Thursday, September 12, 2013

പുള്ളുവന്‍ പാട്ട് (ഭാഗം 2)

(തുടരുന്നു..)

പുള്ളുവോര്‍ കുടത്തിന്റെ മുഴക്കം പോലെ മുഴങ്ങുന്നു ഓര്‍മ്മകള്‍....,  തിരിയുഴിച്ചുല്‍ എന്നപോലെ തന്നെയാണ് മുറമുഴിച്ചില്‍.., അരിയും തുളസിയും പൂജ ചെയ്തു സര്‍പ്പക്കളത്തിനു ചുറ്റും ഉഴിയുന്ന ചടങ്ങാണ് മുറമുഴിച്ചില്‍...,.. ഈ ചടങ്ങുകള്‍ എല്ലാം ചേര്‍ന്നതാണ് പാട്ട് എന്ന ചടങ്ങ്... പുള്ളുവന്‍ ആണ് ഈ ചടങ്ങിലെങ്ങും താരം... മിഴിവാര്‍ന്ന കളമിടുന്നതും അവന്‍, പാട്ട് പാടുന്നതും അവന്‍, കുടവും വീണയും വായിക്കുന്നതും അവന്‍, കിളിക്കൂട്‌ തത്ത എന്നിങ്ങനെ കുരുത്തോല നെയ്യുന്നതും അവന്‍.....,.... പുള്ളുവനില്ലാതെ ഇത്തരം കളംപാട്ട് അസാധ്യം എന്ന് തന്നെ പറയാം..

കളം മായ്ച്ചു കാവ് തീണ്ടി വന്ന കന്യകമാര്‍ പാട്ട് കഴിഞ്ഞു വീണു കഴിഞ്ഞാല്‍ അവര്‍ വലിച്ചു താഴെയിട്ട തത്തയും കൂടും എല്ലാം പെറുക്കി എടുക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ ഓടി അടുക്കും...

ഒരാഴ്ചയോളം തുടരുന്ന ഈ പാട്ട് പല തറവാടുകളുടെ വഴിപാടാണ്... അതിലൊന്നില്‍ ഞങ്ങളുടെ തറവാടായ ചോലക്കല്‍ എന്ന പേരുള്ള വീടിന്‍റെ വകയായിരുന്നു... അന്നേ ദിവസം പുള്ളുവന്മാരുടെ ഊണ് ഞങ്ങളുടെ വീട്ടില്‍ ആയിരുന്നു... അന്നത്തെ ഊണ് കഴിഞ്ഞു ആ വീട്ടിലെ ആളുകളുടെ പേരില്‍ നാവൂറു പാടുമായിരുന്നു... ആ തറവാട്ടങ്കങ്ങളുടെ നാഗ ദോഷം തീര്‍ക്കാന്‍ വേണ്ടി ആയിരുന്നു അത്...

അക്കാലത്ത് ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ താരങ്ങള്‍ ആയി തിളങ്ങി നിന്നിരുന്നത് അന്ന് വന്ന പുല്ലുവന്മാര് തന്നെയാണ്... അന്നത്തെ ഞങ്ങളുടെ കളികള്‍ പോലും പുള്ളുവന്‍ പാട്ടുകള്‍ ആയിരുന്നു.. പുല്ലുവനെ പോലെ ഇരുന്നു  "ബ്രം ബ്രം ബ്രം" എന്ന് പാടുന്നതായിരുന്നു അന്നത്തെ ഞങ്ങളുടെ പതിവ്..

എല്ലാ ദിവസത്തെയും പാട്ട് കഴിഞ്ഞു അവസാനത്തെ ദിവസം കാവില്‍ ആണ് അവസാനത്തെ ഉത്സവം...അന്ന് പൂതം ഇറങ്ങും... ഉണക്ക വഴയില വഴനാരില്‍ കെട്ടി പാള (കവുങ്ങിന്‍ മടല്‍),) മുഖത്ത് കെട്ടി വാദ്യ അകമ്പടിയോടെ പൂതം  ഇറങ്ങും...

മറ്റു ചടങ്ങുകള്‍ കാവിനു മുന്‍പില്‍ ആണ്... കാവ് തീണ്ടുന്ന കന്യകമാര്‍ അപ്പോഴും ഉണ്ടാവും... അവര്‍ ഉലക്കയെടുത്തു ഉരലില്‍ പലജാതി കിഴങ്ങുകള്‍ മഞ്ഞള് കൂട്ടി ഇടിക്കും... അത് കഴിഞ്ഞു വീണ്ടും അവര്‍ കാവ് തീണ്ടും....അത് കഴിഞ്ഞാല്‍ പാട്ടിനു അവസാനമായി...!!

ഞാന്‍ അത് കണ്ടിട്ട് വര്‍ഷങ്ങള്‍ ആയി... എന്‍റെ എന്ന പോലെ പലരുടെ മനസ്സിലും പെട്രോ മാക്സ് വെളിച്ചത്തില്‍ കണ്ട പാട്ടും, കാവ്‌ തീണ്ടലും പൂതങ്ങളും തിരിയുഴിച്ചലും മുറമുഴിചിലും പുള്ളുവപ്പാട്ടും കുരുത്തോല തത്തയും കൂടും നാവൂറു പാട്ടും എല്ലാം ഉണ്ട്...!! എന്നോ നഷ്ടപ്പെട്ട ഓര്‍മ്മയില്‍ അതൊന്നു തിരികെ കാണാന്‍ കൊതിക്കുന്ന കൂട്ടത്തില്‍ ഞാനും നില കൊള്കട്ടെ...

ഇന്ന് ഞാന്‍ ചിലരെ ഓര്‍ത്ത് പോവുന്നു, പള്ളിയാളിലെ പ്രശാന്തെട്ടനെയും അപ്പുവിനെയും, കന്യകമാരായിരുനു ബിജി ചേച്ചിയെയും ധന്യച്ചെച്ചിയെയും പുള്ളുവന്‍ കേശവനെയും അവര്‍ക്ക് സ്ഥലമൊരുകിയ വേലയുധേട്ടനെയും അവര്‍ക്ക് സഹായം കൊടുത്ത കുഞ്ഞനെയും ദാക്ഷ്യയനി അമ്മയെയും പേര് പറയാതെ പോയ പല അച്ഛന്മാരെയും അമ്മമാരെയും ചേച്ചിമാരെയും ചേട്ടന്മാരെയും അനിയന്മാരെയും അനിയത്തിമാരെയും ..!! നിങ്ങള്‍ എന്‍റെ ബാല്യം നിറച്ചാര്‍ത്തണിയിച്ചിരിക്കുന്നു....!!

No comments: