Thursday, September 5, 2013

എന്‍റെ ആനച്ചിന്തകള്‍

ഞാന്‍ ഇന്നു പുനര്‍ജനിക്കുന്നു...നായയോ നരിയോ നരനോ ആയിട്ടല്ല...പകരം ഒരു ആനയായി...ഒരു വലിയ ജനക്കൂട്ടത്തിനു മുന്‍പില്‍ അവരുടെ ഗജരാജനായി ഞാന്‍ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി... എനിക്ക് വേണ്ടി ആര്‍പ്പു വിളിച്ച അവരറിഞ്ഞില്ല, അവരോടുള്ള സ്നേഹമല്ല, മറിച്ചു എന്‍റെ ചെവിക്കു താഴെ അസ്വസ്ഥതയുടെ തരംഗങ്ങള്‍ അഴിച്ചുവിട്ട പാപ്പന്റെ തോട്ടിയായിരുന്നു അവര്ക്കു മുന്‍പില്‍ എന്നെ തലയുയര്‍ത്തി നില്ക്കാന്‍ പ്രേരിപ്പിച്ചത് എന്ന്...

കഴിഞ്ഞ ജന്മത്തില്‍ എന്‍റെ കൂടെ മിണ്ടാനും പറയാനും എത്രപേര്‍ ...അവരെ ഞാന്‍ പേരു വിളിച്ചിരുന്നു... അവര്‍ എന്നെയും പേരു വിളിച്ചിരുന്നു... എന്നെ ഇന്നും പലരും പേരു വിളിക്കുന്നുണ്ട്.. പക്ഷെ അതൊന്നും എന്‍റെ പേരെന്ന് പറയാന്‍ പറ്റില്ല...നാളെ മറ്റൊരു മുതലാളി എന്നെ വാങ്ങികഴിഞ്ഞാല്‍ അവര്‍ എന്‍റെ പേരു മാറ്റും... ഇന്ന് അയ്യപ്പന്‍, നാളെ മണികണ്ഠന്‍, പിന്നെ കേശവന്‍ ഗണപതി അങ്ങനെ പേരുകള്‍ മാറിക്കൊണ്ടേ ഇരിക്കും...  പേരിനൊപ്പം കൂടെ മാറിയത് തറവാടും നാടുമൊക്കെ  ആയിരുന്നു, മങ്കലാംകുന്നിലെയും തിരുവംബാടിയിലെയും ശങ്കരങ്ങ്കുളങ്ങരയിലേയും പാമ്പടിയിലെയും ഒക്കെ അങ്കമാവുകയായിരുന്നു, ഞാന്‍ അറിയാതെ തന്നെ...!!

നെറ്റിപ്പട്ടവും വര്‍ണ്ണക്കുടയും വെഞ്ചാമരവും എന്നെ കൂടുതല്‍ സുന്ദരനാക്കി... പുറത്തു കയറ്റിയ തിടന്മ്പ് എന്നെ കൂടുതല്‍ മിടുക്കനാക്കി...ചെത്തി വൃത്തിയാക്കിയ കൊമ്പുകളും, കഴുകി വെടിപ്പാക്കിയ ശരീരവും എന്നില്‍ കണ്ണേറുകള്‍ വീഴ്ത്തി.... ഗജപൂജയും സുഖചികിത്സയും എന്നെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ വേണ്ടി ആയിരുന്നു... ഇതിനു പുറമേ ഉച്ചസ്ഥായിയില്‍ താള മേളങ്ങള്‍... അന്തരീക്ഷത്തില്‍ മുഴങ്ങിയതും എനിക്ക് വേണ്ടി...

പക്ഷെ, ഒന്നിലും സന്തുഷ്ടനാവാന്‍ എന്നെ അനുവദിക്കാതിരുന്നത് കാലിലെ കൂച്ച് വിലങ്ങുകള്‍ ആയിരുന്നു... ആ കൂറ്റന്‍ ചങ്ങലകള്‍ പലപ്പോഴും മുറിവുകള്‍ ഉണ്ടാക്കി, ആ വ്രണങ്ങളെ അവ വീണ്ടും നോവിച്ചു കൊണ്ടേ ഇരുന്നു... നട്ടുച്ചയ്ക്ക് പൊള്ളുന്ന റോഡില്‍ കാല്‍ വച്ച് നീങ്ങുമ്പോഴും, തൊട്ടടുത്ത് നാല് ദിക്കും ഞെട്ടുമാറുച്ചത്തില്‍ ഖദീനകള്‍ പൊട്ടുമ്പോഴും അനുസരണ എന്ന അടിമത്തത്തിന് വഴങ്ങി കൊടുക്കേണ്ടി വരുന്നു...പച്ചപ്പ്‌ നിറഞ്ഞ കാടുകളില്‍ സ്വച്ഛന്തം വിഹരിക്കുന്ന എന്‍റെ വര്‍ഗത്തോടു എനിക്ക് അസൂയ തോന്നുന്നു... മനുഷ്യന്‍ അണിഞ്ഞു തന്ന മേലാപ്പുകള്‍ ഇല്ലാതെ സ്വാതന്ത്ര്യം എന്ന അമൃത് വേണ്ടുവോളം സേവിക്കുന്നവര്‍ അവര്‍..., അതിനപ്പുറം ഉള്ള ഒരു സൌഭാഗ്യവും ഈ പുരുഷാരത്തിനു നടുക്ക് എനിക്ക് ലഭിക്കുന്നില്ല....!!

No comments: