Wednesday, June 5, 2013

ചീറ്റി പോയ പ്രതികാരം..

ഇളയൂര്‍ സമരണകള്‍ പൊടി തട്ടി പുറത്തു വന്നു കൊണ്ടിരിക്കുന്നു..
അന്ന് ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം..പാംസ് എന്നും കൊട്ടുപറ്റ എന്നും പേരുള്ള അമ്മാവന്മാരുടെ വീടുകളിലും പുളിയക്കോട് എന്ന അയല്പക്കത്തിലും മാത്രം ടി വി ഉണ്ടായിരുന്ന കാലം..അവിടങ്ങളില്‍ എല്ലാം ടി വി ക്ക് മുന്‍പില്‍ ഞായറാഴ്ചകളില്‍ ആ നാട്ടുകാര്‍ നിറഞ്ഞു...അമ്മാവന്മാരുടെ വീടുകളില്‍ വി ഐ പി ഇടങ്ങളില്‍ തന്നെ ഞാനും ഉണ്ടായിരുന്നു, പക്ഷെ പുളിയക്കൊടില്‍ സമയത്തെത്തിയില്ലെങ്കില്‍ പിന്നെ എനിക്ക് ജനലില്‍ തൂങ്ങി മഹത്തായ ദൂരദര്‍ശന്‍ പരിപാടികള്‍ കാണേണ്ടി വന്നു...പ്രതികരണം അടക്കം...!!!

അതിനിടയില്‍ ആണ് ചോലക്കല്‍ എന്ന ഞങ്ങളുടെ വീട്ടില്‍ അച്ഛന്‍ ഗള്‍ഫില്‍ നിന്നു പതിനാല് ഇഞ്ചിന്റെ വീടിയോക്കോണ്‍ കൊണ്ട് വരുന്നത്..ഇരുപതു അടി നീളമുള്ള ആന്റിന കുന്നുമ്പുറത്തെ പുളിയുടെ മുകളില്‍ ചേര്‍ത്ത് കെട്ടി ഞങ്ങളും ദൂരദര്‍ശനെ വീട്ടില്‍ എത്തിച്ചു..എന്‍റെ വീട്ടിലും അത് കാണാന്‍ ആളുകള്‍ നിറഞ്ഞു..ഞായറാഴ്ച സിനിമകളും ശക്തിമാനും ടെന്‍വര്‍ ദ ലാസ്റ്റ് ഡിനോസറും ഓം നമശിവായയും ജയ് ഹനുമാനും എല്ലാം വീട്ടില്‍ ഉത്സവ പ്രതീതി ജനിപ്പിച്ചു...

അതേ കാലഘട്ടത്തില്‍ ആണ് എന്നില്‍ ആദ്യമായി പ്രണയവും പൂവിട്ടത്..വണ്‍വേ തന്നെ..!! ക്ലാസ്സിലെ ഒരു കറുത്ത സുന്ദരിയോട്‌.., ഒരു വൃത്തികെട്ട നേരത്ത് ഞാന്‍ അറിഞ്ഞു അവള്‍ സ്നേഹിക്കുന്നത് എന്‍റെ നാട്ടുകാരനായ മറ്റൊരു പയ്യനോടാണ് എന്ന്...അവനാണെങ്കില്‍ എന്നും ടി വി കാണാന്‍ എന്‍റെ വീട്ടിലും വരും...

എന്‍റെ ഉള്ളിലെ വില്ലന്‍ സടകുടഞ്ഞു എഴുനേറ്റു...ആദ്യം അവളുടെ സഹോദരനെ വച്ച് ആ പ്രേമം തകര്‍ക്കാന്‍ ശ്രമിച്ചു...നടന്നില്ല എന്ന് മാത്രമല്ല അവള് പിന്നെ എന്‍റെ മുഖത്ത് പോലും നോക്കാതെയായി...അതിനിടെ എന്‍റെ ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞു, റിമോട്ട് ഉപയോഗിക്കുമ്പോള്‍ അതിലെ വികിരണങ്ങള്‍ കാന്‍സര്‍ രോഗം ഉണ്ടാക്കും എന്ന്...അത് എനിക്കൊരു പുതിയ അറിവായിരുന്നു...!!

ഐഡിയ..!! മനസ്സില്‍ ബള്‍ബ്‌ കത്തി...അന്നുമുതല്‍ എന്നും അവളുടെ കാമുകന്‍ എന്‍റെ വീട്ടില്‍ ടി വി കാണാന്‍ വന്ന എല്ലാ ദിവസവും ഞാന്‍ അവന്റെ പുറകില്‍ ഇരുന്നു...എന്‍റെ നിയന്ദ്രണത്തില്‍ ആയിരുന്നു റിമോട്ട്, ദൂരദര്‍ശന്‍ മാത്രം ഉള്ള അക്കാലത്തു റിമോട്ടിന് വലിയ റോള്‍ ഇല്ലെങ്കിലും ...

പുറകില്‍ ഇരുന്നു അവന്റെ തലക്കടുത്തു വച്ച് ഞാന്‍ റിമോട്ടില്‍ ഞെക്കി കൊണ്ടിരുന്നു...വരുന്നെങ്കില്‍ ബ്രെയിന്‍ കാന്‍സര്‍ തന്നെ വന്നോട്ടെ...!! ചെറു പ്രായത്തിലെ ദുഷ്ട മനസ്സിന് എന്നും നിഷ്കളങ്കതയുടെ നിറവും ഗുണമാണ്...അതുകൊണ്ട് തന്നെ ഇന്നും അയാള്‍ കാന്‍സര്‍ പോയിട്ട് ഒരു ജലദോഷ പനി പോലും ഇല്ലാതെ ജീവിക്കുന്നു...!!

മനസ്സില്‍ ഇന്നും അതോര്‍ക്കുമ്പോള്‍ ഒരു പരസ്യം ഓര്‍മ്മ വരും, ബ്രിട്ടാനിയ അവതരിപ്പിക്കുന്നു ജയ് ഹനുമാന്‍, ടിന്‍ ടിന്റി ടിംഗ്..."മംഗലമീ ജന്മം..മംഗളം..."

പിന്‍കുറിപ്പ്: എന്‍റെ ആറാം ക്ലാസ്സിലെ കാമുകിയും അവളുടെ കാമുകനും ഇപ്പൊ സുഗമായി കല്യാണം കഴിച്ചു ജീവിക്കുന്നു..വേറെ വേറെ ആളുകളെയാണ് എന്ന് മാത്രം....ഞാന്‍ ഇത് വരെ കെട്ടിയിട്ടും ഇല്ല...!!

1 comment:

Shruthi said...

മഹത്തായ ദൂരദര്‍ശന്‍ പരിപാടികള്‍ കാണേണ്ടി വന്നു...പ്രതികരണം അടക്കം...!!!