Wednesday, September 25, 2013

ചെക്കനെ കാണിക്കല്‍ വിത്ത് സോങ്ങ്..

ഈ ചടങ്ങിനു പെണ്ണ് കാണല്‍ എന്ന് പറയാന്‍ പറ്റില്ല, പകരം നമുക്ക് ഇതിനെ ചെക്കനെ കാണിക്കല്‍ എന്ന് വിളിക്കാം...അച്ഛന്‍ വന്നതിനു ശേഷം എന്നെ കെട്ടിക്കാന്‍ പാട് പെടുകയാണ്... തിരുവോണം ആണ്, ഒരു പെണ്ണ് വീട്ടില്‍ പോവാന്‍ ഉണ്ട്... പെണ്ണ് സ്ഥലത്തില്ല, വീട്ടുകാരെ കാണാം, എന്നെ അവര്‍ക്ക് കാണിച്ചു കൊടുക്കാം...

ജാതകം ചേരും, ആദ്യ അന്വേഷണത്തില്‍ കൊള്ളാം എന്ന് തോന്നിയത് കൊണ്ട് പോയി കാണാന്‍ തീരുമാനിച്ചു...ഞാനും സമ്മതിച്ചു...പക്ഷെ പ്രശ്നം തീര്‍ന്നില്ല... പിടിവാശിയും കൊണ്ട് അച്ഛന്‍ എത്തി... നിബന്ധനകള്‍ നിരത്തി...!!

ഒന്ന്, താടി വടിച്ചിട്ട് വേണം പോവാന്‍
രണ്ട്, പോവുന്നതിനു മുന്‍പ് കയ്യില്‍ കെട്ടിയിരിക്കുന്ന കൂതറ ബാന്റുകള്‍ അഴിച്ചു മാറ്റണം
മൂന്ന്, ഞാന്‍ ഇസ്തരി ഇട്ടുകൊണ്ടിരുന്ന മുണ്ടിനു പകരം അച്ഛന്‍ പറഞ്ഞ മുണ്ട് ഉടുത്തു വരണം..

കൊള്ളാം, അല്ലെങ്കിലും കഴിഞ്ഞ ജന്മത്തിലെ ശത്രുവിന്‍റെ മകനായിട്ടാണല്ലോ ഈ ജന്മം...!!ഇതല്ല, ഇതിനപ്പുറം സംഭവിക്കും...!!

ആദ്യത്തെ രണ്ട് നിബന്ധനകള്‍ ഞാന്‍ കേട്ടില്ലെന്ന് നടിച്ചു... പാവം അച്ഛനല്ലേ, പുള്ളിയുടെ ഒരു ആഗ്രഹമല്ലേ മൂന്നാമത്തേത് ഒകെ...!!

അങ്ങനെ പച്ച ഷര്‍ട്ടും പച്ചക്കര മുണ്ടും ഉടുത്ത് കുട്ടപ്പനായി ഞാന്‍ റെഡി... സ്ഥിരം വിളിക്കാറുള്ള രാജേട്ടന്‍ ബിസിയാണ്... അതുകൊണ്ട് വേറെ ടാക്സി വിളിച്ചു...മുഹമ്മദ്‌ഇക്ക വണ്ടിയും കൊണ്ട് വന്നു...ഞാന്‍ മുന്‍പില്‍ തന്നെ കയറി ഇരുന്നു... അച്ഛന്റെ ഉപദേശങ്ങള്‍ സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഞാന്‍ മ്യൂസിക്‌ പ്ലെയെര്‍ ഓണാക്കി...ഇക്ക ആള് കൊള്ളാം.. നല്ല കിടിലന്‍ പാട്ടുകള്‍, അതും പഴയത്....എന്താണെന്ന് അറിയില്ല, ഏതാണ്ട് ആ പാട്ടുകളെ പോലെ ആയിരുന്നു പിന്നീടുള്ള സംഭവങ്ങളും....!!

കല്യാണി കളവാണി, ചോല്ലമ്മിണി...
ചിത്രം: അനുഭവങ്ങള്‍ പാളിച്ചകള്‍ സംഗീതം: ദേവരാജന്‍ മാസ്റ്റര്‍ രചന: വയലാര്‍...
എന്നെ പഴയ കാമുകിയുടെ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ട് പോയി... അവള്‍ (നന്നായി പാട്ട് പാടുന്ന കൊച്ചായിരുന്നു) പാടുന്നത് പോലെ മാധുരിയമ്മയുടെ ഈ പാട്ട് അനുഭവപ്പെടു... ചില പഴയ പ്രണയ ഓര്‍മ്മകളും പൊടി മാറി തെളിഞ്ഞു വന്നു...!!

മാനസമൈനെ വരൂ....
ചിത്രം: ചെമ്മീന്‍ സംഗീതം: സലീല്‍ ചൌധരി രചന: വയലാര്‍
ഏതോ ഒരു നിമിഷത്തില്‍ വേര്‍പിരിയേണ്ടി വന്ന എല്ലാ കാമുകിമാര്‍ക്കും വേണ്ടി ഞാന്‍ മനസ്സില്‍ അത് പാടി...കടലിലെ ഓളം പോലെ നിങ്ങളുടെ ഓര്‍മ്മകളും മരിക്കാതെ എന്നില്‍ നില്‍ക്കുന്നു...!!

ഒന്നര മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ഒറ്റപ്പാലത്തെ ആ വീട്ടില്‍ എത്തി...നല്ല സ്വീകരണം, നല്ല പെരുമാറ്റം, എല്ലാവരില്‍ നിന്നും..കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കി...

ആടാം പാടാം ആരോമല്‍ ചേകവര്‍ പണ്ടങ്കം..
ചിത്രം: ആരോമല്‍ ഉണ്ണി സംഗീതം: ദേവരാജന്‍ മാസ്റ്റര്‍ രചന: വയലാര്‍
എന്‍റെ വീര കഥകള്‍ പാടി ആ വീട്ടുകാരെ അച്ഛനും അമ്മയും കോള്‍മയിര്‍ കൊള്ളിച്ചു...ചായയുടെയും ചിപ്സിന്റെയും അകമ്പടിയോടു കൂടെ ഞാനും അത് ആസ്വദിച്ചു...ചിപ്സ് അത്ര പോരായിരുന്നു ട്ടോ...ഇനിമുതല്‍ കാറ്റ് കയറാത്ത പാത്രത്തില്‍ ഇട്ട് വക്കാന്‍ ശ്രദ്ധിക്കണം...!!

പെരിയാറെ പെരിയാറെ, പര്‍വ്വത നിരയുടെ പനിനീരേ...
ചിത്രം: ഭാര്യ സംഗീതം: ദേവരാജന്‍ മാസ്റ്റര്‍ രചന: വയലാര്‍
സ്ഥലത്തില്ലാതെ പോയ ആ പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു തന്നു.. തനി നാടന്‍ പെണ്‍കുട്ടി...കാഴ്ച്ചയില്‍ ഒരു ഗ്രാമത്തിന്‍റെ എല്ലാ വിശുദ്ധിയും ഉണ്ട്... എനിക്ക് സുന്ദരിയായും അനുഭവപ്പെട്ടു...ഒരു തനി മലയാളിപ്പെണ്,,,!! (തനിക്കൊണം പടച്ചോനറിയാം)

ഇപ്പോള്‍ ബാംഗ്ലൂരില്‍ ഉള്ള പെണ്‍കുട്ടിയെ അവധി കഴിഞ്ഞു തിരിച്ചെത്തി നേരിട്ട് കാണാം എന്ന് തീരുമാനിച്ചു...വീട്ടുകാര്‍ തമ്മിലും താല്‍പ്പര്യം അറിയിച്ചു... കാണാന്‍ മനോഹരമായ ആ നാട്ടില്‍ നിന്നും മടങ്ങിയപ്പോള്‍ വല്ലാത്ത ഒരു സന്തോഷം...!!

പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ...
ചിത്രം: അനുഭവങ്ങള്‍ പാളിച്ചകള്‍ സംഗീതം: ദേവരാജന്‍ മാസ്റ്റര്‍ രചന: വയലാര്‍...
ഒരു ദിവസം കഴിഞ്ഞു അവരുടെ വീട്ടില്‍ നിന്നും വിളി വന്നു.. പതിവിനു വിപരീതമായി ഇത്തവണ മറുഭാഗത്ത്‌ നിന്നും സത്യസന്ധമായ മറുപടി വന്നു...പെണ്ണിന് താല്പര്യം ഇല്ല...!! എന്‍റെ ഫേസ്ബുക്ക്‌ എങ്ങാനും കണ്ടു കാണുമോ, അതോ എന്നെക്കുറിച്ച് കാര്യമായി അന്വേഷിച്ചോ...?? എന്തായാലും അത് ഒരു തീരുമാനം ആയി...
 ഇനി അല്‍പ്പം ഫിലോസഫിക്കല്‍ ആവാം അല്ലെ, പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ...പ്രപഞ്ച സൃഷ്ടികളെ പറയൂ പ്രകാശമകലെയാണോ...??

No comments: