ട്ട്‌, അനിയത്തിയുടെ വക ഒന്ന്, അച്ഛന്റെ വക ഒരു ഷര്‍ട്ടും ജീന്‍സും...!! കെങ്കേമം..!! പകരം അമ്മക്ക് ഒരു സാരി മാത്രം (അത് അനിയത്തി അടിച്ചു മാറ്റും എന്ന് ഒരു കരകമ്പി ഉണ്ട്)...അന്ന് രാത്രി അച്ഛന് ഗള്‍ഫില്‍ കൊണ്ട് പോവാനുള്ള മാങ്ങ അച്ചാറിനു അരിയല്‍ ചടങ്ങ് നടന്നു... പേരിനു കൂടെ ഇരുന്ന് പ്രധാന ഭാഗം അളിയന്‍റെ തലയില്‍ ഇട്ട് ഞാന്‍ മുങ്ങി..!! പാവം അളിയന്‍..

ഉത്രാടത്തിന് കിടിലന്‍ സദ്യ, അമ്മ വക...!! അത് കഴിഞ്ഞ് അമ്മമ്മയെ കാണാന്‍ പോയി, കൂടെ അമ്മാവന്‍മാരുടെ വീട്ടിലും...!!

തിരുവോണം സ്പെഷ്യല്‍ പെണ്ണ് കാണല്‍, അല്ലെങ്കില്‍ ചെക്കനെ കാണിക്കല്‍..., അത് വിസ്തരിച്ചു നാളെ പറയാം...പിന്നെ, അളിയന്‍റെ വീട്ടില്‍ ഓണസദ്യ...!! ഭേഷായി വയറു നിറച്ചു നാട്ടിലെത്തി, ഒരു സിനിമ കാണല്‍ അത് കഴിഞ്ഞു പുറത്തു നിന്നും ഫുഡ്‌...

അവിട്ടം പരിപൂര്‍ണ്ണ ശാന്തം... ഏടത്തിഅമ്മയുടെ വീട്ടില്‍ പോയി...വെടി പറഞ്ഞും കുറച്ചു ഫോട്ടോ സെഷന്‍ നടത്തിയും ഒരു പകല്‍ പോയി.. വൈകീട്ട് രതീഷിന്റെ വീട്ടില്‍ പോയി ദോശയും ചിക്കനും അടിച്ചു

ചതയം വല്യമ്മയുടെ വീട്ടില്‍, നല്ല കിടിലന്‍ ചിക്കനും കൂട്ടി ഊണ്...പാചക കുറിപ്പ് വാങ്ങിച്ചിട്ടുണ്ട്, ഒന്ന് പരീക്ഷിക്കണം...അനിയത്തിയും അളിയനും ആ വഴിക്ക് തിരിച്ചു പോയി..

പിറ്റേന്ന് അച്ഛന് തിരിച്ചു മസ്കറ്റില്‍ പോയി... ഞാന്‍ തൃശ്ശൂരിലേക്ക് തിരിച്ചു, അന്ന് അവിടെ പുലിക്കളി ഉണ്ട്... ക്യാമറ ഒപ്പിച്ചു, പുലിക്കളി കണ്ടു ഫോട്ടോ എടുത്തു നട്ടപാതിരക്ക് വീട്ടില്‍ എത്തി...ഫോട്ടോ വഴിയെ ഉണ്ട്...

വ്യാഴാഴ്ച്ച മടിപിടിച്ചു തുടങ്ങി... അന്ന് ഒരു സിനിമയും കണ്ടു...കൂടുതല്‍ ഒന്നും ചെയ്യാതെ ആ ദിവസം അവസാനിച്ചു...

വെള്ളിയാഴ്ച്ച രാവിലെ നേരത്തെ എഴുന്നേറ്റു അങ്കിളിനെയും കൂട്ടി അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോയി...കുറെ നാളുകള്‍ക്ക് ശേഷം വിസ്തരിച്ചു നീന്തി കുളിച്ചു...ക്ഷേത്ര ദര്‍ശനവും കഴിച്ചു...!! നഷ്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ അനുഭൂതി...!! ഇളയൂരിലെ തറവാട്ടിലും അന്ന് പോയി, അവിടം ആകെ മാറിയിരിക്കുന്നു...!! കുറച്ചു ഫോട്ടോ എടുത്തു തിരിച്ചു വന്നു... പക്ഷെ ആ വലിയ മാറ്റത്തെ എനിക്ക് വേദനയോടെ ഉള്‍ക്കോളേണ്ടി വന്നു...!! രാത്രി ആയപ്പോഴേക്കും പ്രമോദ് എന്ന സഹമുറിയന്‍ വീട്ടില്‍ എത്തി...

പിറ്റേന്ന് രാവിലെയും അമ്പലക്കുളത്തില്‍ പോയി നീന്തി കുളിച്ചു അമ്പലം കയറി..!! അമ്മയുടെ കൈപുണ്യം ഒരിക്കല്‍ കൂടി അറിഞ്ഞു തിരിച്ചു ബൈക്കും എടുത്തു യാത്ര തിരിച്ചു... ഇറങ്ങിയ ചുരവും വഴികളും തിരിച്ചു കയറി...!! തിരിച്ചു ബാംഗ്ലൂരില്‍, പട്ടികള്‍ മേയുന്ന തെരുവിലേക്ക്, മടുപ്പിക്കുന്ന ഐടി ജീവിതത്തിലേക്ക്...!! നഷ്ടപ്പെടുന്നത് പച്ചപ്പ്‌ നിറഞ്ഞ നല്ല നാടാണെന്ന് അറിഞ്ഞിട്ടും സമ്പത്ത് വേട്ടയാടാന്‍ വിധിക്കപ്പെട്ടു പൊടി പറക്കുന്ന ഈ നഗരത്തിലേക്ക്...!!

No comments: