Saturday, September 7, 2013

ചോലക്കലിലെ ഓണം...

ഇന്നത്തെ ദിവസം ഞാന്‍ നൊസ്റ്റാല്‍ജിയക്ക്‌ കടം കൊടുക്കുന്നു... വെറും മുന്നൂറ്റി അമ്പതു കിലോമീറ്റര്‍ അപ്പുറത്തെങ്കിലും ഞാനും ഒരു പ്രവാസിയാണല്ലോ... മുന്‍പ് ആഘോഷിച്ച ഏതു ആഘോഷവും ഒരു പ്രവാസിക്ക് ഓര്‍മ്മകളെ വിളിച്ചുണര്‍ത്തലുകള്‍ ആണ്..

അത്തവും ഓണവും എന്‍റെ ഓര്‍മ്മകളെ കൂട്ടിക്കൊണ്ടു പോവുന്നത് എളയൂരിലേക്ക് തന്നെ ആണ്... കാരണം, എന്‍റെ ബാല്യം അവിടെ ആയിരുന്നു എന്നത് തന്നെ... ഓണം തുടങ്ങിയാല്‍ പിന്നെ രാവിലെ നേരത്തെ തന്നെ പൂപറിക്കാന്‍ ഇറങ്ങും.. ചിലപ്പോഴൊക്കെ എന്‍റെ അനിയത്തിയും കൂട്ടിനുണ്ടാവും... ഞങ്ങള്‍ കുന്നുംപുറത്തും ചില അയല്‍പക്കത്തും കറങ്ങി, അത്യാവശ്യം പൂക്കളും ഒപ്പിച്ചു വരും.. !!

ഹനുമാന്‍ കിരീടം, നങ്ങ്യാര്‍ വട്ടം, ചെമ്പരത്തി, തുളസിയില, ഓണത്തുമ്പ അങ്ങനെ കുറച്ചു നടന്‍ പൂക്കള്‍ ഞങ്ങള്‍ ശേഖരിച്ചിരുന്നു... ഒരു പ്ലാസ്റിക് കവറില്‍ ഇതും ഒപ്പിച്ചു ഞങ്ങള്‍ എത്തുമ്പോഴേക്കും മുറ്റത്ത് വട്ടത്തില്‍ ചാണകം മെഴുകി ഒരുക്കാന്‍ അമ്മമ്മ ഉണ്ടായിരിക്കും.... വേഗം പോയി ചോലയിലെ തണുത്ത വെള്ളത്തില്‍ ലൈഫ്ബോയ്‌ സോപ്പിട്ടു കുളിച്ചു തോര്‍ത്തി വന്നിട്ട് തേഞ്ഞു തീരാത്ത ചന്ദനമുട്ടി വെള്ളം കൂട്ടി നിലത്തുരച്ചു കിട്ടിയ ചന്ദനം നെറ്റിയില്‍ തൊട്ട് നനവ്‌ മാറാത്ത ചാണക നിലത്ത് വട്ടത്തില്‍ ഒരു ചെറിയ പൂക്കളമിട്ടിരുന്നു ഞാന്‍...., അതേ, കാശു കൊടുത്ത് തമിഴന്‍റെ മല്ലികയും ചെണ്ടുമല്ലിയും മുല്ലയും ജമന്തിയും വാങ്ങി ഇന്‍റര്‍നെറ്റില്‍ കണ്ട പൂക്കോലത്തിനു ചായം കൊടുത്തതിലും ഭംഗിയുണ്ടായിരുന്നു അന്ന് ഞാനിട്ട പൂകളങ്ങള്‍ക്ക്...!!

പൂരാടം മുതല്‍ പിന്നെ മുറ്റത്തെ പൂക്കളത്തിന്റെ സ്ഥാനം അരിമാവ് കോലങ്ങളും തൃക്കാകരയപ്പനും കയ്യടക്കും... അത് തയ്യാറാക്കിയിരുന്നത്  അമ്മയായിരുന്നു... മരപ്പലകയില്‍ മണ്ണുകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ തൃക്കാക്കരയപ്പന്‍ അരിമാവ് കോലത്തിനു നടുക്ക് കുടചൂടി നില്‍ക്കും... അപ്പോഴേക്കും വെക്കേഷന് വല്യമ്മമാരുടെ മക്കള്‍ എത്തിയിട്ടുണ്ടാവും, കുഞ്ഞുമോളും, ബിജുവേട്ടനും, ബിജേഷേട്ടനും, ശ്രീജുവും എല്ലാം... അവധി പറഞ്ഞു മഴ മാറി നിന്നെങ്കിലും അത് ബാക്കി വച്ച പച്ചപ്പ്‌ അപ്പോഴും അവിടെ തളിര്‍ത്തു നിന്നിരുന്നു... അവയ്ക്കിടയില്‍ കോടി ചുറ്റി ഓടിക്കളിക്കുന്ന ഞങ്ങള്‍...

ബാല്യകാലത്തെ ചുരുക്കം ചില നല്ല ഓര്‍മ്മകളില്‍ ഒന്നാണ് ഓണവും... ഇന്ന് ആളൊഴിഞ്ഞ ഒരു കളിമുറ്റമുണ്ട് ഇളയൂരിലെ ചോലക്കല്‍ തറവാട്ടില്‍.., പൂക്കളമില്ലാതെ ഓടിക്കളിക്കാന്‍ ആളില്ലാതെ ഓണസദ്യക്ക് അടുപ്പെരിയാതെ... ആ നാടന്‍ പൂക്കള്‍ ഇന്നും പൂക്കാറുണ്ടോ ആവോ...??

No comments: