Tuesday, July 9, 2013

എന്നെ തോല്‍പ്പിച്ച ടെക്നോളജി

പരിചിതമല്ലാതിരുന്ന പല ജീവിത രീതികളും ചുറ്റുപാടുകളും ശീലങ്ങളും മര്യാദകളും ഒക്കെ ഇന്‍ഫോസിസില്‍ പോയതിനു ശേഷം പഠിക്കാന്‍ തുടങ്ങി...പൊതുസ്ഥലങ്ങളിലെ വൃത്തിശീലങ്ങളും, തിരക്കുള്ള സ്ഥലങ്ങളില്‍ വരി നില്‍ക്കാനുള്ള അച്ചടക്കവും, തീന്‍ മേശ മര്യാദകളും മറ്റും അതില്‍ ചിലതാണ്...അവിടുത്തെ ആദ്യ ദിനങ്ങളില്‍ എനിക്ക് ഒരു  അത്ഭുത ലോകത്തെത്തിയ ആശ്ചര്യമായിരുന്നു...പുതിയ രീതികള്‍ ഒന്നൊന്നായി മനസ്സിലാക്കാന്‍ തുടങ്ങി...ഒന്നാമത്തെ ദിവസം തന്നെ ഒരു താല്‍ക്കാലിക ഐ ഡി കാര്‍ഡും കൂടെ ഒരു ആക്സെസ് കാര്‍ഡും തന്നു...

"ഐ ഡി കാര്‍ഡ്‌ ഒക്കെ, ഈ ആക്സസ് കാര്‍ഡ്‌ എന്തിനാ?? " 

ഞാന്‍ സ്വയം ചോദിച്ച ചോദ്യത്തിന് എച് ആര്‍ മറുപടി തന്നു...ഏതു ഓഫീസ് കെട്ടിടത്തില്‍ കയറുമ്പോഴും അതിനു മുന്‍വശത്തുള്ള മെഷിനില്‍ ഈ ആക്സെസ് കാര്‍ഡ്‌ കാണിക്കണം...ഓഫീസില്‍ ഹാജര്‍ എടുക്കുന്നത് അങ്ങനെയാണത്രേ... മേലധികാരിയുടെ മുന്‍പില്‍ നിവര്‍ത്തി വച്ചിരിക്കുന്ന രജിസ്റ്ററില്‍ ഒപ്പിട്ടു ജോലിക്ക് കയറുന്ന എന്‍റെ ഭാവനാ ചിത്രം കത്തി ചാമ്പലായി...

അന്നുച്ചക്കു ഊണ് കഴിക്കാന്‍ ഓഫീസിലെ ഫുഡ്‌ കോര്‍ട്ടില്‍ പോയി...രാവിലെ നേരം വൈകിയ വെപ്രാളത്തില്‍ ഒന്നും കഴിച്ചിരുന്നില്ല...നല്ല വിശപ്പ്‌...., ഇന്ന് ബിരിയാണി തന്നെ തട്ടാം....!!

"കൈ കഴുകണോ..?"

"പിന്നെ, വയറ്റില്‍ പുഷ് പുള്‍ ട്രെയിന്‍ ഓടി കളിക്കുമ്പോഴാ ഒരു കൈ കഴുകല്‍..!!,..!"

ചോദ്യവും ഉത്തരവും എന്‍റെ വക തന്നെ...ബിരിയാണി മേടിച്ചു അധികമായില്ല, കോഴിക്കാലുമായി കൊടിയ യുദ്ധം...!! ഞാന്‍ തന്നെ ജയിച്ചു...ബിരിയാണി കലാസ്...!! ഇനി കൈ കഴുകാതെ വയ്യ... പ്ലേറ്റ് എടുത്തു കഴുകാന്‍ കൊടുത്തതിനു ശേഷം വാഷ് റൂമില്‍ പോയി...കൈ കഴുകാന്‍ ടാപ്പിനടുത്തു പോയപ്പോ ഒരൊറ്റ ടാപ്പിനും തിരിക്കാനുള്ള "സുന" ഇല്ല...!! 

"പണി പാളിയോ..?? നക്കി തുടക്കേണ്ടി വരുമോ...?" വഴിയെന്താണെന്ന് ആലോചിച്ച സമയത്താണ്, ടാപ്പിനു താഴെ ഒരു ചുവന്ന ലൈറ്റ് കണ്ടത്...അതേ, അത് തന്നെ...!! ഹാജര്‍ എടുക്കാന്‍ വച്ചിരുന്ന മെഷീനിലും ഇതുപോലെ ഒരു ചുവന്ന ലൈറ്റ് ഉണ്ടായിരുന്നു...!! യുറേക്കാ...!!

കഴുത്തില്‍ ഞാട്ടിയിട്ട അക്സെസ് കാര്‍ഡ്‌ ഇടതു കൈകൊണ്ടു എടുത്തു ടാപ്പിനു താഴെയുള്ള ലൈറ്റിനു നേരെ കാണിച്ചു...ടാപ്പില്‍ വെള്ളം വരാനും തുടങ്ങി...!!

"യു ഡിഡ് ഇറ്റ്‌ മാന്‍...,...!!" 

എനിക്ക് എന്നെ കുറിച്ച് തന്നെ അഭിമാനം തോന്നി...മറ്റൊരാളുടെ സഹായമില്ലാതെ ഇതൊക്കെ പഠിച്ചെടുത്ത എന്നെ കുറിച്ച് വേറെ എന്ത് തോന്നാനാണ്...അങ്ങനെ കയ്യും വായും കഴുകി അഭിമാനത്തോടെ നിന്നപ്പോഴാണ് ശ്രദ്ധിച്ചത്, ഒരുത്തന്‍ അവിടെ എന്‍റെ ഈ ചെയ്തികള്‍ കണ്ടു നിര്‍ത്താതെ ചിരിക്കുന്നു...

"സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അല്ലെ, ചെറിയ വട്ട് എന്തായാലും കാണും..!!" എന്നുകരുതി ഞാന്‍ കൈ തുടച്ചു കൊണ്ടിരുന്നപ്പോള്‍ അവന്‍ പിന്നേം ചിരിച്ചു കൊണ്ട് തന്നെ ടാപ്പിനടുത്തു വന്നു വെറുതെ കൈ കാണിച്ചതെ ഉള്ളൂ, അത്ഭുതം എന്ന് പറഞ്ഞാല്‍ മതിയല്ലോ.... 'ഷറ ഷറാ'ന്നു വെള്ളം വരാന്‍ തുടങ്ങി...!!

ഓട്ടോമാറ്റിക്ക് ടാപ്പ്‌ എന്നൊരു സംഗതി ഉണ്ടെന്നും അതിനു മുന്‍പില്‍ അക്സെസ്സ് കാര്‍ഡ്‌ അല്ല കൈ ആണ് കാണിക്കേണ്ടതെന്നും എന്നെ നോക്കി ചിരിച്ചുകൊണ്ട് പോയവനല്ല വട്ട് എന്നും അന്നെനിക്ക് മനസ്സിലായി....!! ഹോ ഈ ടെക്നോളജി പോയ ഒരു പോക്കേ...!! 

1 comment:

Shruthi said...

ha ha....kalakki