Friday, September 6, 2013

മരണം പായുന്ന വഴികള്‍

വീണ്ടും ഒരു റോഡ്‌ ദുരന്തം...!! ഇന്ന് വേറെ എന്തൊക്കെയോ എഴുതാന്‍ നിനച്ചിരുന്നതാ, പക്ഷെ ഇന്നിത് എഴുതിയേ പറ്റൂ എന്ന് തോന്നി... റോഡില്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് ഇരയായി തീരുന്നത് പല വ്യക്തികള്‍, കുടുംബങ്ങള്‍...,...!! ഇവരൊക്കെ ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തക്കപ്പുറത്ത് നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കാറില്ല... നമുക്കൊന്നും അതിന്‍റെ ആവശ്യവും ഇല്ല...!!

മരിച്ചു പോയ ആത്മാക്കള്‍ക്ക് മുതലക്കണ്ണീര്‍ പൊഴിച്ച് പോവുന്നതിനു പകരം നമുക്ക് ഒന്ന് ആലോചിച്ചു നോക്കാം, ഇതിന്‍റെ മൂല കാരണങ്ങള്‍...

1. റോഡിന്‍റെ ദുരവസ്ഥ..
   ഇതിനെ കുറിച്ച് മറിച്ചൊരു വാദം വരാന്‍ സാധ്യത കുറവാണ്... കുണ്ടും കുഴിയും മാത്രമല്ല, സ്ഥാനം തെറ്റിയ ഡിവൈടെര്‍, ഇല്ലാതെ പോയ അപകട സൂചനാ ബോര്‍ഡുകള്‍, റിഫ്ലക്ടരുകള്‍ വെള്ള വരയിടാത്ത ഹമ്പുകള്‍ അങ്ങനെ പലതും..

2. അറിവിലായ്മ്മ...
   വണ്ടിയും കൊണ്ട് റോഡില്‍ ഇറങ്ങുന്ന എത്രപേര്‍ക്ക് ട്രാഫിക് നിയമങ്ങളെ പറ്റി ബോധ്യമുണ്ട്?? എഴുത്ത് പരീക്ഷയില്‍ പോലും പാതി മാര്‍ക്ക് വാങ്ങിയവര്‍ക്ക് നമ്മള്‍ ലൈസന്‍സ് കൊടുക്കുന്നു.. എന്ന് വച്ചാല്‍ അവനു പാതി ട്രാഫിക് നിയമങ്ങളെ അറിയൂ, അവനറിയാത്ത മറുപാതി മതി ഒരു അപകടവും മരണവും എല്ലാം ഉണ്ടാക്കാന്‍..

3. സമയം
   റൂട്ടില്‍ ഓടുന്ന ബസ്സ്‌ മാത്രമല്ല, എല്ലാരും മത്സര ഓട്ടത്തില്‍ ആണ്, ഓഫീസിലും സ്കൂളിലും എന്നിങ്ങനെ ലക്ഷ്യ സ്ഥാനത്ത് സമയത്ത് എത്താന്‍ പെടാപാട് പെടുന്നവരുടെ നാടാണിത്.. ബസ്സുകളുടെ കാര്യം പറയണ്ട, അമ്പതു കിലോമീറ്റര്‍ ഓടാന്‍ നാല്‍പ്പതു മിനുട്ട് കൊടുക്കുന്നവര്‍ ആണ് നമ്മുടെ ആര്‍ ടി ഓ മാര്‍..., പിന്നെ ജീവന്‍ കൊടുത്തും എടുത്തും ബസ്‌ ഓടിക്കുക എന്നത് ഓടിക്കുന്നവന്റെ കര്‍ത്തവ്യമായി മാറുന്നു...

4. മദ്യം
   വ്യക്തിപരമായി ഞാന്‍ മദ്യത്തിന് എതിരല്ല.. പക്ഷെ മദ്യപിച്ചു വണ്ടിയോടിക്കുന്നതിനു തീര്‍ത്തും എതിരാണ്.. മദ്യം ആത്മവിശ്വാസം കൂട്ടും, ആത്മവിശ്വാസം നല്ല ഡ്രൈവിങ്ങിനു നല്ലതാണ്... പക്ഷെ അമിതമായ ആത്മവിശ്വാസം ഒന്നിനും നന്നല്ല...ലഹരി തലയ്ക്കു കയറിയാല്‍ റിഫ്ലെക്സ്‌ കുറയും, അത് തന്നെയാണ് മദ്യം വാഹനാപകടത്തിനു കാരണമാവുന്നതും.. പൊടുന്നനെ നമ്മുടെ മുന്‍പിലേക്ക് പഞ്ഞടുക്കുന്ന വണ്ടിയെയോ വ്യക്തിയെയോ ഒരു അപകടത്തിനു കാരണമാവാതെ ഒഴിവാക്കാന്‍ നല്ല റിഫ്ലെക്സ്‌ വേണം.. ഇല്ലെങ്കില്‍ അപകടം സുനിശ്ചയം... കോഴിക്കോട് ബസ്‌ സ്റ്റാന്ടിനു തൊട്ടടുത്തുള്ള അമൃത ബാറില്‍ ഒന്ന് കയറിയാല്‍ അറിയാം എത്ര ഡ്രൈവര്‍മാര്‍ അവിടെ ഉണ്ട് എന്ന്... ആളെ കൊല്ലുന്ന രീതിയില്‍ വണ്ടിയോടിക്കുന്ന കോഴിക്കോട്-ത്രിശൂര്‍, കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-ഗുരുവായൂര്‍, കോഴിക്കോട്-കണ്ണൂര്‍ വണ്ടികളിലെ ഡ്രൈവര്‍മാര്‍ ആണ് അത് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിഷേദിക്കാന്‍ നിങ്ങള്‍ പാട് പെടും..

5. അഹങ്കാരം
   റോഡ്‌ തന്‍റെ തറവാട്ടു സ്വത്താണ് എന്ന രീതിയില്‍ ആണ് പലരും വണ്ടി ഓടിക്കുന്നത്...വലിയ വണ്ടികളില്‍ പോവുന്നവന് താരതമ്യേന ചെറിയ വണ്ടികള്‍ വഴി മാറിയിരിക്കണം എന്ന മാടമ്പി വ്യവസ്ഥ ഇന്നും ഉണ്ട്..

6. ഉറക്കം
    ഉറക്കം എപ്പോ വരുന്നു എന്ന് നമ്മള്‍ക്കറിയാം... അതറിഞ്ഞിട്ടും നിര്‍ബന്ധ ബുദ്ധിയോടെ പലരും വണ്ടി ഓടിക്കുന്നു.. അത് പലപ്പോഴും ശാശ്വതമായ ഉറക്കത്തിലേക്ക് നമ്മളെ എത്തിക്കുന്നു...ഉറക്കം വരുമ്പോള്‍ വണ്ടി നിര്‍ത്തി ആവശ്യത്തിനു ഉറങ്ങിയോ മുഖം കഴുകി ഉറക്കം കളഞ്ഞോ യാത്ര ചെയ്യുന്നത് നമ്മുടെ മാത്രമല്ല, വേറെ പലരുടെയും ജീവന് രക്ഷയാകുന്നു...

7. മൊബൈല്‍ എന്ന ശത്രു
   വാഹനം ഓടിക്കുമ്പോഴും റോഡില്‍ നടക്കുമ്പോഴും ഏറ്റവും കൂടുതല്‍ വേണ്ടത് ശ്രദ്ധ തന്നെ ആണ്, അത് തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ കാരണക്കാരന്‍ ആവുന്നത് മൊബൈല്‍ തന്നെ ആണ്... വണ്ടി ഓടിക്കുമ്പോഴോ റോഡ്‌ മുറിച്ചു കടക്കുമ്പോഴോ മൊബൈല്‍ തീര്‍ത്തും ഒഴിവാക്കുക... ഒരു പത്തു നിമിഷത്തില്‍ കൂടുതല്‍ കാത്തിരിക്കാന്‍ ആവാത്ത അത്യാവശ്യം ഒന്നും മറുഭാഗത്ത് ഇല്ല എന്ന വസ്തുത മനസ്സിലാക്കുക... ഇനി ഉണ്ടങ്കില്‍ തന്നെ അതിനു ഒരു ജീവന് മീതെ വിലയും ഇല്ല...

ഒരു വളരെ ചെറിയ ശതമാനം അപകടങ്ങള്‍ക്ക് കാരണമായി വണ്ടികളിലെ സാങ്കേതിക പ്രശ്നങ്ങളും ഉണ്ട് എന്നത് വാസ്തവം ആണ്... അമിത വേഗത പോലെ ആവശ്യത്തിനു വേഗത ഇല്ലയ്മ്മയും അപകടം ക്ഷണിച്ചു വരുത്തും... റോഡ്‌ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നത് മാത്രമാണ് അപകടങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് മുന്‍പിലെ മാര്‍ഗം...

നല്ല റോഡുകളില്‍ തിരക്ക് കുറഞ്ഞ അവസരങ്ങളില്‍ നൂറിനു മുകളില്‍ വണ്ടി ഓടിക്കുന്നതിനെ തെറ്റ് പറയാന്‍ ആവില്ല.. പക്ഷെ അനവസരങ്ങളില്‍ ആളുകളുടെ ജീവന് മേലെ നാം പറന്നിറങ്ങുമ്പോള്‍ ഒന്നാലോചിക്കുക അവര്‍ക്കും ഒരു കുടുംബമുണ്ട്, കാത്തിരിക്കാന്‍ ആളുകള്‍ ഉണ്ട്...നമ്മെ പോലെ തന്നെ...!!

No comments: